അമേരിക്കന്‍ പൗരന്മാരുടെ തലയറുത്ത വീഡിയോയിലുള്ള ഭീകരനെ തിരിച്ചറിഞ്ഞതായി അമേരിക്ക

 

 

 

അമേരിക്കന്‍ പൗരന്മാരുടെ തലയറുത്ത വീഡിയോയിലുള്ള ഐസിസ് ഭീകരനെ തിരിച്ചറിഞ്ഞതായി അമേരിക്ക. എഫ് ബി ഐ ഡയരക്ടര്‍ ജെയിംസ് കോമിയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചറിഞ്ഞയാളുടെ പേരോ പൗരത്വമോ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍പാകെ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

കഴിഞ്ഞ മാസം അവസാനത്തിലും ഈ മാസവുമായാണ് അമേരിക്കന്‍ പത്ര പ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോറ്റ്‌ലോഫ് എന്നിവരുടെ തലയറുക്കുന്ന വീഡിയോ ഐസിസ് പുറത്തു വിട്ടത്. ബ്രിട്ടീഷ്‌ ചുവയുള്ള ഇംഗ്ളീഷ്‌ സംസാരിക്കുന്ന തല മറച്ച വ്യക്തിയാണ് തലയറുക്കുന്നതിനു മുന്‍പായി വീഡിയോയിലൂടെ സംസാരിക്കുന്നത്.

ഇയാള മുന്‍പ് ലണ്ടനില്‍ താമസിച്ചിരുന്നയാളാണെന്നും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള കുടിയേറ്റക്കാരനാണെന്നും യൂറോപ്യന്‍ അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ പുറത്തു വിട്ടിരുന്നു. ബ്രിട്ടീഷ്‌ ഗവര്‍മെന്റ് ഏജന്‍സികളും അന്വേഷണത്തില്‍ സജീവമായിരുന്നു.

കൊല ചെയ്യപ്പെട്ട രണ്ടു പേരുടെയും തലയറുത്തത് ഇയാളാണെന്ന അന്തിമ നിഗമനത്തില്‍ അന്വേഷണ ഏജന്‍സികള്‍ എത്തിയിട്ടില്ല. തലയറുക്കുന്നതിനു മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്കും അമേരിക്കന്‍ ജനതക്കും ഇയാള്‍ മുന്നറിയിപ്പ് നല്കുന്ന രീതിയിലാണ് വീഡിയോ എഡിറ്റ്‌ ചെയ്തിട്ടുള്ളത്. ഇയാളുടെ സംഭാഷണം കഴിയുന്നതോടെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമല്ലാതാകുകയും ചെയ്യുന്നുണ്ട്. പിന്നീട് തലയറുത്ത മൃതദേഹങ്ങള്‍ കാണിക്കയും ചെയ്യുന്നു. അത് കൊണ്ട് ഇയാളുടെ സംഭാഷണത്തിന് ശേഷം തലയറുത്തത് മറ്റാരെങ്കിലും ആവാനുള്ള സാധ്യതയും അന്വഷണ ഏജന്‍സികള്‍ തള്ളി കളയുന്നില്ല.    

 

You may have missed

Copy Protected by Chetan's WP-Copyprotect.