«

»

Print this Post

തൊഴിലാളിയെ പെട്ടെന്ന് പിരിച്ചു വിടുന്നത് സൗദി തൊഴില്‍ നിയമ പ്രകാരം നിയമ വിരുദ്ധം

 

TERMINATION

 

നിസാര കാര്യങ്ങള്‍ക്ക് പോലും തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യുകയോ ഫൈനല്‍ എക്സിറ്റില്‍ പറഞ്ഞയക്കുകയോ ചെയ്യുന്നത് സൗദി അറേബ്യയിലെ തൊഴിലുടമകള്‍ക്ക് ഇടയില്‍ സാധാരണമാണ്. ഒരു തൊഴിലാളിയെ തങ്ങള്‍ക്കു ആവശ്യമില്ല എന്ന് തോന്നുന്ന സന്ദര്‍ഭത്തിലും തൊഴിലാളി ബാധ്യതയാകുന്ന സന്ദര്‍ഭത്തിലും ഒരു കാരണമില്ലാതെ എക്സിറ്റ്‌ പതിപ്പിച്ചു പറഞ്ഞക്കുകയാണ് ചെയ്യുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യം നല്‍കുന്നത് ഒഴിവാക്കാനും വളരെ കാലത്തെ സര്‍വീസ്‌ ഉള്ളവരെ പോലും അകാരണമായി വളരെ പെട്ടെന്ന് ഒഴിവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലുടമക്കെതിരെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയത് കൊണ്ടോ പരാതി നല്‍കുമോ എന്ന ഭയം കൊണ്ടോ ഫൈനല്‍ എക്സിറ്റില്‍ വളരെ പെട്ടെന്ന് തൊഴിലാളിയെ നാട്ടിലേക്ക് പറഞ്ഞയക്കാന്‍ തോഴിലുടമകള്‍ വ്യഗ്രത കാട്ടുന്നു.

ഇത്തരത്തില്‍ ഫൈനല്‍ എക്സിറ്റില്‍ പറഞ്ഞയക്കുന്ന സമയത്ത് ഭൂരിഭാഗം തൊഴിലാളികളും തങ്ങളുടെ തൊഴിലുടമക്ക് അതിനുള്ള നിയമപരമായ അധികാരം ഉണ്ടെന്നു കരുതി മൗനം പാലിക്കുകയാണ് ചെയ്യുന്നത്. അതിനെ സംബന്ധിച്ചുള്ള നിയമങ്ങളും നടപടി ക്രമങ്ങളും അറിയാത്തത് മൂലം ഇത് തന്‍റെ വിധിയാണെന്ന് സ്വയം സമാധാനിച്ചു തനിക്ക് നിയമപരമായി ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി പോലും ശബ്ദിക്കാന്‍ കഴിയാതെ ഇവര്‍ക്ക് സൗദി അറേബ്യ വിട്ടു പോകേണ്ടി വരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള പിരിച്ചു വിടലുകളും ടെര്‍മിനേഷനുകളും ഫൈനല്‍ എക്സിറ്റുമെല്ലാം തികച്ചും നിയമ വിരുദ്ധമാണ് എന്നറിയുക. അതിനെതിരെ പരാതി

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

നല്‍കാന്‍ തൊഴിലാളിക്ക് അര്‍ഹതയും അവകാശവും തൊഴില്‍ നിയമം നല്‍കുന്നുണ്ട് എന്നും മനസ്സിലാക്കുക. തന്റെ കീഴിലുള്ള ഒരു തൊഴിലാളിയുടെ തൊഴില്‍ കരാറിനു വിരുദ്ധമായി അയാളെ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചയക്കണമെങ്കില്‍ തൊഴിലുടക്ക് തോന്നും വിധം അത് ചെയ്യാന്‍ സൗദി തൊഴില്‍ നിയമം അനുവാദം നല്‍കുന്നില്ല. അതിനു ചില നിബന്ധനകളും നിയമ വ്യവസ്ഥകളും തൊഴില്‍ നിയമം മുന്നോട്ടു വെക്കുന്നുണ്ട്. അസാധാരണ സാഹചര്യങ്ങളില്‍ തൊഴില്‍ കരാറുകള്‍ അവസാനിപ്പിച്ചു തൊഴിലാളിയെ തിരികെ പറഞ്ഞയക്കുന്നതിനു മുന്‍പായി മുന്‍കൂറായി നോട്ടീസ് നല്‍കണം എന്നുള്ളത് സൗദി തൊഴില്‍ നിയമത്തിലെ തര്‍ക്കമില്ലാത്ത വ്യവസ്ഥയാണ്.

