തൊഴില്‍ കരാറും തൊഴിലാളികളും

 

 

 

സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്നതിന് വേണ്ടി തൊഴില്‍ വിസയില്‍ എത്തിയിട്ടുള്ള ഒരു വിദേശിയുടെ തൊഴില്‍ ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ആധികാരിക രേഖയാണ് തൊഴില്‍ കരാര്‍. ഇത് ഒരു തൊഴിലാളിയുടെ തൊഴില്‍ ജീവിത ഭരണഘടന ആണെന്ന് പറയാം. 

സാധാരണ ഗതിയില്‍ തൊഴില്‍ നിയമത്തില്‍ പൊതുവായി പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഏതൊരു തൊഴിലാളിക്കും നിര്‍ബന്ധമായും ലഭിക്കും. ഈ പൊതുവായി പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങളെയും അവകാശങ്ങളെയും ഓരോ തൊഴില്‍ സ്ഥാപനത്തിനും തൊഴിലാളിക്കും പ്രത്യേകമായി മാറ്റിയെടുക്കുകയാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുന്നതിലൂടെ ചെയ്യുന്നത്. അതിനു പുറമേ എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കും എന്നും എന്തെല്ലാം കടമകള്‍ അല്ലെങ്കില്‍ കര്‍ത്തവ്യങ്ങള്‍ പ്രസ്തുത തൊഴിലാളി ചെയ്യണമെന്നും മറ്റുമുള്ള വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. 

സൗദി അറേബ്യയില്‍ തൊഴില്‍ കരാറിനെ സംബന്ധിച്ചിടത്തോളം ഒരു നിര്‍ബന്ധിത ഏകീകൃത രൂപം തൊഴില്‍ നിയമമോ തൊഴില്‍ മന്ത്രാലയമോ നല്‍കുന്നില്ല. ചില ജി സി സി രാജ്യങ്ങളില്‍ നിഷ്കര്‍ഷിക്കുന്നത് പോലെ തൊഴില്‍ മന്ത്രാലയം നല്‍കുന്ന രീതിയിലുള്ള തൊഴില്‍ കരാര്‍ മാത്രമേ ഉണ്ടാക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുമില്ല. അത് കൊണ്ട് തന്നെ സാധാരണ ഗതിയില്‍ ഓരോ തൊഴിലുടമയും തങ്ങളുടെ ബിസിനസ്സിന്റെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ രീതിയില്‍ തൊഴില്‍ കരാറിനെ രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്.

തൊഴില്‍ കരാറിന് രൂപം കൊടുക്കുന്നത് എപ്പോഴും തൊഴിലുടമകള്‍ ആയതിനാല്‍ സ്വാഭാവികമായും ആ കരാറുകള്‍ തൊഴിലുടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ആയിരിക്കും. തൊഴിലാളികളില്‍ നിന്നും തൊഴില്‍ സ്ഥാപനത്തിനോ തൊഴിലുടമക്കോ ലഭിക്കേണ്ട പ്രയോജനങ്ങള്‍ക്ക് ആയിരിക്കും അതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുക. ചില സാഹചര്യങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ അവര്‍ പോലും അറിയാതെ കവര്‍ന്നെടുക്കുന്ന തരത്തില്‍ വിദഗ്ദമായി അവക്കു രൂപം നല്‍കിയിരിക്കും. മറ്റു ചിലപ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടാകും. എന്നാല്‍ ഇതെല്ലാം ഒരു കരാറില്‍ ഒപ്പിട്ടു പോയതിനാല്‍ ആ കരാര്‍ കാലാവധിയില്‍ നിശബ്ദമായി സഹിക്കുകയാണ് സാധാരണയായി വിദേശ തൊഴിലാളികള്‍ ചെയ്യുന്നത്. പ്രതിഷേധമുയര്‍ത്തുന്നവര്‍ വിരളമാണ്.    

