«

»

Print this Post

അച്ഛന്‍റെ കത്ത് …..

 

L

 

പതിനേഴു വർഷങ്ങൾക്കപ്പുറം ഞാന് ഈ പ്രവാസ ഭൂമിയിലേക്ക്‌ വണ്ടി കയറുമ്പോള്‍ അന്ന് ആഴ്ചയില്‍ ഒരു കത്തെങ്കിലും അയയ്ക്കണമെന്നായിരുന്നു വീട്ടില്‍നിന്നുള്ള അച്ഛന്‍റെ നിര്‍ദേശം.

”നിന്റെ കത്തുവരാന്‍ വൈകുമ്പോള്‍ ഞാന്‍ക്ഷേത്രത്തിലൊന്നു പോകും. തൊഴുത് തിരിച്ചെത്തിയാല്‍ ഉറപ്പാണ്, പിറ്റേന്ന് കത്തുമായി പോസ്റ്റുമാന്റെ വരവുണ്ടാകും.” എന്‍റെ അച്ഛന്‍റെ വിശ്വാസമായിരുന്നു അത്.

എണ്‍പത്തി നാലാമത്തെ വയസ്സില്‍ ഒരു സന്ധ്യ നേരത്ത് പെട്ടെന്ന് അച്ഛനങ്ങു പോയി. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ പഴയ ചില കടലാസുകള് ഒതുക്കിവെക്കുമ്പോള്‍ പണ്ട് എനിക്ക് അച്ഛനെഴുതിയ കത്തുകളുടെ ഒരു കെട്ട്!

ഒരു കൗതുകത്തിനു ഞാനതൊക്കെ വീണ്ടുമെടുത്ത് വായിച്ചു.

ആദ്യം വായിക്കുമ്പോള്‍ തോന്നിയതിലും കൂടുതല്‍ സ്‌നേഹം ഓരോ വാക്കുകളിലും തുടിച്ചുനില്‍ക്കുന്നതായി തോന്നി. വീട്ടിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങള്‍പോലും അച്ഛന്‍ എഴുതിയിരുന്നു.

വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി. അച്ഛന്റെ എഴുത്തിലെ വരികള്‍ ഇപ്പോഴും എന്റെ കണ്ണിലുണ്ട്. കണ്ണീര്‍ ഗ്രന്ഥികളില്‍ അത് പതുക്കെ തൊടുന്നുമുണ്ട്.

ഇന്നെന്റെ മകളോട് ഫോണിലൂടെ പ്രകടിപ്പിക്കുന്ന സ്‌നേഹവായ്പുകള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പിന്നീട് അവള് ഓര്‍ക്കുമോ? എങ്ങനെ ഓര്‍ക്കാന്‍? എന്റെ വാക്കുകള്‍ക്കു മീതെ എത്രയെത്ര കാര്യങ്ങള്‍ അവള് കേള്‍ക്കാനിരിക്കുന്നു!

എന്റെ തലമുറയുടെ സൗഭാഗ്യത്തെക്കുറിച്ച് ഞാനിപ്പോള് ഓര്‍ത്തു പോകുന്നു. നീലക്കടലാസില്‍ കഴിയാവുന്നത്ര ഭംഗിയുള്ള അക്ഷരങ്ങളില്‍ പകര്‍ത്തിവെക്കുന്ന മനസ്സ്. കത്ത് പോസ്റ്റുചെയ്താല്‍ പിന്നെ മറുപടിക്കായി ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്. ദൂരെ പോസ്റ്റുമാന്റെ നിഴലു കണ്ടാല്‍ ഉയരുന്ന ഹൃദയതാളം……ഇതൊന്നും ഈ തലമുറയ്ക്കു മനസ്സിലാകുന്ന കാര്യങ്ങളല്ല.

കത്തെഴുത്ത് ഒരു കലയാണ്. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം ജീവിതം

നന്ദകുമാര്‍. പാലക്കാട് തൃത്താല സ്വദേശി. ദുബൈയില്‍ പ്രവാസി

നന്ദകുമാര്‍. പാലക്കാട് തൃത്താല സ്വദേശി. ദുബൈയില്‍ പ്രവാസി

കെട്ടിപ്പടുക്കുമ്പോള്‍ മറന്നുപോകാന്‍ പാടില്ലാത്ത കല. ഇത് ഒരുഭാഗത്തു മാത്രം നിന്നുള്ള കാഴ്ചയായി കാണരുത്. കീബോര്‍ഡില്‍ വിരലൊന്നമര്‍ത്തിയാല്‍ ലോകം മുഴുവന്‍ മുമ്പിലെത്തുന്ന ഇക്കാലത്ത് കത്തെഴുതി സമയം കളയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. വേണമെന്ന് തോന്നുമ്പോള്‍ വേണ്ടപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാം. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കരികിലെത്താം. എല്ലാം ശരിതന്നെ. പക്ഷേ, ഓര്‍മിച്ചുവെക്കാവുന്ന വൈകാരികമായ ഒരനുഭവം കത്തുകള്‍ക്ക് നല്‍കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരാളുടെ മനസ്സിലെ ഭാവങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി പകര്‍ത്തിവെക്കുന്നു എന്ന അര്‍ഥത്തില്‍ നോക്കിയാല്‍ ഓരോ കത്തും സാഹിത്യരചനകളാണ്. നിങ്ങളറിയാതെ നിങ്ങളിലെ എഴുത്തുകാരനോ എഴുത്തുകാരിയോ പുറത്തുവരുന്ന നിമിഷങ്ങള്‍.

സൗഹൃദത്തിനും സ്‌നേഹത്തിനും പ്രണയത്തിനുമൊക്കെ ഒരു ലിഖിതരേഖ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ പക്ഷം. 

പ്രശസ്ത സഹിത്യകാരന് വി .കെ.എന്‍. മാതൃഭൂമിക്കയച്ച ഒരു കത്തിലെ വിലാസത്തെപ്പറ്റി ഒരു കഥ പ്രചാരത്തിലുണ്ട്. കവറിന്റെ പുറത്ത് പത്രാധിപര്‍, മാതൃഭൂമി, കോഴിക്കോട് ഒന്ന് – ഏറിയാല്‍ രണ്ട് എന്നാണത്രെ എഴുതിയിരുന്നത്. രണ്ടിനപ്പുറം പോവില്ല എന്നര്‍ഥം. ഇരിക്കട്ടെ പോസ്റ്റുമാനും ഒരു നുറുങ്ങു തമാശ എന്ന് വി.കെ.എന്‍. കരുതിക്കാണും.

പോസ്റ്റുമാന്റെ സൈക്കിള്‍ ബെല്ലടിക്കായി നമുക്ക് ഇനിയും കാതോര്‍ക്കാം.

 

Permanent link to this article: http://pravasicorner.com/?p=17362

Copy Protected by Chetan's WP-Copyprotect.