എന്നാല്‍ മുന്‍കൂറായി നോട്ടീസ്‌ പോലും നല്‍കാതെ തൊഴിലാളികളെ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചയക്കാന്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തൊഴിലുടമക്ക് സൗദി തൊഴില്‍ നിയമം അനുവാദം നല്‍കുന്നു. ഈ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ തൊഴിലുടമക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. നടപടി ക്രമങ്ങള്‍ തെറ്റിച്ചുള്ള മറ്റെല്ലാ തിരിച്ചയക്കലുകളും നിയമ വിരുദ്ധമാണ്. അതിനെതിരെ തൊഴിലാളിക്ക് ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍ പരാതി നല്‍കാവുന്നതാണ്.   

എന്നാല്‍ മുന്‍കൂറായി നോട്ടീസ്‌ പോലും നല്‍കാതെ തൊഴിലാളികളെ ഫൈനല്‍ എക്സിറ്റില്‍ തിരിച്ചയക്കാന്‍ 9 കാരണങ്ങളാണ് സൗദി തൊഴില്‍ നിയമം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ കാരണങ്ങളെ തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നുള്ള അതീവ ഗൗരവതരങ്ങളായ തെറ്റുകളായാണ് സൗദി തൊഴില്‍ നിയമം നോക്കി കാണുന്നത്. അത്തരത്തിലുള്ള പ്രവൃത്തികള്‍ തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ തൊഴിലുടമക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തന്നെ തൊഴിലാളിയെ പിരിച്ചു വിടാം.

