സൗദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാന്‍ കുടുംബത്തിന് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി

 

m

സൗദി അറേബ്യ: രാജ്യത്ത്‌ ജോലി ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും അവരുടെ ആശ്രിത വിസയിലുള്ള കുടുംബത്തിനും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കി. ഈ നിബന്ധന കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ നിര്‍ബന്ധമാക്കി. മറ്റുള്ള പ്രവിശ്യകളില്‍ അടുത്ത മാസം മുതല്‍ ഇത് നിലവില്‍ വരും. 

വിദേശിയുടെ ഇഖാമ പുതുക്കണമെങ്കില്‍ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ആവശ്യമാണ്‌. ഇപ്പോള്‍ ദമ്മാം, ജുബൈല്‍, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ കുടുംബാംഗങ്ങളുടെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിദേശ ജോലിക്കാരന്റെ ഇഖാമ പുതുക്കി നല്‍കുന്നുള്ളൂ. ഓണ്‍ലൈനായി പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കുടുംബാംഗങ്ങളുടെ ഇന്‍ഷൂറന്‍സ് പരിരഷ സംബന്ധിച്ച സന്ദേശങ്ങള്‍ ലഭിക്കുന്നു.  

എല്ലാ വിദേശികള്‍ക്കും അവരുടെ കുടുംബത്തിനും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ കോപ്പറേറ്റീവ് ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

ആശ്രിതരായി രേഖപ്പെടുത്തുന്ന എല്ലാ കുടുംബാംഗങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്ന് തൊഴില്‍ കരാറില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമ്മേഴ്സ് ആന്‍ഡ്‌ ഇന്‍ഡസ്ട്രിയുടെ ഇന്‍ഷൂറന്‍സ് കമ്മിറ്റി മെമ്പര്‍ ഇബ്രാഹിം യൂസഫ്‌ അല്‍ റമാല്‍ ഉണര്‍ത്തി.

ശമ്പളത്തിന്റെ മാനദണ്ഡം നോക്കാതെ എല്ലാ ജോലിക്കാര്‍ക്കും തൊഴിലുടമ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ വിദേശികള്‍ക്ക് സൗദി വനിതകളില്‍ ഉണ്ടായ കുട്ടികള്‍ക്കും സ്വദേശികളുടെ വിദേശി ഭാര്യമാര്‍ക്കും തൊഴിലുടമകള്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കേണ്ടതില്ല.

പുതിയ നിബന്ധന കമ്പനി വിസകളില്‍ അല്ലാത്ത വിദേശികള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കും. കമ്പനി വിസകളില്‍ ഫാമിലി സ്റ്റാറ്റസ്‌ ഉള്ളവര്‍ക്കും കുടുംബത്തിനും കമ്പനികള്‍ തന്നെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കും. മറ്റുള്ളവര്‍ ഇതിനു വേണ്ടി 2500 മുതല്‍ 5000 റിയാല്‍ വരെ ചിലവഴിക്കേണ്ടി വരും. കുടുംബത്തിന്‍റെ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ രേഖകള്‍ ഇല്ലാതെ കുടുംബ നാഥന്‍റെ ഇഖാമ പുതുക്കില്ല എന്നതിനാല്‍ ഈ നിബന്ധന സാധാരണ പ്രവാസിക്ക് ഇഖാമ പുതുക്കുന്ന സമയത്ത് അധിക ഭാരം ഉണ്ടാക്കും. 

 

Copy Protected by Chetan's WP-Copyprotect.