വിദ്യാര്‍ത്ഥികള്‍ അവധിയെടുത്താല്‍ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുന്ന നിയമം ഖത്തറില്‍ പ്രാബല്യത്തില്‍

 

sec

 

ഖത്തര്‍/ദോഹ: കുട്ടികള്‍ ക്ലാസുകളില്‍ വരാതെ തുടര്‍ച്ചയായി അവധിയെടുക്കുന്നത് തടയുന്നതിന് സുപ്രീം എജുക്കേഷന്‍ കൌണ്‍സില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യഭ്യാസ മന്ത്രിയും സുപ്രീം എജുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ.മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ വാഹിദ്‌ ബിന്‍ അലി ഹമ്മാദിയാണ് 2014 ലെ നമ്പര്‍ 23 ആയി ഈ ഉത്തരവ് പുറത്തിറക്കിയത്.  

മതിയായ കാരണങ്ങള്‍ ഇലാതെ സ്കൂളില്‍ അവധിയാകുന്ന വിദ്യാര്‍ത്ഥിയെ ടെസ്റ്റുകള്‍ എഴുതുന്നതില്‍ നിന്ന് ഈ നിയമം വിലക്കുന്നു. അകാരണമായ അവധിയെടുക്കുന്നത് തടയുന്നതിന് വേണ്ടിയാണ് നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് ഡോ.മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ വാഹിദ്‌ ബിന്‍ അലി ഹമ്മാദി വ്യക്തമാക്കി.

നാലാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ നിയമം ബാധകമാകും.

ഇത് പ്രകാരം ന്യായമായ കാരണങ്ങള്‍ ഇല്ലാതെ ഒരു വിദ്യാര്‍ത്ഥി ക്ളാസ്സില്‍ വരാതെ തുടര്‍ച്ചയായ ഏഴു ദിവസം അവധി എടുത്താല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയെ എല്ലാ വിഷയങ്ങളിലുമുള്ള അസമെന്റ്റ് ടെസ്റ്റുകള്‍ എഴുതുന്നതില്‍ നിന്നും വിലക്കും. സ്കൂള്‍ വര്‍ഷാരംഭം മുതലുള്ള അവധിയാണ് ഇക്കാര്യത്തില്‍ കണക്കിലെടുക്കുക.

തുടര്‍ച്ചയായല്ലാതെ അവധി എടുത്താലും ടെസ്റ്റുകളില്‍ നിന്ന് വിലക്കണമെന്നാണ് പുതിയ നിയമം നിഷ്കര്‍ഷിക്കുന്നത്. മതിയായ കാരണങ്ങള്‍ ഇല്ലാതെ ഇടവിട്ടുള്ള പത്തു ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി അവധിയായാല്‍ എല്ലാ വിഷയങ്ങളിലുമുള്ള രണ്ടാമത്തെ അസമെന്റ്റ് ടെസ്റ്റുകള്‍ എഴുതുന്നതില്‍ നിന്നും വിലക്കും  

ന്യായീകരിക്കാന്‍ സാധിക്കാത്ത കാരണങ്ങളാല്‍ തുടര്‍ച്ചയായ പതിമൂന്നു ദിവസത്തില്‍ കൂടുതല്‍ അവധി തുടരുകയാണെങ്കില്‍ എല്ലാ വിഷയങ്ങളിലുമുള്ള മൂന്നാമത് അസമെന്റ്റ് ടെസ്റ്റുകള്‍ എഴുതുന്നതില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥിയെ തടയും.

അസമെന്റ്റ് ടെസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക്‌ ടേം പരീക്ഷകളുടെ മാര്‍ക്കിനോട് കൂടെ കൂട്ടി കണക്കാക്കുന്നതിനാല്‍ അസമെന്റ്റ് ടെസ്റ്റുകള്‍ എഴുതാന്‍ സാധിക്കാത്തത് മൊത്തം മാര്‍ക്കില്‍ കുറവ് വരുത്തും. ഇത് ആ വിദ്യാര്‍ത്ഥിയുടെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

മതിയായ കാരണങ്ങള്‍ ഇല്ലാതെ പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥി  ക്ളാസ്സില്‍ വരാതിരുന്നാല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയെ ആദ്യ ടേമിലെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുമെന്നും നിയമത്തില്‍ വിശദീകരിക്കുന്നു. 

റിപ്പോര്‍ട്ട്: യൂസഫ്‌ ഇബ്രാഹിം (ഖത്തര്‍ ബ്യൂറോ)

 

Copy Protected by Chetan's WP-Copyprotect.