ബന്ധത്തില്‍ വിള്ളല്‍: സൗദിയും യു എ ഇ യും ബഹ്‌റൈനും ഖത്തറില്‍ നിന്ന് അംബാസഡര്‍മാരെ തിരിച്ചു വിളിക്കുന്നു

 

 

 

സൗദി അറേബ്യയും യുഎഇയും ബഹറൈനും ഖത്തറില്‍ നിന്നും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ച്‌ വിളിക്കാന്‍ തീരുമാനിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ്‌ ഏജന്‍സിയാണ് ഇക്കാര്യം സംബന്ധിച്ച മൂന്നു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പ്രസിദ്ധീകരിച്ചത്. മുപ്പതു വര്‍ഷത്തെ ദൃഡ ബന്ധത്തില്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള അസാധാരണമായ കടുത്ത നടപടി ഉണ്ടാകുന്നത്.

ജി സി സി രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളുടെ പേരിലാണ് ഈ കടുത്ത നീക്കമെന്നാണ് ഔദ്യോഗികമായ വിശദീകരണം. മറ്റു ജി സി സി രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന ജി സി സി കരാറിലെ വ്യവസ്ഥ പാലിക്കാന്‍ ഖത്തറിനു കഴിഞ്ഞിട്ടില്ലെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. അതേ സമയം ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡുമായി ഖത്തറിനുള്ള ബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും നയതന്ത്ര നിരീക്ഷകര്‍ കരുതുന്നു. ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്.

സൗദി അറേബ്യ. യു എ ഇ, ഖത്തര്‍, കുവൈറ്റ്‌. ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറു രാജ്യങ്ങളാണ് ജി സി സി എന്നറിയപ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗ രാജ്യങ്ങള്‍. ഇക്കാര്യത്തില്‍ കുവൈറ്റിന്റെയും ഒമാന്റെയും പ്രതികരണം ലഭ്യമായിട്ടില്ല.

You may have missed

Copy Protected by Chetan's WP-Copyprotect.