«

»

Print this Post

സൗദിയില്‍ ഫാമിലി വിസ ലഭിക്കുന്നതിന് വ്യാജ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദേശിക്ക് ശിക്ഷ

 

hc1

 

സൗദി അറേബ്യ/ജിദ്ദ: ഫാമിലി വിസ ലഭിക്കാന്‍ വ്യാജ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച വിദേശിക്ക് ഒരു വര്‍ഷം തടവും 3000 റിയാല്‍ പിഴയും കോടതി വിധിച്ചു. പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജിദ്ദ അഡ്മിനിസ്ട്രെറ്റീവ് കോടതിയാണ് ശിക്ഷ വിധിച്ചത്. അറബ വംശജനായ പ്രതി ഏതു രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മികച്ച ശമ്പളത്തില്‍ പ്രശസ്തമായ കമ്പനിയില്‍ സെയില്‍സ്‌ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വിദേശിക്ക് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫാമിലി വിസക്ക് അപേക്ഷിച്ചപ്പോള്‍ ഡിപ്ലോമക്കാര്‍ക്ക് കുടുംബത്തെ കൊണ്ട് വരാനുള്ള അര്‍ഹത ഇല്ലെന്നു കാണിച്ചു അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടുംബ വിസ ലഭിക്കുന്നതിനു വേണ്ടി വ്യാജ യൂണിവേഴ്സിറ്റി ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി കോടതിയില്‍ ഏറ്റു പറഞ്ഞു.
തുടര്‍ന്ന് അയാളുടെ രാജ്യത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റിയുടെ വ്യാജ ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് 5000 റിയാല്‍ നല്‍കി സംഘടിപ്പിക്കുകയായിരുന്നു. സൗദി എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉണ്ട് എന്നായിരുന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്ത സംഘം അവകാശപ്പെട്ടിരുന്നത്.

ഈ സര്‍ട്ടിഫിക്കറ്റ് ഫാമിലി വിസ അപേക്ഷക്കൊപ്പം സമര്‍പ്പിച്ചപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്തു വരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റില്‍ പതിപ്പിച്ചിട്ടുള്ള സീല്‍ വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതിയെ ഉടനെ അറസ്റ്റ്‌ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.   

മികച്ച ശമ്പളത്തോടെ ജോലിയില്‍ തുടരുന്ന താന്‍ ജോലി ലഭിക്കുന്നതിനു വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്നും കുടുംബ വിസ ലഭിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും പ്രതി കോടതിയില്‍ വെളിപ്പെടുത്തി. തുടര്‍ന്ന് കോടതി തടവ്‌ ശിക്ഷ റദ്ദാക്കുകയായിരുന്നു. ഇത് പ്രകാരം ഇയാള്‍ക്ക് പിഴ മാത്രം അടച്ചാല്‍ മതിയാകും.

 

Permanent link to this article: http://pravasicorner.com/?p=16218

Copy Protected by Chetan's WP-Copyprotect.