ജിദ്ദയില്‍ റോഡുകളിലും മറ്റു പൊതു സ്ഥലങ്ങളിലും വെച്ച് വാഹനങ്ങള്‍ കഴുകുന്നവര്‍ക്ക് ഭീമമായ പിഴ

0
2

 

car wash

 

സൗദി അറേബ്യ/ജിദ്ദ: റോഡില്‍ കാര്‍ കഴുകുന്നവരെ പിടി കൂടാന്‍ ജിദ്ദ മുനിസിപ്പാലിറ്റിയുടെ പരിശോധനാ വിഭാഗം രംഗത്ത്. ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും വെച്ച് കാര്‍ കഴുകല്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനും ജല ഉപയോഗത്തെ സംബന്ധിച്ചും ശുചിത്വത്തെ സംബന്ധിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതുനും വേണ്ടിയാണ് പുതിയ നീക്കം. 

വാഹനങ്ങള്‍ ഇനി മുതല്‍ സര്‍വീസ് സെന്‍ററുകളിലും കാര്‍ വാഷ് സെന്‍ററുകളിലും കഴുകുന്നതിനാണ് മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം. തെരുവില്‍ വെച്ചും വീടിനു പുറത്തു വെച്ചും കാറുകള്‍ കഴുകുന്നവര്‍ക്ക് ഭീമമായ പിഴ ചുമത്തും. നിയമ ലംഘനം കണ്ടു പിടിക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ പരിശോധനാ സംഘങ്ങള്‍ തെരുവുകളിലും ജനവാസ കേന്ദ്രങ്ങളിലും പട്രോളിംഗ് നടത്തും. 

തുച്ഛമായ വരുമാനം ലഭിക്കുന്ന തൊഴിലാളികളുടെ മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗമാണ് കാര്‍ കഴുകല്‍. അനധികൃത താമസക്കാരും മറ്റിടങ്ങളില്‍ ജോലി ലഭിക്കാത്തവരും സ്പോണ്‍സര്‍മാറില്‍ നിന്നും ഒളിച്ചോടിയവരും ഇത്തരത്തില്‍ വരുമാനമുണ്ടാക്കുന്നുണ്ട്. നഗരത്തില്‍ ശുചീകരണ ജോലി ചെയ്യുന്ന ഏതാണ്ടെല്ലാ തൊഴിലാളികളും ഇത്തരം ജോലികള്‍ ചെയ്യുന്നവരാണെന്നാണ് മുനിസിപ്പാലിറ്റിയുടെ നിഗമനം. 

പ്രതിമാസം 50  മുതല്‍ 100 റിയാല്‍ വരെയാണ് വാഹന ഉടമകളില്‍ നിന്ന് ഇവര്‍ ഈടാക്കുന്നത്. ഒരു തവണ വാഹനം കഴുകുന്നതിന്‌ വാഹനത്തിന്റെ വലിപ്പമനുസരിച്ച് 10 മുതല്‍  20 റിയാല്‍ വരെ ഈടാക്കുന്നു.