«

»

Print this Post

സൗദിയിലെ തൊഴിലാളി വാര്‍ഷിക അവധിക്കു പോകുമ്പോള്‍ ലഭിക്കുന്ന ലീവ് സാലറി ഇ എസ് ബി അല്ല.

 

500

 

Q. ഞാന്‍ കഴിഞ്ഞ 23 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. വര്‍ഷാവസാനം 21 ദിവസത്തെ അവധിയും രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളവും തരുന്നുണ്ട്. താന്കള്‍ മുന്‍പ് നല്‍കിയ ഉത്തരങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് വര്‍ഷത്തില്‍ 30 ദിവസത്തെ വാര്‍ഷിക അവധിക്കും വര്‍ഷത്തില്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ ഇ എസ് ബിക്കു ഞാന്‍ അര്‍ഹനാണ് എന്നാണു. ഇക്കാര്യം എന്റെ സ്പോണ്‍സരോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറയുന്നത് എല്ലാ വര്‍ഷവും എന്റെ കണക്കുകള്‍ തീര്‍ക്കുന്നുണ്ട് എന്നാണു. അതില്‍ കൂടുതലൊന്നും തരാനില്ല എന്നുമാണ്. ദയവായി ഇക്കാര്യങ്ങള്‍ വിശദീകരിക്കുക.

A. ആദ്യമായി ലീവ് സാലറിയും ഇ എസ് ബി (End of Service Benefit) യും തമ്മിലുള്ള വ്യത്യാസം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന  ഒരു തൊഴിലാളി മനസ്സിലാക്കേണ്ടതുണ്ട്

നിങ്ങള്‍ക്ക് അവധിക്കു പോകുമ്പോള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന തുക ഇ എസ് ബി അല്ല, അത് നിങ്ങള്ക്ക് തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട ലീവ് സാലറി (വാര്‍ഷിക അവധിയുടെ ശമ്പളം) ആണ്. ലീവ് സാലറി നല്‍കുന്നത് എല്ലാ വര്‍ഷവും അവധിക്കു പോകുമ്പോഴാണ്. (അവധിക്കു പോലുന്നത് നിങ്ങളുടെയും തൊഴിലുടമയുടെയും സൌകര്യാര്‍ത്ഥം രണ്ടു വര്‍ഷത്തിലോ പോകാം.)

എന്നാല്‍ ഒരു തൊഴിലാളിക്ക് ഇ എസ് ബി ലഭിക്കുക ഒരു തൊഴിലുടമയുടെ കീഴിലുള്ള അയാളുടെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ്. മാത്രമല്ല ഇ എസ് ബി കണക്ക് കൂട്ടേണ്ടത് തൊഴില്‍ ജീവിതം അവസാനിപ്പിക്കുമ്പോഴുള്ള അവസാന മാസം ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കാക്കി ഈ തുക ലഭിക്കും. 

താങ്കള്‍ ഇപ്പോഴത്തെ സ്പോണ്‍സറുടെ കീഴിലുള്ള താങ്കളുടെ തൊഴില്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ മാത്രമാണ് ഇ എസ് ബി ക്ക് അര്‍ഹത ഉണ്ടാകുന്നത്. എന്നാല്‍ ലീവ് സാലറിക്ക് എല്ലാ വര്‍ഷവും അര്‍ഹത ഉണ്ടായിരിക്കും. ലളിതമായി പറഞ്ഞാല്‍ ലീവ് സാലറി എല്ലാ വര്‍ഷവും ലഭിക്കേണ്ടതും ഇ എസ് ബി ആ സ്പോണ്‍സറുടെ കീഴിലുള്ള തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും ആണ്.  

ഇനി സാലറിയുടെയും ഇ എസ് ബി യുടെയും നിയമ വശങ്ങളിലേക്ക് കടക്കാം. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 109 ആണ് വാര്‍ഷിക അവധിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഒരു തോഴിലാളിയുടെ വാര്‍ഷിക അവധി അയാള്‍ അഞ്ചു വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കിയിട്ടില്ലെന്കില്‍ 21 ദിവസവും അഞ്ചു വര്ഷം പൂര്‍ത്തിയാക്കിയാല്‍ 30 ദിവസവും ആയിരിക്കണം. ഈ ദിവസങ്ങളിലെ ശമ്പളം അവധിക്കു പോകുമ്പോള്‍ തന്നെ തൊഴിലുടമ നല്‍കുകയും വേണം.

