«

»

Print this Post

സൗദിയില്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനു മുന്‍പായി തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ്‌ ലഭിക്കുന്ന കാരണങ്ങള്‍

 

L

 

സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ എത്തിയാല്‍ എത്തിപ്പെടുന്ന കമ്പനിയോ സ്ഥാപനമോ സ്പോണ്‍സറോ പറയത്തക്ക നിലവാരമില്ലാത്തതാണെന്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും തൊഴില്‍ കരാര്‍ തീരുന്നതിനു മുന്‍പായി ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുക എന്നത് പലര്‍ക്കും വിഷമം പിടിച്ച ഒരു കടമ്പ തന്നെയാണ്. ന്യായമായ കാരണങ്ങള്‍ ഉണ്ടായിട്ടു പോലും ജോലിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ സാധിക്കാത്ത ലക്ഷക്കണക്കിന്‌ വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതും കാത്തിരിക്കുന്നത്. തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞാലും തൊടു ന്യായങ്ങള്‍ മുതല്‍ ഹുറൂബ് ഭീഷണികള്‍ വരെ മുഴക്കി തൊഴിലാളിയുടെ ഫൈനല്‍ എക്സിറ്റ് വൈകിപ്പിച്ചു പരമാവധി ചൂഷണം ചെയ്യാനാണ് പല തൊഴിലുടമകള്‍ക്കും താല്‍പ്പര്യം കാണുന്നത്.  

തൊഴിലാളികള്‍ ആവശ്യപ്പെടുമ്പോള്‍ ന്യായമായ കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഫൈനല്‍ എക്സിറ്റ് നല്‍കാന്‍ വിസമ്മതിക്കുന്ന കമ്പനികള്‍ സൗദി അറേബ്യയില്‍ ഉണ്ട്. എല്ലാ കമ്പനികളെയും സ്ഥാപനങ്ങളെയും സ്പോണ്‍സര്‍മാരെയും ഈ ഗണത്തില്‍ പെടുത്താന്‍ സാധിക്കുകയില്ലെന്കിലും ന്യായമായ കാരണങ്ങളാല്‍ നിയമ പ്രകാരം ഫൈനല്‍ എക്സിറ്റ് നല്‍കുന്ന കമ്പനികള്‍ വളരെ കുറവ് മാത്രമാണ്. ചില കമ്പനികള്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതെങ്കിലും കാരണവശാല്‍ എക്സിറ്റ് നല്‍കേണ്ടി വന്നാല്‍ പോലും പ്രസ്തുത തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനു വേണ്ടി മുടക്കിയ തുക എന്ന രീതിയില്‍ വന്‍തുക നഷ്ട പരിഹാരം ആവശ്യപ്പെടാറുണ്ട്.

അടിയന്തിര ഘട്ടങ്ങളില്‍ അവധിക്കു പോകുമ്പോള്‍ പോലും പ്രസ്തുത തൊഴിലാളിയുടെ തിരിച്ചു വരവ് ഉറപ്പാക്കാനും ഏതെന്കിലും കാരണവശാല്‍ തിരിച്ചു വന്നില്ലെങ്കില്‍ റിക്രൂട്ട്മെന്റിന് മുടക്കിയ തുക ഈടാക്കാനെന്ന പേരില്‍ വന്‍തുക സെക്യൂരിറ്റിയായി കെട്ടി വെക്കാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ജാമ്യക്കാരനായി അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ജോലിക്കാരനെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്ന കമ്പനികള്‍ ഇവിടെ നിരവധിയാണ്. മേല്‍ പറഞ്ഞ അടിയന്തിര ഘട്ടങ്ങളിലും മറ്റും ഫൈനല്‍ എക്സിറ്റ് നല്‍കേണ്ടി വന്നാല്‍ പ്രസ്തുത തൊഴിലാളിയുടെ സൗദിയിലേക്കുള്ള തിരിച്ചു വരവ് എളുപ്പമല്ലാതാക്കുന്നതിനു വേണ്ടി ഫൈനല്‍ എക്സിറ്റിനു പകരം റീ എന്ട്രി നല്‍കി ദ്രോഹിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും എണ്ണത്തില്‍ കുറവല്ല. സൗദി യിലെ നിയമ വ്യവസ്ഥകളുടെ അജ്ഞത മൂലം അടിയന്തിര ഘട്ടങ്ങളില്‍ പോലും നാട് കാണാന്‍ സാധിക്കാതെ വിഷമം കരഞ്ഞു തീര്‍ക്കുന്നവരും നിരവധി.

