സൗദിയില്‍ വേതന സംരക്ഷണ നിയമത്തിന്‍റെ മൂന്നാം ഘട്ടം ആരംഭിച്ചു

 

MOL1

 

സൗദി അറേബ്യ: തൊഴിലാളികള്‍ക്ക് ശമ്പളം യഥാസമയം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ച വേതന സംരക്ഷണ നിയമത്തിന്റെ  മൂന്നാം ഘട്ടം മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആയിരം ജോലിക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ക്കാണ് ഈ നിയമം ബാധകമാകുക.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അവര്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള ശമ്പളം യഥാസമയം ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയുമാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തൊഴില്‍ കരാറില്‍ കാണിച്ചിട്ടുള്ള വേതനം തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഈ നിയമം കൊണ്ട് സാധിക്കും.

തൊഴില്‍ കരാര്‍ പ്രകാരമുള്ള ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പദ്ധതിയാണിത്. ഇതിലൂടെ ദേശീയ തലത്തില്‍ തൊഴിലാളികളുടെ ഫലപ്രദമായ ഡാറ്റ ബേസ് ഉണ്ടാക്കാനും തൊഴില്‍ മന്ത്രാലയത്തിനു സാധിക്കും.

ഒന്നാം ഘട്ടം 2013 ജൂലൈയിലും രണ്ടാം ഘട്ടം 2013 ഡിസംബറിലും നിലവില്‍ വന്നിരുന്നു. അടുത്ത ഘട്ടത്തില്‍ ഈ നിയമം 500 ജീവനക്കാരില്‍ കൂടുതലുല കമ്പനികള്‍ക്കും ബാധകമാക്കും. ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കാതെ സൗദി സ്കൂളുകള്‍ക്കും വിദേശ സ്കൂളുകള്‍ക്കും ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. ഇത് പ്രകാരം ജീവനക്കാരുടെ എണ്ണം എത്ര തന്നെ കുറവാണെങ്കിലും സ്കൂളുകള്‍ ജീവനനക്കാര്‍ക്ക് ശമ്പളം ബാങ്ക് അക്കൌണ്ടുകള്‍ വഴി നല്‍കേണ്ടി വരും.

ഈ നിയമ പ്രകാരം ശമ്പളം അക്കൌണ്ടുകള്‍ വഴി വിതരണം ചെയ്തു അതിനെ സാധൂകരിക്കുന്ന രേഖകള്‍ ഓണ്‍ലൈന്‍ വഴി തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിക്കണം. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യേകം തയ്യാറാക്കുന്ന ഓണ്‍ലെയിന്‍ അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ തൊഴിലുടമ മന്ത്രാലത്തിന് നല്‍കേണ്ടി വരും. തൊഴിലാളിയുടെ പേര്, മൊത്തം ശമ്പളം, തൊഴിലാളിയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍, ഇഖാമ നമ്പര്‍, ശമ്പളം തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തിയ്യതി, ട്രാന്‍സഫര്‍ നമ്പര്, പ്രസ്തുത ട്രാന്‍സഫറിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് കമ്പനികള്‍ പ്രതിമാസം തൊഴില്‍ മന്ത്രാലയ വെബ്‌സൈറ്റിലൂടെ നല്‍കേണ്ടി വരിക.

ഈ രേഖകള്‍ മന്ത്രാലയത്തില്‍ തൊഴിലുടമകള്‍ സമര്‍പ്പിച്ച രേഖകളുമായി ഒത്തു നോക്കി അപാകതകള്‍ കണ്ടു പിടിക്കും. ഇതിലൂടെ തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും അനധികൃത തൊഴിലാളികള്‍ ജോലി ചെയ്യുന്നില്ലെന്നും മന്ത്രാലയത്തിനു ഉറപ്പു വരുത്താന്‍ സാധിക്കും. ഈ വിവരങ്ങള്‍ ഓണ്‍ലയിന്‍ വഴി തന്നെ പുതുക്കുകയും തിരുത്തുകയും ചെയ്യാവുന്നതാണ്.തൊഴിലാളിയുടെ ശമ്പളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് വെബ്‌സൈറ്റില്‍ മുന്‍പ് വിവരങ്ങളിലും മാറ്റങ്ങള്‍ വരുത്തണം.

മൂന്നു മാസത്തില്‍ കൂടുതല്‍ ഈ വിവരങ്ങള്‍ പുതുക്കാതിരുന്നാല്‍ കമ്പനികള്‍ക്ക് മേല്‍ പിഴ ചുമത്തും. കൂടാതെ പ്രസ്തുത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഇത്തരം സാഹചരെയത്തില്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്പോണ്‍സരുടെ സമ്മതം ഇല്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനു അനുവാദമുണ്ടായിരിക്കും.

 

Copy Protected by Chetan's WP-Copyprotect.