സൗദിയില്‍ തൊഴിലാളി ഉണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് തോന്നുന്ന നഷ്ട പരിഹാരം ഈടാക്കാന്‍ അനുവാദമില്ല.

 

EMP

 

തൊഴില്‍ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ മൂലം ഉണ്ടാകുന്ന നിസ്സാരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പല കമ്പനികളും സ്ഥാപനങ്ങളും വന്‍തുക നഷ്ട പരിഹാരമായി തൊഴിലാളികളില്‍ നിന്നും ഈടാക്കുന്ന പ്രവണത സൗദി അറേബ്യയിലെ പല തൊഴിലിടങ്ങളിലും കൂടി വരികയാണ്. പലപ്പോഴും തൊഴിലാളി വരുത്തുന്ന നഷ്ടത്തിനേക്കാള്‍ പതിന്മടങ്ങ്‌ തുകയാണ് പിഴയായും നഷ്ട പരിഹാരവുമായുമൊക്കെ ഈടാക്കുന്നത്.

എന്നാല്‍ ചിലപ്പോള്‍ തൊഴിലാളിയുടെ മനപ്പൂര്‍വ്വമായ കുറ്റം കൊണ്ടെല്ലെന്കിലും തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും തൊഴിലുടമം പണം ഈടാക്കുന്നു. ഇതിനെ സംബന്ധിച്ചുള്ള നിയമ വശങ്ങള്‍ അറിയാത്തതിനാല്‍ പലപ്പോഴും തൊഴിലാളിക്ക് നിശബ്ദനാവേണ്ടി വരികയോ തൊഴിലുടമ ആവശ്യപ്പെടുന്ന പണം നല്‍കേണ്ടി വരികയോ ചെയ്യേണ്ടി വരുന്നു.

തൊഴിലാളി മൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും തൊഴിലാളിയില്‍ നിന്നും പണം നഷ്ട പരിഹാരമായി ഈടാക്കാന്‍ തൊഴില്‍ നിയമം തൊഴിലുടമക്ക് അനുവാദം നല്കുന്നില്ല. അത് പോലെ തന്നെ തൊഴിലുടമക്ക് തോന്നുന്ന രേതിയില്കും അളവിലും തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും പണം ഈടാക്കാനും തൊഴില്‍ നിയമം അനുവദിക്കുന്നില്ല. പല നിബന്ധനകള്‍ക്കും വിധേയമായിട്ടാണ് പണം ഈടാക്കാനും നഷ്ടപരിഹാരത്തിന്റെ തോത് തീരുമാനിക്കാനും തൊഴിലുടമക്ക് സൗദി തൊഴില്‍ നിയമം അനുവാദം നല്‍കുന്നത്.

തന്റെ മാത്രം മനപൂര്‍വ്വമായ തെറ്റ് കൊണ്ട് തൊഴിലാളി തൊഴിലുടമയുടെ യന്ത്ര സാമഗ്രികള്‍ക്കോ ഉല്‍പ്പന്നങ്ങള്‍ക്കോ നാശനഷ്ടങ്ങള്‍ സംഭവിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് തൊഴിലുടമക്ക് നാശനഷ്ടമുണ്ടാകുകയാണെങ്കില്‍ പ്രസ്തുത തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും അത് ഈടാക്കാനാണ് തൊഴില്‍ നിയമം തൊഴിലുടമക്ക് അധികാരം നല്‍കുന്നത്.

എന്നാല്‍ തൊഴിലാളിയുടെ മനപൂര്‍വ്വമായുള്ള പ്രവൃത്തി കൊണ്ട് തന്നെയാണ് കേടുപാടുകള്‍ സംഭവിച്ചത് എന്ന് തൊഴിലുടമ ഉറപ്പു വരുത്തിയിരിക്കണം. തൊഴിലാളിയുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാരണങ്ങള്‍ കൊണ്ടോ മൂന്നാമതൊരാളുടെ ഇടപെടലുകള്‍ കൊണ്ടോ ആണ് കേടുപാടുകള്‍ സംഭവിച്ച് നഷ്ടം ഉണ്ടായിട്ടുള്ളതെങ്കില്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും ആ നഷ്ടം ഈടാക്കാന്‍ തൊഴിലുടമക്ക് അധികാരമില്ല.  

എത്ര മാത്രം തുകയാണ് തൊഴിലാളിയില്‍ നിന്നും നഷ്ടപരിഹാരമായി ഈടാക്കേണ്ടതെന്നും തൊഴില്‍ നിയമം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത യന്ത്ര സാമഗ്രി കേടുപാടുകള്‍ തീര്‍ത്തു പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനു ആവശ്യമായ തുകയാണ് ഈടാക്കാന്‍ അധികാരമുള്ളത്. എന്നാല്‍ തൊഴിലാളിയുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും അഞ്ചു ദിവസത്തില്‍ കൂടുതല്‍ ആകുന്ന തരത്തില്‍ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ പാടില്ല.