എന്നാല്‍ ഇതിനെല്ലാം സൗദി തൊഴില്‍ നിയമത്തില്‍ പ്രതിവിധിയുണ്ട് എന്നറിയുക. തൊഴിലുടമകള്‍ക്ക് നല്‍കുന്നത് പോലെ തന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളിലും പ്രത്യേക കാരണങ്ങളാലും തൊഴിലുടമക്ക്‌ മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ജോലി ഉപേക്ഷിക്കുവാന്‍ സൗദി തൊഴില്‍ നിയമം തൊഴിലാളിക്ക് അനുവാദം നല്‍കുന്നുണ്ട്. പലരുടെയും ധാരണ ഈ ഇളവുകളും അനുവാദങ്ങളും സൗദി പൗരന്മാരായ തൊഴിലാളികള്‍ക്ക് മാത്രം അനുവദനീയമായത് എന്നാണു. എന്നാല്‍ ഈ ഇളവുകള്‍ സൗദി പൗരന്മാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഒരു പോലെ അനുവദനീയമാണ് എന്നറിയുക.

സാധാരണ ഗതിയില്‍ നിശ്ചിത കരാറുകളില്‍ (Definite Contract) കാലാവധി പൂര്‍ത്തിയാവുന്നത് മൂലവും അനിശ്ചിത കരാറുകളില്‍ (Indefinite Contract) മുന്‍കൂര്‍ നോട്ടീസ്‌ നല്‍കിയും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. ഇത് നിയമത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനം മൂലം തൊഴിലുടമയുടെയും തൊഴിലാളിയുടെയും പരസ്പര സമ്മതത്തോടു കൂടി സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ തൊഴില്‍ കരാര്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പായി ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുന്നത് അനുവദനീയമല്ല. ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാണെന്കില്‍ തന്നെ നിബന്ധനകള്‍ക്ക് വിധേയവുമാണ്. ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുന്നത് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്കും നാട്ടിലേക്കുള്ള മടക്കയ യാത്രക്കുള്ള ടിക്കറ്റ്‌ സ്വന്തം വഹിക്കേണ്ടി വരുന്ന അവസ്ഥയിലേക്കും ആനുകൂല്യങ്ങള്‍ നഷ്ടമാകുന്ന അവസ്ഥയിലേക്കും തൊഴിലാളികളെ കൊണ്ടെത്തിക്കുന്നു. അത് കൊണ്ട് തന്നെ ഏതൊക്കെ കാരണങ്ങളാല്‍ ഒരു തൊഴിലാളിക്ക് തന്റെ ജോലി ഉപേക്ഷിക്കാനുള്ള അവകാശം ഉണ്ട് എന്ന് തൊഴിലാളി അറിഞ്ഞിരിക്കണം.

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലവും കാരണങ്ങള്‍ കൊണ്ടും ഒരു തൊഴിലാളിക്ക് തന്റെ ജോലി തൊഴിലുടമക്ക്‌ മുകൂര്‍ നോട്ടീസ് പോലും നല്‍കാതെ അവസാനിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ അവസാനിപ്പിക്കുമ്പോള്‍ തന്റെ നിയമപരമായ അവകാശങ്ങളെ,  പ്രത്യേകിച്ചും സേവനാനതര ആനുകൂല്യങ്ങള്‍ അടക്കം ഒന്നിനെയും അത് പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് താഴെപ്പറയുന്ന ഈ ഇളവുകളുടെ പ്രാധാന്യം വിദേശ തൊഴിലാളിക്ക് ഏറ്റവും നന്നായി ബോധ്യപ്പെടുക. .    

