സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി ഭാഗികമായി ഇളവു ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

 

c
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുന്ന കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍

 

സൗദി അറേബ്യ: രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധിത വാര്‍ഷിക ലെവിയുടെ പരിധിയില്‍ നിന്നും ഭാഗികമായി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് സമര്‍പ്പിച്ച നിര്‍ദ്ദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

ഒന്‍പതോ അതില്‍ താഴെയോ ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഇളവു ബാധകമാകുക. ഈ സ്ഥാപനങ്ങളിലെ നാല് വിദേശ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ലെവിയായ 2400 റിയാല്‍ അടക്കേണ്ടതില്ല. എന്നാല്‍ തൊഴിലുടമയായ സൗദി പൗരന്‍ മുഴുവന്‍ സമയ ജോലിക്കാരനായ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ഇളവു ലഭിക്കുകയുള്ളൂ. 

സ്വദേശികളെ വിവാഹം ചെയ്ത വിദേശികള്‍ക്കും അവരുടെ കുട്ടികള്‍ക്കും അടക്കേണ്ട ലെവിയില്‍ നിന്നും ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. നയതന്ത്ര പരമായ കാരണങ്ങളാല്‍ നാട് കടത്തേണ്ടതില്ലെന്നു ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച രാജ്യക്കാര്‍ക്കും ലെവിയില്‍ നിന്നും ഇളവു ലഭിക്കും.

ലെവി ഏര്‍പ്പെടുത്തുന്നതിന് മുന്‍പായി ഗവണ്മെന്റുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു മന്ത്രിതല കമ്മിറ്റിയെയും മന്ത്രിസഭാ യോഗം ഏര്‍പ്പെടുത്തി. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്കണം. വിദേശികള്‍ക്കുള്ള ലെവി കണക്കാക്കാതെ കരാര്‍ പത്രങ്ങള്‍ സമര്‍പ്പിച്ച കരാര്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഓരോ തൊഴിലാളിയുടെ ലെവി സംഖ്യക്ക് തുല്യമായ സംഖ്യയായിരിക്കും നഷ്ടപരിഹാരമായി നല്‍കുക. എന്നാല്‍ കരാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ ഈ നഷ്ടപരിഹാരം നല്കുകയുള്ളൂ. 

സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  തൊഴിലാളികളുടെ എണ്ണത്തില്‍ 50 ശതമാനം സ്വദേശികള്‍ ഇല്ലാത്ത സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് കൂടുതല്‍ വരുന്ന ഓരോ തൊഴിലാളിക്കും പ്രതിമാസം 200 റിയാല്‍ വീതം പ്രതിവര്‍ഷം 2400 റിയാല്‍ ലെവി തൊഴില്‍ മന്ത്രാലയം 2012 നവംബര്‍ മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ചിലവേറിയതാക്കാനും അത് വഴി കൂടുതല്‍ സ്വദേശി പൗരന്‍മാര്‍ക്ക് ജോലി ലഭിക്കുന്നതിനും വേണ്ടിയായിരുന്നു ഈ നിയമം കൊണ്ട് വന്നത്. 

ലെവി ഭാഗികമായി ഇളവു ചെയ്ത തീരുമാനത്തിന് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദീല്‍ ഫഖീഹ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന് കൃതജ്ഞത രേഖപ്പെടുത്തി. ഈ യുക്തമായ തീരുമാനം ചെറുകിട സ്ഥാപനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

 

You may have missed

Copy Protected by Chetan's WP-Copyprotect.