ഈ സാഹചര്യത്തില്‍ തങ്ങള്‍ ഒപ്പിടുന്ന തൊഴില്‍ കരാറിന്റെ സ്വഭാവത്തെ സംബന്ധിച്ച് ഒരു വിദേശ തൊഴിലാളി ബോധാവാനാകേണ്ടതുണ്ട്. തൊഴില്‍ കരാര്‍ മുഴുവനായി വായിച്ചു നോക്കി അതിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയതിനു ശേഷമായിരിക്കണം ഒപ്പിട്ടു നല്‍കേണ്ടത്. ഒരു വിദേശ തൊഴിലാളി തന്റെ ഒപ്പിന്റെ വില മനസ്സിലാക്കേണ്ടത് ഈ സാഹചര്യത്തിലാണ്. ഒരിക്കല്‍ ഒപ്പ് വെച്ചു കഴിഞ്ഞാല്‍ പ്രസ്തുത കരാറിലെ ഉള്ളടക്കം നിയമ വിരുദ്ധമാണെങ്കില്‍ പോലും ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ ചിലവഴിക്കേണ്ടി വരുന്ന സമയവും അദ്ധ്വാനവും ഏറെയാണ്‌. അതിനാല്‍ തൊഴില്‍ കരാര്‍ ഒപ്പ് വെക്കുന്നതിനു മുന്പായി അതിലെ ഉള്ളടക്കം വായിച്ചു മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്‌. 

തൊഴില്‍ കരാറും മറ്റു രേഖകളും ഔദ്യോഗിക ഭാഷയായ അറബിയില്‍ തന്നെയാവണം

അഡ്വ.ഷിയാസ് കുഞ്ഞിബാവ
അഡ്വ.ഷിയാസ് കുഞ്ഞിബാവ

എന്ന് തൊഴില്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അത് കൊണ്ട് തന്നെ സ്വദേശി കമ്പനികളുടെ തൊഴില്‍ കരാറുകള്‍ പലപ്പോഴും അറബി ഭാഷയില്‍ തന്നെയായിരിക്കും. അതെ സമയം അറബി ഭാഷയ്ക്ക്‌ പുറമേ തൊഴില്‍ കരാറില്‍ മറ്റേതെങ്കിലും വിദേശ ഭാഷ ഉപയോഗിക്കുന്നതിനെ തൊഴില്‍ നിയമം എതിര്‍ക്കുന്നില്ല. ഇക്കാരണത്താല്‍ പ്രായോഗികമായ സൗകര്യത്തിനു വേണ്ടി സാധാരണയായി സൗദി അറബ്യയില്‍ തൊഴില്‍ കരാറുകള്‍ ദ്വിഭാഷാ സംവിധാനത്തില്‍ ആണ് തയ്യാറാക്കപ്പെടുന്നത്. (ഉദാഹരണമായി ഒരു കരാറില്‍ തന്നെ ഇംഗ്ളീഷും അറബിയും ഇരു വശങ്ങളിലുമായി ഉപയോഗിക്കുന്നു) എന്നാല്‍ ദ്വിഭാഷാ കരാറുകളിലെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകരുത്. ഏതെങ്കിലും കാരണവശാല്‍ രണ്ടു ഭാഷകളിലും ഉള്ളടക്കത്തില്‍ ആശയ കുഴപ്പം ഉണ്ടായാല്‍ അറബി ഭാഷയില്‍ തയ്യാറാക്കപ്പെട്ട ഉള്ളടക്കം ആയിരിക്കും നിയമപരമായി നില നില്‍ക്കുക എന്ന് സൗദി തൊഴില്‍ നിയമം അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നു. 