തനിക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാതെയാവുകയോ തൊഴിലുടമ കടമകള്‍ പാലിക്കാതെയാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ തൊഴിലുടമക്ക് മുന്‍കൂര്‍ നോട്ടീസ്‌ നല്‍കാതെ ജോലി ഉപേക്ഷിക്കാനുള്ള തൊഴിലാളിയുടെ അവകാശം സംജാതമാകുന്നു. ഒരു തൊഴിലാളിയെ തൊഴില്‍ വിസയില്‍ ഒരു തൊഴിലുടമ റിക്രൂട്ട് ചെയ്യുമ്പോള്‍ തൊഴിലാളിയോട് അയാള്‍ക്ക്‌ നിയമപരമായ ചില ബാധ്യതകള്‍ ഉണ്ട്. തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതോടെ ആ തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളും തൊഴിലുടമ നിര്‍ബന്ധമായും ചെയ്യേണ്ട കടമകളും പാലിക്കപ്പെടും എന്നൊരു അലിഖിത കരാര്‍ കൂടി അവിടെ രൂപപ്പെടുന്നുണ്ട്. അവ കൂടാതെ തൊഴില്‍ നിയമ പ്രകാരം തൊഴിലാളിക്ക് നല്‍കേണ്ട എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും തൊഴിലുടമ നല്‍കണം. തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതലായി തൊഴിലാളിക്ക് ഗുണകരമാകുന്ന വിധത്തില്‍ തൊഴില്‍ കരാര്‍ പ്രകാരം ഏതെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ടെങ്കില്‍ അവയും നല്‍കേണ്ടത് തൊഴിലുടമയുടെ കടമയും ബാധ്യതയുമാണ്. ഈ നിയമപരമായും കരാര്‍ പ്രകാരവും തൊഴിലാളിയോടുള്ള ന്യായമായ കര്‍ത്തവ്യങ്ങള്‍ തൊഴിലുടമ പാലിക്കാതിരുന്നാല്‍ ആ കാരണം കണക്കിലെടുത്ത് തൊഴിലാളിക്ക് ജോലി ഉപേക്ഷിക്കാനുള്ള അനുവാദം സൗദി തൊഴില്‍ നിയമം നല്‍കുന്നു.

തൊഴിലാളിയുടെ സത്യാ സന്ധത പോലെ തന്നെ തൊഴിലുടമയില്‍ നിന്നും നേരും നെറിയുമുള്ള സമീപനമാണ് സൗദി തൊഴില്‍ നിയമം പ്രതീക്ഷിക്കുന്നത്. ചതിയോടും കൃത്രിമങ്ങളോടും അതിനു സഹിഷ്ണുതയില്ല. ഒരു തൊഴിലാളിയുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് അയാളുടെ ജോലിയുടെ വ്യവസ്ഥകളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും തൊഴിലുടമയോ അയാളുടെ പ്രതിനിധികളോ ചതിയോ കൃത്രിമമോ കാണിച്ചിട്ടുണ്ടെങ്കില്‍ ആ ജോലി ഉപെഷിക്കാനുള്ള മതിയായ കാരണമാണ്. അത്തരം സാഹചര്യത്തില്‍ തൊഴിലാളിക്ക് തൊഴിലുടമയുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ ജോലി അവസാനിപ്പിക്കാനുള്ള സ്വാതന്ത്ര്യം തൊഴില്‍ നിയമം നല്കുന്നുണ്ട്.

