«

»

Print this Post

സൗദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ പോയാലും പ്രത്യേക തൊഴിലാളികള്‍ തിരിച്ചു വന്ന് മറ്റു സ്ഥാപനത്തില്‍ ജോലിയെടുക്കുന്നത് തൊഴിലുടമക്ക് വിലക്കാം !!!

E

 

സൗദിയില്‍ ഒരു സ്പോണ്‍സര്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റില്‍ പോയി പുതിയ വിസയില്‍ സൗദിയിലേക്ക് തന്നെ തിരിച്ചു വരണമെന്കില്‍ തിരിച്ചു പോകുമ്പോള്‍ സ്പോണ്‍സറുടെ നോ ഒബ്‌ ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) ലഭ്യമാക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. തൊഴിലുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും തൊഴിലുടമകള്‍ തമ്മില്‍ തൊഴിലാളികളെ തട്ടിയെടുക്കുന്ന തലത്തിലേക്ക് കിടമത്സരം ചെന്നെത്താതിരിക്കാനും വേണ്ടി ആയിരുന്നു ഈ നിബന്ധന പഴയ കാലത്ത്‌ നടപ്പില്‍ വരുത്തിയിരുന്നത്.  

എന്നാല്‍ ഈ നിബന്ധനയുടെ പഴുത് ഉപയോഗപ്പെടുത്തി കൊണ്ട് ആ കാലഘട്ടത്തില്‍ പല സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും കമ്പനികളും വല്ലാതെ മുതലെടുപ്പ് നടത്തുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. പുതിയ അവസരം തേടി തിരിച്ചു വരുന്നതിനു വേണ്ടി ഫൈനല്‍ എക്സിറ്റില്‍ സൗദി അറേബ്യയില്‍ നിന്നും പോകുന്ന തൊഴിലാളിയില്‍ നിന്ന് ഈ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പകരമായി സ്പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്ന പണം നല്‍കേണ്ടി വരികയോ അല്ലെങ്കില്‍ പിരിഞ്ഞു പോകുമ്പോള്‍ തൊഴിലാളിക്ക് ന്യായമായും ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങളുടെ ഒരു ഭാഗമോ മുഴുവനോ വേണ്ടെന്നു വെക്കുകയോ ചെയ്യേണ്ടി വന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പുതിയ വിസ സ്റ്റാമ്പ്‌ ചെയ്തു ലഭിക്കണമെങ്കില്‍ സൗദി എംബസിയോ കോണ്‍സുലേറ്റോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടും എന്നതിനാല്‍ ന്യായമായതില്‍ കവിഞ്ഞ വിട്ടു വീഴ്ചക്കും തൊഴിലാളികള്‍ തയ്യാറായിരുന്നു.

എന്നാല്‍ ഈ നിബന്ധനയുടെ ദോഷവശങ്ങള്‍ തൊഴിലുടമകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തു തുടങ്ങിയതോടെ ഇതിനെതിരെ വലിയ തോതില്‍ പ്രതിഷ്ധങ്ങള്‍ ഉയര്‍ന്നു. ഒരു തൊഴിലുടമയുമായുള്ള തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും തൊഴിലാളിയെ സ്വതന്ത്രനാക്കാത്തതും തൊഴില്‍ കരാറിനു ശേഷവും തൊഴിലുടമയുടെ കനിവിന് വേണ്ടി തൊഴിലാളി കേഴേണ്ടി വരുന്നതും അടിമത്ത സമാനമായ സാഹചര്യം സംജാതമാക്കുന്നുവെന്നും അന്ത്രാഷ്ട്രാ തൊഴില്‍ നിയമങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ക്കും നിരക്കുന്നതല്ല ഈ നടപടി ക്രമം എന്ന ന്യായീകരണങ്ങളെ മുന്‍ നിറുത്തിയാണ് ഈ നിബന്ധന പിന്നീട് അവസാനിപ്പിക്കുന്നത്. അങ്ങിനെ രാജകീയ ഉത്തരവ് M/51 പ്രകാരം 2005 സെപ്റ്റംബര്‍ 27 ന് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ നടപടി ക്രമത്തിന് അറുതി വന്നു.