ഇനി ഇ എസ് ബി യെ കുറിച്ച് സൗദി തൊഴില്‍ നിയമം വിശേദീകരിക്കുന്നത് ശ്രദ്ധിക്കുക.

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

അഡ്വ.ഷിയാസ്‌ കുഞ്ഞിബാവ

വകുപ്പ് 84 ലാണ് ഇ എസ് ബി യെ കുറിച്ച് വിശദീകരണം ഉള്ളത്. അത് പ്രകാരം അഞ്ചു വര്‍ഷത്തെ സര്‍വീസ്‌ പൂര്‍ത്തിയാക്കാത്ത തൊഴിലാളിക്ക് അയാളുടെ തൊഴില്‍ ജീവിതത്തിന്റെ അവസാനത്തില്‍ പിരിഞ്ഞു പോകുമ്പോള്‍ തൊഴിലുടമ നല്‍കേണ്ടത് അവസാന മാസം നല്‍കിയ ശമ്പളത്തിന്റെ പകുതി മാത്രമാണ്. എത്ര വര്ഷം ജോലി ചെയ്തോ, അത്രയും വര്‍ഷത്തേക്ക് ഈ തുക നല്‍കണം. എന്നാല്‍ പ്രസ്തുത തൊഴിലാളി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുന്ടെന്കില്‍ അയാള്‍ക്ക്‌ അവസാന മാസം ലഭിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീടുള്ള ഓരോ വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകക്ക് അര്‍ഹത ഉണ്ടാകും. 

ഇപ്പോള്‍ നിങ്ങളുടെ തൊഴിലുടമ ചെയ്യുന്നത് സൗദി തൊഴില്‍ നിയമത്തിനു തികച്ചും വിരുദ്ധമായ കാര്യമാണ്. അയാള്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ സ്വന്തമായി നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാക്കുകയല്ല. തൊഴില്‍ നിയമത്തില്‍ നില നില്‍ക്കുന്ന ഏതെന്കിലും നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു നടപടിയും തൊഴിലാളിക്ക് ദോഷമുണ്ടാക്കുന്നതാണെങ്കില്‍ നിയമ വിരുദ്ധമാണ്. (എന്നാല്‍ അത്തരം നടപടികള്‍ തൊഴിലാളിക്ക് ഗുണമുണ്ടാകുന്നതാണെങ്കില്‍ അത് നിയമ വിരുദ്ധമാകുന്നതല്ല). ഇക്കാര്യം സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 8 അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്. 

തൊഴിലുടമയില്‍ നിന്നും സ്വീകരിച്ച പണത്തിന്റെ രേഖകള്‍ എല്ലാം അവസാനത്തെ സെറ്റില്‍മെന്റ്‌ വരെ ഭദ്രമായി സൂക്ഷിക്കുക. നിങ്ങളുടെ തൊഴില്‍ കരാര്‍ പൂര്‍ത്തിയായി തൊഴില്‍ അവസാനിപ്പിക്കുന്ന സമയത്ത് തൊഴില്‍ നിയമ പ്രകാരമുള്ള ഇ എസ് ബി ആവശ്യപ്പെടുക. തൊഴിലുടമ വിസമ്മതിക്കുന്ന പക്ഷം ലഭിക്കാനുള്ള ഇ എസ് ബിക്കു ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍ തെളിവ് സഹിതം പരാതി സമര്‍പ്പിക്കുക. നിങ്ങള്‍ ഇത് വരെ ലീവ് സാലറിയേക്കാള്‍ കൂടുതലായി എന്തെങ്കിലും തുക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ലഭിക്കാനുള്ള ഇ.എസ്.ബി യില്‍ നിന്നുള്ള അഡ്വാന്‍സ്‌ ആയി കണക്കാക്കാവുന്നതാണ്.

ഓര്‍ക്കുക ഇ എസ് ബി എന്നത് ഓരോ തൊഴിലാളിക്കും തൊഴില്‍ നിയമ പ്രകാരം നിര്‍ബന്ധമായി ലഭിക്കേണ്ട തുകയാണ്. അത് തൊഴിലുടമയുടെ ഔദാര്യമല്ല.  

 Facebook Profile : https://www.facebook.com/advshiyask

 

Permanent link to this article: http://pravasicorner.com/?p=16964

Copy Protected by Chetans WP-Copyprotect.