തൊഴിലിടങ്ങളില്‍ തൊഴിലാളിയുടെ സുരക്ഷക്കും ആരോഗ്യത്തിനും തൊഴില്‍ നിയമം മുന്തിയ പരിഗനന്‍ നല്‍കുന്നുണ്ട്. സ്വന്തം ജീവന്‍ അപകടത്തിലാക്കി ആര്‍ക്കു വേണ്ടിയും എവിടെയും ജോലി ചെയ്യാന്‍ തൊഴില്‍ നിയമം ആവശ്യപ്പെടുന്നില്ല. അവിടങ്ങളില്‍ തൊഴിലാളിയുടെ ആരോഗ്യത്തിനു ഹാനീകരമോ സുരക്ഷക്ക് അപടകരമോ ആയ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെതിരെ ആവശ്യമായ നടപടികളും മുന്‍കരുതലുകളും എടുക്കാന്‍ തൊഴിലുടമ നിയമ പ്രകാരം ബാധ്യസ്ഥനാണ്. ഇവയെ പറ്റി ബോധാവാനായിട്ടും തൊഴിലിടം സുരക്ഷിതമാക്കാണോ അപകട രഹിതമാക്കാണോ തൊഴിലുടമ മനപൂര്‍വ്വം നടപടികള്‍ ഒന്നുമെടുക്കാന്‍ തയാറാകാതിരിക്കുന്ന സാഹചര്യത്തില്‍ അക്കാരണത്താല്‍ തന്നെ തൊഴിലാളിക്ക് പ്രസ്തുത ജോലി ഉപേക്ഷിക്കാം.

നാട്ടില്‍ നിന്നും കൊണ്ട് വരുമ്പോള്‍ കരാര്‍ പ്രകാരം ഉറപ്പു നല്‍കിയ തൊഴില്‍

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

നല്‍കാതെ മറ്റുള്ള തൊഴിലുകളിലേക്ക് തൊഴിലാളിയെ നിയോഗിക്കുന്നത് ഇവിടെ സര്‍വ്വ സാധാരണമാണ്. അത് തികച്ചും നിയമ വിരുദ്ധമാണ് എന്നറിയുക. തൊഴിലാളിയെ കരാര്‍ പ്രകാരം അയാള്‍ ചെയ്യാമെന്ന് ഏറ്റിട്ടുള്ള ജോലിയില്‍ നിന്നും അയാളുടെ ലിഖിതമായ സമ്മതമില്ലാതെ മാറ്റി തികച്ചും വിഭിന്നമായ ജോലിയില്‍ മറ്റൊരു ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്‌ തികച്ചും നിയമ വിരുദ്ധം തന്നെയാണ്. സൗദിയിലെ തൊഴില്‍ നിയമ പ്രകാരം തൊഴില്‍ മന്ത്രാലയം അനുവദിച്ചു കൊടുത്തിട്ടുള്ള വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴില്‍ ചെയ്യാന്‍ മാത്രമാണ് തൊഴിലാളിക്ക് അനുവാദമുള്ളത്. മറ്റേതു തൊഴിലും ചെയ്യുന്നത് തൊഴിലുടമ അനുവദിക്കാനും പാടില്ല. അത് തൊഴില്‍ നിയമത്താല്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. വര്‍ക്ക് പെര്‍മിറ്റിലെ പ്രൊഫെഷന്‍ നിയമപരമായ നടപടികളിലൂടെ മാറ്റാതെ തൊഴിലാളിക്കും മറ്റു തൊഴില്‍ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഒരു സാഹചര്യത്തില്‍ മാത്രം ഈ നിബന്ധനയ്ക്ക് തൊഴില്‍ നിയമത്തില്‍ ഇളവു നല്‍കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങള്‍ മൂലം അതിനു നിര്‍ബന്ധിതനാകുന്ന അത്യാവശ്യ സാഹചര്യത്തില്‍ തൊഴിലുട്മക്ക് തൊഴിലാളിയെ മറ്റൊരു തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കാവുന്നതാണ്. എന്നാല്‍ ഈ കാലാവധി ഒരു കാരണവശാലും ഒരു വര്‍ഷത്തില്‍ പരമാവധി 30 ദിവസത്തില്‍ കൂടാന്‍ പാടില്ല.   