നിയമപരമായ ഒരു നിബന്ധനയായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സൗദി തൊഴില്‍ നിയമത്തില്‍ നില നില്‍ക്കുന്നില്ല. മാത്രമല്ല പുതിയ സൗദി തൊഴില്‍ നിയമത്തില്‍ എവിടെയും തൊഴിലാളിയുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) എന്ന വാക്ക് തന്നെ കാണാന്‍ സാധിക്കില്ല. തോഴിലാളിയുടെ പാസ്പോര്‍ട്ടില്‍ ജവാസാത്‌ അധികൃതര്‍ ഫൈനല്‍ എക്സിറ്റ്‌ വിസ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ട് എങ്കില്‍ ആ തൊഴിലാളി യാതൊരു തൊഴില്‍ പരവും നിയമപരവുമായ പ്രശ്നങ്ങളും അവശേഷിപ്പിക്കാതെ നിയമ പരമായി തന്നെയാണ് തൊഴിലുടയുമായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ചു രാജ്യം വിട്ടത് എന്ന് തന്നെയാണ് സൗദി തൊഴില്‍ നിയമം അനുമാനിക്കുന്നത്. അതിനാല്‍ ഒരു തൊഴിലാളിയുടെ തൊഴില്‍ കരാര്‍ അവസാനിച്ചു ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു കഴിഞ്ഞാല്‍ അയാള്‍ പിന്നീട് പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് തിരിച്ചു വരുന്നതിനെ തടയാന്‍ തൊഴിലുടമക്ക് കഴിയാത്ത സാഹചര്യം ഉണ്ടായി.

എന്നാല്‍ ഇതിനു അപവാദമായി ഒരു പ്രത്യേക സാഹചര്യം സൗദി തൊഴില്‍ നിയമത്തില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. ആ സാഹചര്യ പ്രകാരം ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ നിയമപരമായ ഫൈനല്‍ എക്സിറ്റ്‌ നേടി രാജ്യത്ത്‌ നിന്ന് പോയാലും തിരിച്ചു വന്ന് മറ്റൊരു സ്ഥാപനത്തില്‍ ജോലിയെടുക്കുന്നത് നിശ്ചിത കാലത്തേക്ക് തടയാന്‍ തൊഴിലുടമക്ക് നിയമ പരമായി തന്നെ സാധിക്കും. ഈ നിബന്ധന തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തൊഴിലുടമകളുടെ നിയമ പരമായ അവകാശ സംരക്ഷണത്തിന് വേണ്ടി തന്നെയാണ്. സൗദി തൊഴില്‍ നിയമത്തില്‍ മാത്രമല്ല മറ്റു ജി സി സി രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളില്‍ എല്ലാം തന്നെ സമാനമായ നിയമ സംരക്ഷണം തൊഴിലുടമക്ക് നല്‍കുന്നുണ്ട്.  

തന്റെ ഉപഭോക്താക്കളെയും ബിസിനസ് രഹസ്യങ്ങളെയും സംരക്ഷിക്കുന്നതിനു ഒരു തൊഴിലുടമക്ക് സൗദി തൊഴില്‍ നിയമം നല്‍കുന്ന അവകാശമാണ് ഈ വകുപ്പ്. ഈ വകുപ്പ് പ്രകാരം തന്റെ കീഴില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷം തന്റെ ബിസിനസ് എതിരാളികളുടെ കീഴില്‍ സമാനമായ ജോലിയിലേര്‍പ്പെടുന്നത് രണ്ടു വര്‍ഷം വരെ വിലക്കാന്‍ തൊഴിലുടമക്ക് സാധിക്കും.

എന്നാല്‍ ഈ വകുപ്പ് പ്രകാരം എല്ലാ സാഹചര്യങ്ങളിലും തൊഴിലാളിയെ വിലക്കുന്നതിനു അനിയന്ത്രിതമായ അധികാരം തൊഴിലുടമക്ക് തൊഴില്‍ നിയമം നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പല നിയമ പരമായ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇത് പ്രയോഗത്തില്‍ വരുത്തുന്നതിന് തൊഴിലുടമക്ക് തൊഴില്‍നിയമം അനുമതി നല്കുന്നുള്ളൂ. അത് പോലെ തന്നെ എല്ലാ തൊഴിലാളികള്‍ക്കും ഈ വകുപ്പ് പ്രകാരമുള്ള നിരോധനം ബാധകമല്ല എന്നതും ആശ്വാസകരമാണ്.     

