സൗദി അറേബ്യ: ഡ്യൂട്ടിക്കിടയിലെ നിയമ ലംഘനത്തിന് പോലീസ് വാഹനങ്ങള്‍ക്കും ഇളവില്ല

0
1

 

CAR

 

സൗദി അറേബ്യ/റിയാദ്:  ഗതാഗത നിയമ ലംഘനത്തിനുള്ള ശിക്ഷയില്‍ നിന്ന് ആര്‍ക്കും ഇലവില്ലെന്നു റിയാദ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡയരക്ടര്‍ ജനറല്‍ അലി അല്‍ ദുബൈക്കി വ്യക്തമാക്കി.

നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ് നിയമം ലംഘിക്കുന്നത് പോലീസുകാരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഗതാഗത നിയമങ്ങളില്‍ പോലീസ് വാഹനങ്ങള്‍ക്ക് പ്രത്യേക ഇളവൊന്നും തന്നെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. .

റിയാദ് നഗരത്തില്‍ നിരവധി പോലീസ് വാഹനങ്ങള്‍ തുടര്‍ച്ചയായി ഗതാഗത നിയമം ലംഘിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നയം വ്യക്തമാക്കിയത്. പട്രോള്‍ വാഹനങ്ങളില്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോഴാണ് ഇവര്‍ നിയമം ലംഘിക്കുന്നതെന്നാണ് പരാതി. സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട പോലീസുകാര്‍ തന്നെ നിയമം ലംഘിക്കുകയാണെങ്കില്‍ കടുത്ത നടപടി തന്നെ ഉണ്ടാകുമെന്നും ദുബൈക്കി പറഞ്ഞു.

ചെയ്യുന്ന നിയമ ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് ഇവര്‍ക്ക് ശിക്ഷ നല്‍കുമെന്ന് ദുബൈക്കി വ്യക്തമാക്കി. അച്ചടക്ക നടപടികളും ശമ്പളം വെട്ടി കുറക്കല്‍, സ്ഥലം മാറ്റല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ ആണ് വകുപ്പ് തലത്തില്‍ നിന്നും കൈക്കൊള്ളുക. കേസുകള്‍ പ്രത്യേക കമ്മിറ്റി വിലയിരുത്തി ശിക്ഷകള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.