കുവൈറ്റ് സിറ്റി: ജമ്മു കാശ്മീരിലെ പ്രളയ ദുരന്ത ബാധിതര്‍ക്ക് വേണ്ടി സ്വന്തമായി വന്‍ തുക പിരിച്ചുണ്ടാക്കി പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന് ചെയ്ത കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മാതൃകയായി.
കുവൈറ്റിലെ ഭാരതീയ വിദ്യാഭവനിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡി. ആര് പ്രത്യൂഷയാണ് ഇന്ത്യന്‍ സമൂഹത്തിനു ഒന്നാകെ അഭിമാനമായി മാറിയത്.
രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ 1001 (Rs 212,489 രൂപ) കുവൈറ്റ് ദീനാറാണ് പ്രത്യൂഷ പ്രളയ ബാധിതര്‍ക്ക് വേണ്ടി സ്വന്തമായി പിരിച്ചുണ്ടാക്കിയത്.
കഴിഞ്ഞ വേനലവധിക്ക് പ്രത്യൂഷ കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അവിടുത്തെ പ്രകൃതി ഭംഗിയും ജനങ്ങളുടെ പെരുമാറ്റ രീതിയും തന്നെ ആകര്‍ഷിച്ചിരുന്നതായും പ്രത്യൂഷ പറയുന്നു. പിന്നീടാണ് താന്‍ സന്ദര്‍ശനം നടത്തിയ ഭാഗങ്ങള്‍ പ്രളയത്തില്‍ മുങ്ങി പോയതായും ജനങ്ങള്‍ ദുരിതത്തില്‍ ആയതായും അറിയുന്നത്.
ദുരിത ബാധിതര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹോത്തോട് കൂടി എംബസ്സിയെ സമീപിച്ചു. എംബസ്സിയുടെ അനുവാടത്തോട് കൂടി ഒരു കത്ത് തയ്യാറാക്കി സംഭാവനകള്‍ക്കായി കൂട്ടുകാരെ സമീപിക്കുകയായിരുന്നു. പിന്നീട് പൊതു ജനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചു. ഇന്ത്യക്കാര്‍ മാത്രമല്ല മറ്റു രാജ്യക്കാരും തന്റെ ഉദ്യമത്തെ സഹായിച്ചു എന്ന് പ്രത്യൂഷ പറയുന്നു. ചില പാക്കിസ്ഥാന് സ്വദേശികളും പ്രത്യൂഷയുടെ ഉദ്യമത്തിലേക്ക് സംഭാവന നല്കി.
പിരിച്ചുണ്ടാക്കിയ തുക കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജൈനിന് കൈമാറി. ആന്ധ്രാപ്രദേശ് സ്വദേശികളായ ദുവ്വുരി വെങ്കടേസ്വറിന്റെയും അവാസരള ശശികിരണിന്റെയും മകളാണ് പ്രത്യൂഷ.