യാമ്പുവില്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മാധ്യമ സംഗമം ശ്രദ്ധേയം

 

y
യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തില്‍ നിന്ന്

 

സൗദി അറേബ്യ/യാമ്പു: ‘നവ മാധ്യമങ്ങള്‍: ഇടവും ഇടപെടലുകളും’ എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ സംഘടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ സംഗമം ശ്രദ്ധേയമായി. പുതു തലമുറ മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫേസ് ബുക്കും, ട്വിറ്ററും ന്യൂസ് പോര്‍ട്ടലുകളും എല്ലാം സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തുമ്പോഴും അച്ചടി മാധ്യമങ്ങളും വാര്‍ത്താ ചാനലുകളും പൂര്‍വ്വോപരി പ്രാധാന്യത്തോടെ നില നില്‍ക്കുന്നുവെന്നു സംഗമത്തില്‍ അഭിപ്രായമുണര്‍ന്നു.

പിന്നണിക്കാരുടെ കല്‍പ്പിത അജണ്ടകള്‍ക്ക് അപ്പുറം കടക്കാനാവത്തതാണ് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പോരായ്മയെങ്കിലും ഇന്നും വാര്‍ത്തകളുടെയും വിവരങ്ങളുടെയും ആധികാരിക സ്രോതസ്സായി ഇവ സജീവമാണ്. വാര്‍ത്തകളുടെ ജനാധിപത്യപരമായ ഇടപെടലുകളും തിരുത്തലുകളുമായി നവമാധ്യമങ്ങളുടെ സാധ്യത പുതിയ തലമുറയില്‍ ഏറി വരുന്നതായി വ്യത്യസ്ത സംഭവങ്ങളുടെ ഉദാഹരണത്തോടെ പങ്കെടുത്തവര്‍ സമര്‍ഥിച്ചു.

മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ജനാധിപത്യ പരവുമായി മാറ്റിയതില്‍ സോഷ്യല്‍ മീഡിയകള്‍ ഏറെ പങ്കു വഹിച്ചുവെന്ന് സംഗമം വിലയിരുത്തി.

സാമൂഹിക പ്രതിബദ്ധതയോടെയും സേവന മുഖത്തോടും സമൂഹവുമായി സംവദിക്കുന്നതാവണം ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനമെന്നും ധാര്‍മ്മിക മൂല്യങ്ങള്‍ ചവിട്ടി മെതിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ പ്രതിഷേധാര്‍ഹമാണെന്നുള്ള അഭിപ്രായം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. .

ആധുനിക സംവിധാനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതിനു പകരം നവമാധ്യമങ്ങള്‍ നല്‍കുന്ന ഇടം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും നന്മയുടെയും ധാര്‍മ്മികതയുടെയും പക്ഷത് നിലയുറപ്പിക്കുവാനും പുതിയ തലമുറ രംഗത്ത് വരേണ്ടതുട് എന്ന് സംഗമം ആഹ്വാനം ചെയ്തു.

പ്രശസ്ത ബ്ലോഗ്ഗര്‍മാരായ ആക്ബര്‍ വാഴക്കാട്, എം,ടി മനാഫ്, പ്രവാസി കോര്‍ണര്‍ ഡോട്ട് കോം ചീഫ് എഡിറ്റര്‍ അഡ്വ.ഷിയാസ് കുഞ്ഞിബാവ, ഫേസ് ബുക്ക്‌ ആക്റ്റിവിസ്റ്റുകളായ വെളിയം ഹാരിസ് ഖാന്‍, അനീസുദ്ദീന്‍ മാസ്റ്റര്‍, നിഷാദ് അഹമ്മദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക യാമ്പു ലേഖകന്‍ അബ്ദുള്‍ കരീം പുഴക്കാട്ടിരി, ഗള്‍ഫ് ദേശാഭിമാനി ലേഖകന്‍ സാബു വെളിയം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ എക്സിക്യൂട്ടീവ് അംഗം ജാബിര്‍ വാണിയമ്പലം മോഡറേറ്റര്‍ ആയിരുന്നു. യൂത്ത് ഇന്ത്യ യാമ്പു ചാപ്റ്റര്‍ പ്രസിഡന്റ് സിയാ ഉല്‍ ഹഖ് സ്വാഗതവും ഇര്‍ഫാന്‍ നൗഫല്‍ നന്ദിയും പറഞ്ഞു.

സി കെ അബ്ദുള്‍ റഹിമാന്‍, ഷൌക്കത്ത്, റായിദ്, നിസാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.  

 

Copy Protected by Chetan's WP-Copyprotect.