«

»

Print this Post

ഹജ്ജിനും ഉംറക്കും പോകുന്നവരുടെ ശ്രദ്ധയ്ക്ക്‌: പണം നഷ്ടപ്പെടാതിരിക്കാന്‍ എജെന്റിനോട് ചോദിക്കേണ്ട 23 ചോദ്യങ്ങള്‍

നല്ല ഒരു സംഘത്തില്‍ കൂടി വന്നു ഹജ്ജ്‌ / ഉംറ ചെയ്തു പോകുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

അംഗീകാരമില്ലാത്ത എജെന്റുമാരെ വിശ്വസിച്ചു പണം നല്‍കിയ പലര്‍ക്കും പണവും അവസരവും നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ ആയാല്‍ ഇടയ്ക്കിടെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എജെന്റിന്റെ ഉത്തരവാദിത്വക്കുറവ്, പരിചയക്കുറവു, ആവശ്യമായ സൌകര്യങ്ങള്‍ ചെയ്തു തരുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ എന്നിവ മൂലം മനസമാധാനം നഷ്ടപ്പെട്ടു കര്‍മങ്ങളുടെ പവിത്രത കൂടി നഷ്ടപ്പെടുന്ന അവസരങ്ങള്‍ നിരവധിയാണ്. പണം കൊടുത്തു സീറ്റ് ഉറപ്പിക്കുന്നതിന് മുന്‍പ് എജെന്റിന്റെ വിശ്വാസ്യത, അംഗീകാരം എന്നിവ കൂടി അന്വേഷിച്ചു ഉറപ്പാക്കേണ്ടതുണ്ട്.

രണ്ടു തരം എജെന്റുമാരെയാണ് സാധാരണയായി കാണുന്നത്. ഒന്നാമതായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി പത്രമുള്ള അംഗീകൃത എജെന്റ്റ്‌. മറ്റൊന്ന് അവരുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അംഗീകാരമില്ലാത്ത സബ് എജെന്റുമാര്‍. ഈ സബ് എജെന്റുമാര്‍ ആണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്‌. സബ് എജെന്റുമാര്‍ ആളുകളെ അവരുടേതായ രീതിയില്‍ ശേഖരിച്ചു അവരുടെ പാസ്സ്പോര്‍ട്ടുകളും മറ്റു പേപ്പറുകളും ശേഷമുള്ള പേപ്പര്‍ ജോലികള്‍ക്ക് വേണ്ടി അംഗീകൃത എജെന്റിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുക. ഇത് നിയമപരമല്ല. പോകാന്‍ സാധിച്ചില്ലെങ്കില്‍ നിയമപരമായി പണം ഈടാക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

പണം കൈമാറുന്നതിനു മുന്‍പ് പല കാര്യങ്ങളും നിങ്ങളുടെ എജെന്റിനോട് ചോദിച്ചു വ്യക്തത വരുത്തുന്നത് ഭാവിയിലുള്ള പല ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. സൌദിയിലെ ഹജ്ജ്‌ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായും ചോദിക്കേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

