ജോലിക്കാരായ സ്ത്രീകള്‍ അബായ ധരിക്കരുതെന്ന ബഹറിന്‍ വനിതാ മന്ത്രിയുടെ വിവാദ ഉത്തരവ് റദ്ദാക്കി

 

ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫ
ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫ

 

ബഹറിന്‍/മനാമ: തന്‍റെ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അബായ ധരിക്കാന്‍ പാടില്ലെന്ന വിവാദ ഉത്തരവ് ബഹറിന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ റദ്ദാക്കി. സാംസ്കാരിക വകുപ്പ് മന്ത്രി ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫയാണ് വിവാദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രധാനമന്ത്രി റദ്ദാക്കുകയായിരുന്നു. സര്‍ക്കുലര്‍ വിവാദമാകുകയും സോഷ്യല്‍ മീഡിയകളില്‍ ഗഹനമായ ചര്‍ച്ചക്ക് വിധേയമാകുകയും പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്ത അവസരത്തിലാണ് റദ്ദാക്കല്‍ ഉത്തരവ് പുറത്തു വന്നത്.

ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മന്ത്രാലയത്തിലെ പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് പരമ്പരാഗതമായ തോബ്‌, കന്തൂറ പോലുള്ള വസ്ത്രങ്ങളോ അല്ലെങ്കില്‍ ടെയും ഷൂസും അടങ്ങുന്ന പടിഞ്ഞാറന്‍ ശൈലിയിലുള്ള വസ്ത്രധാരണമോ അവലംബിച്ചിരിക്കണം. സ്ത്രീകള്‍ക്ക് അനുയോജ്യമായ ഏതു വസ്ത്രവും ധരിക്കാമെന്നും എന്നാല്‍ അബായ ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

ചില വനിതാ ജീവനക്കാര്‍ ധരിക്കുന്ന അബായയുടെ അടിയില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഷെയ്ഖ മെയ്‌ ബിന്‍ത് മുഹമ്മദ്‌ അല്‍ ഖലീഫ ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 

 

റിപ്പോര്‍ട്ട്: ജോണ്‍ മാത്യൂസ്‌ 

 

Copy Protected by Chetan's WP-Copyprotect.