പ്രസ്തുത യന്ത്ര സാമഗ്രികളോ ഉല്‍പ്പന്നമോ തൊഴിലാളിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഉണ്ടായിരിക്കുന്ന സമയത്ത് അപകടമോ നാശനഷ്ടമോ സംഭവിച്ചാല്‍ മാത്രമാണ് പണം ഈടാക്കാന്‍ സാധിക്കുകയുള്ളൂ. തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ട് നാശനഷ്ടമുണ്ടായാലും തൊഴിലാളിയില്‍ നിന്നും പ്രസ്തുത നഷ്ടം ഈടാക്കാം.

എന്നാല്‍ ഇക്കാര്യത്തില്‍ തൊഴിലാളിക്കും തൊഴില്‍ നിയമം പരിഹാര മാര്‍ഗ്ഗം നല്‍കുന്നുണ്ട്. തൊഴിലുടമ ആവശ്യപ്പെടുന്ന പണം ഏകപക്ഷീയമായി നഷ്ടപരിഹാരമായി തൊഴിലാളി നല്‍കണമെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നില്ല. തൊഴിലാളിയുടെ തെറ്റ് കൊണ്ടല്ല നഷ്ടം സംഭവിച്ചിട്ടുള്ളത് എന്നും നഷ്ടം വന്ന തുകയേക്കാള്‍ കൂടുതലാണ് തൊഴിലുടമ നഷ്ടമായി കണക്കാക്കിയിട്ടുള്ളതെന്നും തൊഴിലാളിക്ക് അഭിപ്രായം ഉണ്ടെങ്കില്‍ പ്രസ്തുത കാര്യം കാണിച്ചു തൊഴിലാളിക്ക് ലേബര്‍ കോടതിയില്‍ പരാതി നല്‍കാവുന്നതാണ്.

ഏതെങ്കിലും കാരണവശാല്‍ തൊഴിലുടമ കൂടുതല്‍ തുക നഷ്ടപരിഹാരമായി

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ
അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

ഈടാക്കിയെന്ന് തൊഴിലാളിക്ക് അഭിപ്രായമുള്ള പക്ഷം അതിനുള്ള പ്രതിവിധി തൊഴില്‍ നിയമം തൊഴിലാളിക്ക് നല്‍കുന്നുണ്ട്. തൊഴിലുടമക്ക് തൊഴിലാളിയില്‍ നിന്നും നഷ്ടം ഈടാക്കാന്‍ അവകാശമില്ലെന്നോ ഈടാക്കിയ തുക യഥാര്‍ത്ഥത്തില്‍ ഈടാക്കിയതിനേക്കാള്‍ കൂടുതലാണെന്നോ തൊഴില്‍ കോടതിയില്‍ നിന്നും വിധി ലഭിച്ചാല്‍ കൂടുതലായി ഈടാക്കിയ തുക തൊഴിലാളിക്ക് തന്നെ തൊഴിലുടമ തിരിച്ചു നല്‍കേണ്ടി വരും. വിധി വന്നു ഏഴു ദിവസത്തിനുള്ളില്‍ തന്നെ ഈ തുക തിരിച്ചു നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

തൊഴിലുടമ അന്യായമായാണ് തുക ഈടാക്കിയത്‌ എന്ന് പരാതി തൊഴിലാളിക്കുണ്ടെങ്കില്‍ സംഭവം തൊഴിലുടമ ശ്രദ്ധയില്‍ പെടുത്തിയതിന് ശേഷം 15 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണമെന്നാണ് തൊഴില്‍ നിയമം പറയുന്നത്. ഈടാക്കിയ തുക പോരെന്നു തൊഴിലുടമക്ക് പരാതി ഉണ്ടെങ്കില്‍ തൊഴിലുടമക്കും ഇത്തരത്തില്‍ പരാതി നല്‍കാവുന്നതാണ്.

തൊഴിലുടമക്ക് ഇഷ്ടമുള്ള സമയത്ത് നഷ്ട പരിഹാരം ഈടാക്കാന്‍ സാധിക്കില്ല. സംഭവം നടന്നു മാസങ്ങള്‍ക്ക് ശേഷവും തൊഴിലാളിയില്‍ നിന്നും കൂടുതല്‍ നഷ്ട പരിഹാരം ഈടാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സംഭവം ശ്രദ്ധയില്‍ പെട്ട് 15 ദിവസത്തിനുള്ളിലാണ് തൊഴിലുടമ  പരാതി നല്‍കേണ്ടത്.  ഈ ദിവസത്തിനുള്ളില്‍ പരാതി നല്‍കിയില്ലെങ്കില്‍ പരാതി നല്‍കാനുള്ള അവകാശം ഇരു കൂട്ടര്‍ക്കും നഷ്ടമാകും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.