തൊഴിലാളിക്ക് നേരെ അക്രമമോ അധാര്‍മ്മികതയോ കാണിക്കാന്‍ തൊഴിലുടമക്കോ അയാളുടെ പ്രതിനിധികള്‍ക്കോ യാതൊരു തരത്തിലുള്ള അവകാശവും ഇല്ല. അത് തൊഴില്‍ നിയമം അവര്ല്‍ നിന്നും പ്രതീക്ഷിക്കുന്നുമില്ല. തൊഴിലുടമയോ അയാളുടെ ഏതെങ്കിലും കുടുംബാംഗങ്ങളോ അല്ലെങ്കില്‍ പ്രതിനിധികളോ തൊഴിലാളിയുടെ നേര്‍ക്കോ അയാളുടെ കുടുംബാംഗങ്ങളുടെ നേര്‍ക്കോ അക്രമാസക്തമായ കയ്യേറ്റം നടത്തിയാല്‍ തൊഴിലാളിക്ക് പ്രസ്തുത ജോലി ഉപേക്ഷിക്കാനുള്ള അനുവാദം തൊഴില്‍ നിയമം നല്‍കുന്നു. അക്കാര്യത്തില്‍ തൊഴിലുടമയുടെ അനുമതി ആവശ്യമായി വരുന്നില്ല. കൂടാതെ അധാര്‍മ്മികമായ ഏതെന്കിലും തരത്തിലുള്ള പ്രവൃത്തികള്‍ മേല്‍ പറഞ്ഞവരുടെ ഭാഗത്ത്‌ നിന്ന് തൊഴിലാളിക്ക് നേരെയോ അയാളുടെ കുടുംബാംഗങ്ങളുടെ നേരെയോ ഉണ്ടായാല്‍ അക്കാര്യത്തിലും തൊഴിലാളിക്ക് മേല്പറഞ്ഞ അവകാശം ഉപയോഗിക്കാവുന്നതാണ്.  

തൊഴിലാളിയുടെ നേരെയുള്ള തൊഴിലുടമയുടെ സ്ഥിരമായ സമീപനത്തിനും പരിഗണനക്കും സൗദി തൊഴില്‍ നിയമപരമമായ പ്രാധാന്യം നല്‍കുന്നുണ്ട്. തൊഴിലുടമയുടെയോ അയാളുടെ മാനേജര്‍മാരുടെയോ സമീപനം ക്രൂരവും, അനീതി പരവും അപമാനനകരവുമാണെങ്കില്‍ ആ തൊഴില്‍ മുന്‍കൂര്‍ നോട്ടീസ്‌ പോലും നല്‍കാതെ അവസാനിപ്പിക്കാനുള്ള അവകാശം തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമം വക വെച്ച് തരുന്നുണ്ട്.

ഇതെല്ലാം കൂടാതെ തൊഴിലുടമയുടെയോ അയാളുടെ പ്രതിനിധികളുടെ ഭാഗത്ത്‌ നിന്നോ ന്യായീകരിക്കാന്‍ പറ്റാത്ത മറ്റേതെങ്കിലും പെരുമാറ്റമോ സമീപനമോ കരാര്‍ നിബന്ധനകളുടെ ലംഘനമോ ഉണ്ടാകുന്നത് മൂലം തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമാകുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ മേല്‍ പറഞ്ഞ അവകാശങ്ങള്‍ നല്‍കി കൊണ്ട് തൊഴില്‍ നിയമം പ്രസ്തുത തൊഴിലാളിയുടെ രക്ഷക്കെത്തുന്നു.  

 

Permanent link to this article: http://pravasicorner.com/?p=16228

Copy Protected by Chetan's WP-Copyprotect.