സൗദിയിലെ സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ മുന്നറിയിപ്പുമായി വീണ്ടും ഇന്ത്യന്‍ എംബസ്സി

 

1

 

28 ലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ജീവിക്കുന്ന സൗദി അറേബ്യയില്‍ ഈ രാജ്യവുമായി നില നില്‍ക്കുന്ന ഊഷ്മള ബന്ധത്തിനു ദോഷം വരത്തക്ക രീതിയിലുള്ള പ്രവര്‍ത്തനവുമായി രംഗതിറങ്ങിയിട്ടുള്ള സ്വയം പ്രഖ്യാപിത സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസ്സി വീണ്ടും രംഗത്തെത്തി. ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രകുറിപ്പിലൂടെയാണ് എംബസ്സി തങ്ങളുടെ കര്‍ശന നിലപാട് വ്യക്തമാക്കുന്നത്.  

സാമൂഹിക പ്രവര്‍ത്തകരെന്ന് സ്വയം നടിക്കുന്ന ചിലര്‍ എംബസ്സി ഒരുക്കിയിരിക്കുന്ന അഭയ കേന്ദ്രത്തിലെ അന്തേവാസികളായ ഇന്ത്യക്കാരില്‍ നിന്നും സൗദി അറേബ്യക്കെതിരെ വിമര്‍ശനാത്മകവും പ്രതിഷേധാത്മകവുമായ കാര്യങ്ങള്‍ പറയിപ്പിക്കുകയും അത് ചിത്രീകരിച്ചു വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എംബസ്സി പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവിടെ ജീവിക്കുന്ന പ്രവാസികളായ 28 ലക്ഷം ഇന്ത്യക്കാരുടെ ഭാവിയെ കരുതി ഇത്തരക്കാര്‍ ഈ പ്രവൃത്തികളില്‍ നിന്നും  പിന്മാറണമെന്നും എംബസ്സി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച നവംബര്‍ വരെ നീണ്ടു നിന്ന ഏഴു മാസക്കാലത്തെ പൊതു ഇളവ് സമയക്കാലത്ത് 14 ലക്ഷം ഇന്ത്യക്കാര്‍ക്ക് പദവി ശരിയാക്കുന്നതിനു സാധിച്ചുവന്നു എംബസ്സി അവകാശപ്പെടുന്നു. ഈ കാലയളവില്‍ തന്നെ പിഴയോ തടവ്‌ ശിക്ഷയോ കൂടാതെ 140,000 ത്തോളം ഇന്ത്യക്കാര്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തുകയും ചെയ്തു. പ്രവേശന നിരോധനമില്ലാതെ വീണ്ടും സൗദി അറേബ്യയിലേക്ക് തിരിച്ചു വരാവുന്ന രീതിയില്‍ നിയമപരമായി തന്നെയാണ് ഇവര്‍ക്ക് ഇവിടെ നിന്നും പോകാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ അബ്ദുള്ള രാജാവിനോടുള്ള നിസ്സീമമായ നന്ദി എംബസ്സി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ 600 ഓളം വരുന്ന ഇന്ത്യക്കാരായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തിനും എംബസ്സി വളരെയധികം നന്ദിയുള്ളവരാണെന്നും പത്രകുറിപ്പില്‍ പറയുന്നു.

ഇതിനൊക്കെ ശേഷവും നാട്ടില്‍ പോകാന്‍ സാധിക്കാത്തതായി അവശേഷിച്ചിരിക്കുന്നത് വളരെ കുറച്ചു പേര്‍ മാത്രമാണ്. പദവി ശരിയാക്കാനാവാതെയും നാട്ടില്‍ പോകാനാവാതെയും റിയാദിലെ തെരുവുകളില്‍ അലഞ്ഞിരുന്ന നാന്നൂറോളം ഇന്ത്യക്കാരെ ബത്ഹയില്‍ എംബസ്സി വാടകക്കെടുത്തെ കെട്ടിടത്തില്‍ പാര്‍പ്പിച്ചു. അവര്‍ക്കാവശ്യമായ ഭക്ഷണവും, വെള്ളവും വൈദ്യ സഹായവും നല്‍കി. എംബസ്സിയുടെ കഠിന പരിശ്രമത്തിന്റെ ഫലമായി അതില്‍ ഭൂരിഭാഗത്തിനും നാട് പറ്റാനായി. ആവശ്യമുള്ള കേസുകളില്‍ വിമാന ടിക്കറ്റും എംബസ്സി തന്നെ നല്‍കി.

ഇപ്പോള്‍ വെറും 82 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവര്‍ക്കാവശ്യമുള്ളതെല്ലാം ഇപ്പോഴും എംബസ്സി ഇപ്പോഴും നല്‍കി വരുന്നു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും തൊഴിലുടമകളില്‍ നിന്നും ഒളിച്ചോടി പോന്നവരും ഇവിടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരുമായതിനാല്‍ പെട്ടെന്നുള്ള തിരിച്ചു പോക്ക് എളുപ്പമല്ലാത്ത വിഭാഗത്തില്‍ പെട്ടവരാണ്. എങ്കിലും ഇവരെ ഫൈനല്‍ എക്സിറ്റില്‍  നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എംബസ്സിയിലെ അറബി ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥര്‍ തര്‍ഹീലിലും ലേബര്‍ ഓഫീസിലും കഠിന പരിശ്രമം തുടരുകയാണ്.

ഇളവു സമയ പരിധിയില്‍ 14 ലക്ഷം പേരുടെ പദവി ശരിയാക്കുന്നതിനും ഒന്നര ലക്ഷത്തിനടുത്ത് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിനും സാധിച്ച എംബസ്സിക്ക് അവശേഷിക്കുന്ന ഈ 82 പേരെ കൂടി കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് എംബസ്സി വ്യക്തമാക്കുന്നു.

ഇതിനിടയില്‍ എംബസിയുടെ അഭയ കേന്ദ്രത്തില്‍ താമസിക്കുന്ന ചിലര്‍ക്ക് ഫൈനല്‍ എക്സിറ്റ് സംഘടിപ്പിച്ചു കൊടുത്തതായും മറ്റും വിവരിച്ചു കൊണ്ടുള്ള കെട്ടിച്ചമച്ച കഥകള്‍ മാധ്യമങ്ങളില്‍ വന്നതായി എംബസ്സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തങ്ങള്‍ എംബസ്സിയുടെ ഔദ്യോഗിക പ്രതിനിധികള്‍ ആണെന്ന് കളവായി പറഞ്ഞു കൊണ്ട് സൗദി അധികാരികളുമായി ഇടപെടുന്നതായും എംബസ്സിക്ക് അറിവ് ലഭിച്ചിട്ടുണ്ട്. ഫൈനല്‍ എക്സിറ്റ് നല്‍കാമെന്നു പ്രലോഭിപ്പിച്ചു നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം അനധികൃത ഏജന്റുമാര്‍ നടത്തുന്ന ചതികളില്‍ വീണു പോകരുതെന്ന് എംബസ്സി പത്രകുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

 

You may have missed

Copy Protected by Chetan's WP-Copyprotect.