  1. തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നുള്ള അച്ചടമുള്ള സ്വഭാവത്തിനു തൊഴില്‍  നിയമം കാര്യമായ പ്രാധാന്യം നല്‍കുന്നു. തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന അക്രമ സ്വഭാവത്തെ തൊഴില്‍ നിയമം അതീവ ഗൗരവമായാണ് കാണുന്നത്. ഒരു തൊഴിലാളി തന്‍റെ തൊഴിലുടമയെ മര്‍ദ്ദിക്കുന്നത് തൊഴില്‍ നിയമം ഒരു കാരണവശാലും സഹിഷ്ണുത കാണിക്കാത്ത കുറ്റമാകുന്നു. ഏതു കാരണം കൊണ്ടായാലും തൊഴിലുടമയെ ശാരീരികമായി മര്‍ദ്ദിക്കുന്ന തൊഴിലാളിയെ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ തൊഴിലുടമക്ക് പിരിച്ചു വിടാം. തൊഴിലുടമയെ മാത്രമല്ല തൊഴിലുടമയുടെ പ്രതിനിധിയായിട്ടുള്ള മാനേജര്‍രെയോ മറ്റു മേലുദ്യോഗസ്ഥന്മാരേയോ ശാരീരികമായി മര്‍ദ്ദിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും തൊഴില്‍ നിയമം അതീവ ഗൗരവമുള്ള  കുറ്റമായി കാണുന്നു.
  2. ജോലി ലഭിക്കുന്നതിനു വേണ്ടി ഒരു തൊഴിലാളി സമര്‍പ്പിക്കുന്ന രേഖകളെ വലിയ പ്രാധാന്യത്തോട് കൂടിയാണ് തൊഴില്‍ നിയമം നോക്കി കാണുന്നത്. തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍, വിദ്യഭ്യാസപരമായ രേഖകള്‍, തൊഴില്‍ പരിചയം വ്യക്തമാക്കുന്ന രേഖകള്‍ തുടങ്ങി തൊഴില്‍ ലഭിക്കുന്നതിനു വേണ്ടി തൊഴിലാളി സമര്‍പ്പിക്കുന്ന ഏതൊരു രേഖയും സത്യസന്ധമായ രേഖകളായിരിക്കണമെന്നു തൊഴില്‍ നിയമം വിവക്ഷിക്കുന്നുണ്ട്. ഈ രേഖകളില്‍ കൃത്രിമം കാണിക്കുന്നത് ഗുരുതരമായ കുറ്റമായി നിയമം കണക്കാക്കുന്നു.
  3. ഒരു തൊഴിലാളി തന്‍റെ തൊഴില്‍ കരാര്‍ പ്രകാരം നിര്‍ബന്ധമായി അനുവര്‍ത്തിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും പാലിക്കാത്ത പക്ഷം അയാളെ പിരിച്ചു വിടാം. തോഴിലുടമയുടെയോ പ്രതിനിധികളുടെയോ ന്യായവും നിയമപരവുമായ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാത്ത തൊഴിലാളി തൊഴില്‍ നിയമത്തിനു മുന്നില്‍ കുറ്റക്കാരനാണ്. അയാളോട് മൃദു സമീപനം പുലര്‍ത്താന്‍ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥകളില്ല. കൂടാതെ തൊഴിലിന്റെയോ തൊഴിലാളികളുടെയോ സുരക്ഷയെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍, പ്രത്യേകിച്ചും തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മനപ്പൂര്‍വ്വം പാലിക്കാതിരുന്നാല്‍ അയാള്‍ ഗൗരവതരമായ കുറ്റം ചെയ്തു എന്ന് തൊഴില്‍ നിയമം അനുമാനിക്കുന്നു.
  4. സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും സൗദി തൊഴില്‍ നിയമം വലിയ പ്രാധാന്യം കൊടുക്കുനുണ്ട്. തൊഴിലാളി തെറ്റായ ഒരു കാര്യം ചെയ്തുവെന്ന് സ്ഥാപിക്കപ്പെട്ടാലോ, അവക്ക് സത്യസന്ധതയില്ലാതെ ഏതെന്കിലും പ്രവൃത്തി ചെയ്തുവെന്നു ബോധ്യപ്പെട്ടാലോ അയാളെ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ പിരിച്ചു വിടാം.
  5. തൊഴിലുടമക്ക് നഷ്ടം സംഭവിക്കണമെന്ന ഉദ്ദേശത്തോട് കൂടി മനപ്പൂര്‍വ്വമായ വിധത്തില്‍ എന്തെങ്കിലും പ്രവൃത്തിയോ വീഴ്ചയോ തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുകയോ ചെയ്‌താല്‍ അത്തരം പ്രവൃത്തി വളരെ ഗുരുതരമായ വീഴ്ചയായാണ് തൊഴില്‍ നിയമം വിവക്ഷിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ സൗദി തൊഴില്‍ നിയമം തൊഴിലാളിക്ക് പരവാധി സംരക്ഷണവും നല്‍കുന്നുണ്ട്. അതായത് തൊഴിലാളിയുടെ ഈ പ്രവൃത്തി അറിഞ്ഞു 24 മണിക്കൂറുകള്‍ക്കുള്ളില്‍ തൊഴിലുടമ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ ഈ വിവരം അറിയിച്ചിരിക്കണമെന്ന നിബന്ധന തൊഴില്‍ നിയമം മുന്നോട്ടു വെക്കുന്നു.
  6. തൊഴിലില് തൊഴിലാളി വിശ്വാസ്യത ഉറപ്പു വരുത്തണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. പല ജോലികള്‍ക്കും അവരുടെ മേഖലകളിലെ രഹസ്യാത്മകത ഉറപ്പു വരുത്തേണ്ടതുണ്ടാകും. അത്തരം തസ്തികകളില്‍ നിയോഗിക്കുന്ന ജോലിക്കാരില്‍ നിന്നും സ്വാഭാവികമായും വിശ്വാസ്യത പ്രതീക്ഷിക്കപ്പെടുന്നു. താന്‍ ചെയ്യുന്ന തൊഴിലിന്‍റെ വ്യാവസായികവും വാണിജ്യപരവുമായ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നത് തൊഴില്‍ നിയമ പ്രകാരം അക്ഷന്തവ്യമായ കുറ്റമാണ്.   
  7. മറ്റൊരു നിബന്ധന പ്രൊബേഷന്‍ (പരിശീലന കാലാവധി) സംബന്ധിച്ചുള്ളതാണ്. ഒരു തൊഴിലുടമക്ക് താന്‍ തിരഞ്ഞെടുക്കുന്ന തൊഴിലാളി തന്‍റെ തൊഴില്‍ സാഹചര്യങ്ങളുമായി യോജിച്ചു പോകുന്ന വ്യക്തിയാണോ എന്ന് ഉറപ്പ് വരുത്തുന്നതിനും തൊഴിലില്‍ അയാള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ദ്യം ഉറപ്പു വരുത്തുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി നിശ്ചിത സമയത്തേക്ക് നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയെയാണ് പ്രൊബേഷന്‍ കാലാവധി എന്ന് പറയുന്നത്. ഈ കാലാവധിക്കുള്ളില്‍ തൊഴിലാളി തങ്ങളുടെ പ്രതീക്ഷക്കൊത്ത തൊഴില്‍ വൈദഗ്ദ്യം പ്രകടിപ്പിക്കുന്നില്ല എന്ന് ബോധ്യപ്പെടുകയോ തൊഴിലാളി ആവശ്യമായ തൊഴില്‍ വൈദഗ്ദ്യം പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്‌താല്‍ തൊഴിലുടമക്ക് അയാളെ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ തന്നെ പിരിച്ചു വിടാവുന്നതാണ്. വിദേശ തൊഴിലാലിക്ക് മൂന്നു മാസമാണ് പ്രൊബേഷന്‍ കാലാവധിയായി സൗദി തൊഴില്‍ നിയമം നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്ഷം ജനുവരിയില്‍ കൂടിയ ശൂറാ കൗണ്‍സില്‍ അംഗീകരിച്ച ഭേദഗതി പ്രകാരം സ്വദേശി തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി ആറു മാസമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
  8. ആവശ്യമായ അനുമതി ലഭ്യമാക്കാതെ തൊഴിലാളി ജോലി സ്ഥലത്ത് ഹാജരാവാതിരിക്കുന്നത് തൊഴില്‍ നിയമം അനുവദിക്കുന്നില്ല. അതും ഗുരുതരമായ കൃത്യ വിലോപമായാണ് തൊഴില്‍ നിയമം കാണുന്നത്. ഏതു അവധിക്കും ന്യായമായ കാരണം ആവശ്യമാണ്. അത്തരം കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമാകുന്ന പക്ഷം രേഖകളോട് അവധിക്കു അപേക്ഷിക്കുകയാണ് വേണ്ടത്. ഇത്തരത്തിലുള്ള അനുമതിയില്ലാതെ ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായ 10 ദിവസത്തില്‍ കൂടുതലോ അല്ലെങ്കില്‍ പലപ്പോഴായി ഒരു വര്‍ഷത്തില്‍ 20 ദിവസത്തില്‍ കൂടുതലായോ ജോലി സ്ഥലത്ത് ഹാജരാവാതിരുന്നാല്‍ തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചു വിടാം. (കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ വ്യവസ്ഥയില് ശൂരാ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു ഭേദഗതി വരുത്തിയിട്ടുണ്ട്. അത് പ്രകാരം ഈ ദിവസങ്ങള്‍ യഥാക്രമം 30 ദിവസസും 15 ദിവസവുമായി കൂട്ടിയിട്ടുണ്ട്.)  എന്നാല്‍ ഇത്തരത്തില്‍ പിരിച്ചു വിടുന്നതിനു മുന്‍പായി തൊഴിലാളി യഥാക്രമം 10 ദിവസവും 5 ദിവസവും അവധിയില്‍ പിന്നിടുമ്പോള്‍ രേഖാ മൂലമായ മുന്നറിയിപ്പ്‌ അയാള്‍ക്ക് നല്‍കണമെന്നും സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. (ഈ ദിവസങ്ങളിലും യഥാക്രമം 20 ദിവസവും 10 ദിവസവുമായി ശൂരാ കൗണ്‍സില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.)  
  9. ഒരു തൊഴിലാളി തന്‍റെ തൊഴില്‍ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വ്യക്തമായി വേര്‍പ്പെടുത്തണം. ചെയ്യുന്ന തൊഴിലിനെ  വ്യക്തിപരമായ നേട്ടത്തിന് അന്യായമായി ഉപയോഗിക്കരുതെന്ന് തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. തന്‍റെ ഔദ്യോഗിക സ്ഥാനം ഉപയോഗപ്പെടുത്തി വ്യക്തപരമായ നേട്ടം ഉണ്ടാക്കുന്നതിനെ തൊഴില്‍ നിയമം ശക്തമായി എതിര്‍ക്കുന്നു. ഇത് കണ്ടു പിടിക്കപ്പെട്ടാല്‍ ഉടനെ തൊഴിലാളിയെ പിരിച്ചു വിടാം.

