മാറാ രോഗങ്ങള്‍ ബാധിച്ചവരേയും ഗര്‍ഭിണികളായ വിദേശ വനിതകളെയും ജയിലില്‍ നിന്നും പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ അബ്ദുള്ള രാജാവിന്റെ ഉത്തരവ്

 

J

 

സൗദി അറേബ്യ: ചികില്‍സിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ബാധിച്ചവരെയും മാരകമായ അസുഖങ്ങള്‍ ഉള്ളവരെയും പൊതുമാപ്പ് നല്‍കി ജയിലില്‍ നിന്നും വിട്ടയക്കാന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്‌ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവ്‌ നല്‍കി. ചികില്‍സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തടവുകാരെ വിട്ടയക്കുക.

പൊതു അവകാശ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു ലക്ഷം റിയാല്‍ വരെയുള്ള പിഴകള്‍ അടക്കാന്‍ സാധിക്കാത്തവരെയും അഞ്ചു ലക്ഷം റിയാല്‍ വരെയുള്ള കസ്റ്റംസ്‌ പിഴകള്‍ അടക്കാന്‍ സാധിക്കത്തവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും.

ഗര്‍ഭിണികളായ വിദേശ വനിതകളെയും വിട്ടയക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദേശ വനിതകള്‍ ജയിലില്‍ വെച്ച് കുഞ്ഞുങ്ങള്‍ക്ക്‌ ജന്‍മം നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ യാത്രാ രേഖകള്‍ ഉണ്ടാക്കുന്നതിനു തടസ്സം ഉണ്ടാകാതിരിക്കാനും പൗരത്വ രേഖകള്‍ സ്വന്തം രാജ്യത്ത് വെച്ചു ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഗര്‍ഭിണികളായ വിദേശ തടവുകാരികളെ വിട്ടയക്കുന്നത്.

രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ മോചിതരാകുന്ന വിദേശികളെ ഉടന്‍ നാട് കടത്താനും നിബന്ധനയുണ്ട്.  

 

You may have missed

Copy Protected by Chetan's WP-Copyprotect.