തൊഴിലാളി തൊഴില്‍ കരാര്‍ പ്രകാരം നിയമിക്കപ്പെടുന്ന തസ്തികയുടെ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അടിസ്ഥാനത്തില്‍ ആണ് തൊഴിലുടമക്ക് ഈ അധികാരം പ്രയോഗിക്കാനുള്ള അവസരം ഉണ്ടാകുന്നത്. തൊഴിലാളി നിയമിക്കപ്പെടുന്ന തസ്തിക തൊഴിലുടമയുടെ ഉപഭോക്താക്കളുമായും കക്ഷികളുമായും നേരിട്ട് ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഈ വകുപ്പ് പ്രയോഗത്തില്‍ വരുന്നതിനുള്ള സാഹചര്യം സംജാതമാകുന്നു. പ്രസ്തുത തസ്തിക തൊഴിലുടമയുടെ ബിസിനസ് രഹസ്യങ്ങള്‍ തൊഴിലാളി അറിയുന്ന തരത്തിലുള്ളതാണെന്കിലും തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷവും ആ തൊഴിലാളിയോടു ഭാവിയില്‍ തന്റെ ബിസിനസ് എതിരാളികളുടെ കീഴില്‍ സമാനമായ ജോലിയിലേര്‍പ്പെട്ട് തന്നോട് മല്‍സരിക്കരുതെന്നും തന്റെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തു വിടരുതെന്നും ആവശ്യപ്പെടാനുള്ള അവകാശം ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സൗദി തൊഴില്‍ നിയമപ്രകാരം തൊഴിലുടമക്ക് നല്‍കുന്നു. .

എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ഈ നിയമത്തിന്റെ പ്രയോഗവല്‍ക്കരണം നിബന്ധനകള്‍ക്ക് വിധേയമാക്കപ്പെട്ടിരിക്കുന്നു. ഈ നിയമ അവകാശം തൊഴിലുടമക്ക് നിയമ പ്രകാരം ലഭ്യമാകണമെങ്കില്‍ അത് എഴുതപ്പെട്ടതായിരിക്കണം എന്നതാണ് ഒന്നാമത്തെ നിബന്ധന. അത് പോലെ തന്നെ അനന്തമായ സമയത്തേക്ക് വിലക്ക് നീട്ടി കൊണ്ട് പോകാന്‍ തൊഴില്‍ നിയമം അനുവാദം കൊടുക്കുക്കുന്നില്ല. ഇത് സംബന്ധിച്ചുള്ള തിയ്യതിയും ഭാവിയിലെ വിലക്ക് അവസാനിക്കുന്ന കാലാവധിയും വ്യക്തമായും കൃത്യമായും കരാറില്‍ പരാമര്‍ശിച്ചിരിക്കണം. കൂടാതെ സ്ഥലവും തൊഴിലാളി ചെയ്യുന്ന ജോലിയും, കരാര്‍ പ്രകാരം വിലക്കുന്ന സമാന ജോലികളുടെ തരവും ഇതില്‍ വ്യക്തമായി പരാമര്‍ശിച്ചിരിക്കുകയ്ജം വേണം.

ഈ നിബന്ധന വെക്കുന്നത് തൊഴിലുടമയുടെ ന്യായമായുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതുമായിരിക്കണം. അതേ സമയം തൊഴിലാളിയുടെ ന്യായമായ അവകാശങ്ങളെ ഈ കരാര്‍ മൂലം ഹനിക്കാനും പാടില്ല. അതായത് പ്രസ്തുത തൊഴിലാളി മറ്റൊരിടത്തും ഒരു ജോലിയും സ്വീകരിക്കാന്‍ പാടില്ല എന്ന രീതിയിലുള്ള അന്ധമായ നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. തന്നോട് മല്‍സരിക്കരുതെന്നും തന്റെ രഹസ്യങ്ങള്‍ പുറത്തു വിടരുതെന്നുമുള്ള തൊഴിലുടമയുടെ ന്യായമായ ആവശ്യത്തിനു മാത്രമാണ് തൊഴില്‍ നിയമം അംഗീകാരം നല്‍കുന്നത്.

അത് പോലെ നിരോധനത്തിന്റെ കാലാവധി പരമാവധി രണ്ടു വര്‍ഷത്തില്‍ കൂടാന്‍ പാടില്ലെന്ന് തൊഴില്‍ നിയമം വ്യക്തമായി തന്നെ നിഷ്കര്‍ഷിക്കുന്നുണ്ട്. എക്സിറ്റില്‍ പോയതിനു ശേഷം, അതായത് തൊഴില്‍ കരാറും തൊഴിലാളി–തൊഴിലുടമ ബന്ധവും അവസാനിച്ചതിനു ശേഷം പരമാവധി രണ്ടു വര്‍ഷമായിരിക്കണം ഇതിന്റെ കാലാവധി. തൊഴില്‍ കാരാര്‍ അവസാനിപ്പിച്ച ദിവസം മുതലായിരിക്കും ഈ രണ്ടു വര്‍ഷ കാലാവധി തുടങ്ങുന്നത്. 

 

Permanent link to this article: http://pravasicorner.com/?p=16319

Copy Protected by Chetan's WP-Copyprotect.