 1.  നിങ്ങള്‍ ലൈസന്‍സ്‌ ഉള്ള എജെന്റ്റ്‌ ആണോ അതോ സബ് എജെന്റോ?
 2. നിങ്ങള്‍ സബ് എജെന്റ്റ്‌ ആണെങ്കില്‍, നിങ്ങളുടെ ലൈസന്‍സുള്ള എജെന്റ്റ്‌ ആരാണ്?
 3. നിങ്ങളാണോ, അതോ പ്രധാനപ്പെട്ട എജെന്റാണോ ഞങ്ങളുടെ താമസസൗകര്യത്തിനു ഉത്തരവാദപ്പെട്ടവര്‍?
 4. പാക്കേജിന്റെ ഡേറ്റ് ഏതാണ്?
 5. ഈ ഡേറ്റിനു നിങ്ങള്‍ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്തിട്ടുണ്ടോ? ടിക്കെറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ടോ?
 6. ഏതു വിമാന കമ്പനിയുടെ ടിക്കെറ്റ് ആണ് ബുക്ക്‌ ചെയുതിട്ടുള്ളത്?
 7. നിങ്ങള്‍ ബുക്ക്‌ ചെയ്തിട്ടുള്ളത് സൌദിയിലേക്ക് നേരിട്ടുള്ള വിമാനമാണോ അതോ കണക്ഷന്‍ ഫ്ലൈയ്റ്റ്‌ ആണോ?
 8. ഗ്രൂപ്പിനെ നിങ്ങളുടെ ഭാഗത്ത്‌ നിന്നും ആരെങ്കിലും അനുഗമിക്കുന്നുണ്ടോ?
 9. നിങ്ങളുടെ പാക്കേജിനെ സംബന്ധിച്ച  എന്തെങ്കിലും നോട്ടീസോ, ലീഫ്‌ലെറ്റ് എന്നിവ എനിക്ക് തരാമോ?
 10. ഏതു തരത്തിലുള്ള താമസ സൌകര്യമാണ് നിങ്ങള്‍ ഒരുക്കുന്നത്? അത് മുന്‍കൂട്ടി ബുക്ക്‌ ചെയ്തിട്ടുണ്ടോ?
 11. താമസ സൌകര്യത്തെകുറിച്ചുള്ള നിങ്ങളുടെ വാഗ്ദാനം എഴുതി തരാമോ?
 12. ഒരു റൂമില്‍ എത്ര പേരാണ് ഉണ്ടാവുക? പ്രസ്തുത റൂമില്‍ നിന്നും ‘ഹറ’മിലെക്കുള്ള ദൂരം എത്രയാണ്?
 13. ഒരു ഗ്രൂപ്പില്‍ എത്ര പേരാണ് ഉള്ളത്? അവരെ സഹായിക്കാന്‍ നിങ്ങളുടെ ഭാഗത്ത്‌ നിന്നും എത്ര പേരാണ് ഉള്ളത്?
 14. മക്കയിലും മദീനയിലും നിങ്ങള്‍ ഭക്ഷണം നല്‍കുമോ?
 15. മിനയില്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ? (ഹജ്ജ്‌)
 16. മിനയില്‍ നിന്നും തിരിച്ചും നിങ്ങളുടെ സ്വന്തം വാഹന സൗകര്യം ഏര്‍പ്പാടാക്കുമോ?  (ഹജ്ജ്‌)
 17. നിങ്ങളുടേതായ അമീര്‍/ഇമാം ഗ്രൂപ്പിന്റെ കൂടെ ഉണ്ടാകുമോ?
 18. നിങ്ങള്‍ക്കോ നിങ്ങളുടെ സഹായികള്‍ക്കോ അറബി ഭാഷ കൈകാര്യം ചെയ്യാന്‍ സാധിക്കുമോ?
 19. നിങ്ങളുടെ പാക്കേജില്‍ ബലിമൃഗത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?  (ഹജ്ജ്‌)
 20.  ജമ്രയിലെ കല്ലെറിയാനുള്ള ഒരുക്കങ്ങള്‍ എന്താണ് നിങ്ങള്‍ ഏപ്പെടുത്തിയിട്ടുള്ളത്?  (ഹജ്ജ്‌)
 21. അറഫയില്‍ ഏതു തരത്തിലുള്ള താമസ സൌകര്യമാണ് ഒരുക്കിയിട്ടുള്ളത്?  (ഹജ്ജ്‌)
 22. അറഫയില്‍ നിങ്ങള്‍ ഭക്ഷണം വിതരണം ചെയുമോ?  (ഹജ്ജ്‌)
 23. മക്കയില്‍ നിന്നും മദീനയിലേക്ക് നിങ്ങള്‍ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടോ?

ഈ ചോദ്യങ്ങളെല്ലാം ചോദിച്ചു തൃപ്തികരമായ മറുപടിയാണ് നല്‍കുന്നത് എന്ന് ഉറപ്പു വരുത്തിയിട്ടു വേണം പണം കൈമാറുന്നത്. പണം കൈമാറുന്നതിനും വ്യക്തമായ രേഖകള്‍ കൈപ്പറ്റണം. വാക്കാലുള്ള ഒരു ഉറപ്പുകള്‍ക്കും ഭാവിയില്‍ നിയമത്തിന്റെ മുന്നില്‍ വിലയില്ല എന്നോര്‍ക്കുന്നത് നന്ന്.

Permanent link to this article: http://pravasicorner.com/?p=1536

Copy Protected by Chetan's WP-Copyprotect.