«

»

Print this Post

ആരോഗ്യ മന്ത്രാലയം നിലപാട് കര്‍ശനമാക്കി: വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി സൗദിയില്‍ ജോലി സമ്പാദിച്ച നഴ്സുമാര്‍ പരിഭ്രാന്തിയില്‍

 

n

 

സൗദി അറേബ്യ: വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ആരോഗ്യ മേഖലയില്‍ ജോലി സമ്പാദിച്ച വിദേശികള്‍ക്ക് എതിരെയുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കുന്നു. ഇതോടെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് വന്‍തുക നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മിച്ച്‌ ജോലി കരസ്ഥമാക്കിയ നിരവധി നഴ്സുമാര്‍ പരിഭ്രാന്തിയിലായി. സമീപ കാലത്ത്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി ജോലി സമ്പാദിച്ച രണ്ടു നഴ്സുമാര്‍ പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 

നിരവധി വര്‍ഷങ്ങളായി ജിദ്ദയില്‍ നഴ്സ് ആയി ജോലിയെടുക്കുന്ന വിദേശിയും കഴിഞ്ഞ രണ്ടു വര്‍ഷമായി കിഴക്കന്‍ മേഖലയില്‍ ജോലിയെടുക്കുന്ന വിദേശിയുമാണ് സമീപ കാലത്ത്‌ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ പിടിയിലായവര്‍,

വ്യാജ സര്‍ട്ടിഫിക്കറ്റിനു മറവില്‍ ജോലി സമ്പാദിച്ച പലരും പിടിയിലാവുന്നത് തൊഴില്‍ കരാര്‍ പുതുക്കുന്നതിന് വേണ്ടി സര്‍ട്ടിഫിക്കറ്റുകള്‍ സൗദി ഹെല്‍ത്ത്‌ സ്പെഷ്യാലിറ്റീസില്‍ സമര്‍പ്പിക്കുമ്പോഴാണ്. ആധുനിക പരിശോധനയില്‍ മുന്‍പ് അംഗീകാരം നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി വ്യാജമാണെന്ന് തിരിച്ചറിയുന്നുണ്ട്. അല്‍ ഖസീമില്‍ പിടിയിലായ നഴ്സിന്റെ സര്‍ട്ടിഫിക്കറ്റ്‌ കമ്മീഷന്‍ മുന്‍പ് അംഗീകരിച്ചിരുന്നതുമാണ്. പുതുക്കുന്നതിന് വേണ്ടി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോഴാണ് വ്യാജനാണെന്ന് തിരിച്ചറിയുന്നത്‌.

കിഴക്കന്‍ പ്രവിശ്യയില്‍ പിടിയിലായ നഴ്സിനെ നാട് കടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് അയച്ചു കഴിഞ്ഞു. വ്യാജ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതിനു ജിദ്ദയില്‍ പിടിയിലായ നഴ്സിന് ഒരു വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. ഇവര്‍ നിരവധി വര്‍ഷങ്ങളായി വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ജിദ്ദയിലെ ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്തു വരികയായിരുന്നു.

വന്‍തുക വാങ്ങി റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് ഇവര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി നല്‍കിയതെന്നും പ്രസ്തുത സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ചാണ് സൗദിയില്‍ ജോലി സമ്പാദിച്ചതെന്നും ഇവര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

നാല് മാസത്തെ ശിക്ഷ അനുഭവിച്ച ഇവരെ ഇളവിനുള്ള അപേക്ഷയും ജയിലില്‍ കഴിഞ്ഞ കാലത്തെ സല്‍സ്വഭാവവും കൂടി കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കി പിഴ ഈടാക്കി നാട് കടത്തുമെന്ന് അറിയുന്നു. 

 

Permanent link to this article: http://pravasicorner.com/?p=15599

Copy Protected by Chetan's WP-Copyprotect.