കാറോടിച്ച വനിതയെ മദീനയില്‍ പോലീസ് പിടികൂടി

0
1

 

cc

 

സൗദി അറേബ്യ/മദീന: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് ലംഘിച്ചു വാഹനമോടിച്ച വനിതയെ ട്രാഫിക് പോലീസ് പിടികൂടിയ വാര്‍ത്ത മദീന ട്രാഫിക് പോലീസ് മേധാവി മുഹമ്മദ്‌ ബിന്‍ അജിലാന്‍ അല്‍ ഷിനബാരി സ്ഥിരീകരിച്ചു. 

മദീന നഗര പ്രാന്തതിലൂടെ ജി എം സി കാര്‍ ഓടിച്ചിരുന്ന 40 വയസ്സുകാരിയാണ് പോലീസിന്റെ പിടിയിലായത്. പിടികൂടുന്ന സമയത്ത് വാഹനത്തില്‍ ഇവരുടെ രണ്ടു ആണ്‍ മക്കളും ഉണ്ടായിരുന്നു. സ്ത്രീ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പോലീസിന്റെ പട്രോള്‍ സംഘം വാഹനം തടഞ്ഞു നിര്‍ത്തി കാറിലുണ്ടായിരുന്ന  പ്രായപൂര്‍ത്തിയായ മകനെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു.

മകനോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ ഇവരില്‍ നിന്ന് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ ഈടാക്കി. ഭാവിയില്‍ നിയമ ലംഘനം നടത്തില്ല എന്നുള്ള ഉറപ്പും എഴുതി വാങ്ങിയതിനു ശേഷമാണ് ഇവരെ വിട്ടയച്ചത്.