മേല്‍ പറഞ്ഞ ഒന്‍പതു കാരണങ്ങള്‍ കൊണ്ടല്ലാതെ തൊഴില്‍ നിയമ പ്രകാരം സൗദി അറേബ്യയിലെ ഒരു തൊഴിലുടമക്കും തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ പെട്ടെന്ന് പിരിച്ചു വിടാനോ തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യാനോ പാടില്ല. മറിച്ചുള്ള എല്ലാ പിരിച്ചു വിടലുകളും തൊഴില്‍ നിയമ പ്രകാരം നിയമ സാധുത ഇല്ലാത്തതാണ്.

എന്നാല്‍ ഈ സന്ദര്‍ഭത്തിലും തൊഴില്‍ നിയമം തൊഴിലാളിയുടെ രക്ഷക്ക് വേണ്ടി എത്തുന്നുണ്ട്. ഇത്തരത്തിലുള്ള പിരിച്ചു വിടല്‍ തീരുമാനിക്കുന്നതിനും മുന്‍പായി തൊഴിലാളിക്ക് പ്രസ്തുത പിരിച്ചു വിടലിനെതിരെ എന്താണ് പറയാനുള്ളത്‌ എന്നും അതിന്റെ കാരണങ്ങളും വിശദീകരിക്കാനുള്ള ഒരു അവസരം തൊഴിലുടമ നല്‍കേണ്ടതാണെന്നും സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=16181

Copy Protected by Chetans WP-Copyprotect.