താന്‍ ഒപ്പിട്ടു നല്‍കേണ്ട തൊഴില്‍ കരാര്‍ അറബി ഭാഷയില്‍ മാത്രമുള്ളതാണെങ്കില്‍ പ്രസ്തുത കരാര്‍ അറബി – ഇംഗ്ളീഷ് ഭാഷയില്‍ തയ്യാറാക്കുവാന്‍ തൊഴിലാളിക്ക് ആവശ്യപ്പെടാവുന്നതാണ്. ഇവിടെയും ചതിക്കുള്ള സാധ്യതകള്‍ ഏറെയാണ്‌. സാധാരണ ഗതിയില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വായിക്കുക ഇംഗ്ളീഷില്‍ ഉള്ള ഉള്ളടക്കം ആയിരിക്കും. അതില്‍ എന്ത് തന്നെ പറഞ്ഞാലും അറബി ഭാഷയില്‍ ഉള്ള ഉള്ളടക്കത്തിനോട് ആശയ കുഴപ്പം ഉണ്ടെങ്കില്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. അതിനാല്‍ തൊഴില്‍ കരാറുകള്‍ ഒരു ഔദ്യോഗിക വിവര്‍ത്തകനെ കൊണ്ട് വിവര്‍ത്തനം ചെയ്യിച്ചു നോക്കിയതിനു ശേഷം മാത്രമേ ഒപ്പിടാവൂ എന്നാണു നിയമ രംഗത്തുള്ളവര്‍ നല്‍കുന്ന ഉപദേശം. എന്നാല്‍ താഴെക്കിടയിലുള്ള തൊഴിലാളികളും ബ്ളൂ കോളര്‍ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളും ഇതിനൊന്നും സമയം ചിലവഴിക്കാറില്ല. അത് കൊണ്ട് തന്നെ പലപ്പോഴും ചതിയില്‍ അകപ്പെടുകയും ചെയ്യുന്നു. എന്തിനേറെ, ഒരു ചെറിയ ശതമാനം വൈറ്റ് കോളര്‍ ജോലിക്കാര്‍ പോലും തൊഴില്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് ആവശ്യമായ ശ്രദ്ധ പുലര്‍ത്തുന്നത് കാണാറില്ല. 

മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് തൊഴില്‍ നിയമത്തില്‍ പൊതുവായി പറഞ്ഞിട്ടുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഏതൊരു തൊഴിലാളിക്കും നിര്‍ബന്ധമായും ലഭിക്കും എന്നതിന് പുറമേ തൊഴിലാളികളുടെ റിലീസിനെ സംബന്ധിച്ചോ സെറ്റില്‍മെന്റ് സംബന്ധിച്ചോ ഉള്ള അവകാശങ്ങളുടെ കാര്യത്തില്‍ തൊഴില്‍ നിയമത്തില്‍ പറയാത്ത നിബന്ധനകളും ആനുകൂല്യങ്ങളും തൊഴില്‍ കരാറില്‍ ചേര്‍ക്കാവുന്നതാണ് എന്നതാണ്. അക്കാര്യങ്ങള്‍ക്കും നിയമ പരിരക്ഷ ഉണ്ടാകും.

എന്നാല്‍ ഈ പരിരക്ഷ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും തൊഴില്‍ നിയമം ലഭ്യമാക്കുക. അതായാത് മേല്‍ പറഞ്ഞ ആനുകൂല്യങ്ങളും നിബന്ധനകളും തൊഴിലാളിക്ക് കൂടുതല്‍ പ്രയോജനകരമാണെങ്കില്‍ അവ തൊഴില്‍ നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും തൊഴില്‍ നിയമം അംഗീകരിക്കും. എന്നാല്‍ തൊഴില്‍ നിയമത്തില്‍ പറയാത്ത ഏതെങ്കിലും കാര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ദോഷകരമായി വരുന്ന രീതിയില്‍ എഴുതി ചേര്‍ത്താല്‍ അതിനു നിയമ പരിരക്ഷ ഉണ്ടാവില്ല. അവ തുടക്കത്തിലേ അസാധുവായിരിക്കും എന്നാണു തൊഴില്‍ നിയമത്തിലെ വകുപ്പ് എട്ടു വ്യക്തമാക്കുന്നത്. 

അതു കൊണ്ട് തന്നെ ഈ ഒരു വകുപ്പ് തൊഴിലാളികള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഒരു വകുപ്പായിട്ടാണ് തൊഴില്‍ നിയമ വിദഗ്ദര്‍ കണക്കാക്കുന്നത്. ഈ ഒരു വകുപ്പിനെ ഉപയോഗിച്ച് കൊണ്ട് തന്നെ അന്യായമായ നിബന്ധനകളെയും തൊഴിലാളി വിരുദ്ധമായ നടപടിക്രമങ്ങളെയും ഗുണപരമായി പ്രതിരോധികാന്‍ ഒരു തൊഴിലാളിക്ക് സാധിക്കും. അതില്‍ നിന്നെലാം ഒരു തൊഴിലാളിക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നു. സൗദി തൊഴില്‍ നിയമ പ്രകാരം ഈ പരിരക്ഷ സ്വദേശി – വിദേശി വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികള്‍ക്കും ലഭ്യമാകുകയും ചെയ്യും.     

തൊഴില്‍ കാരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍  താന്‍ ഒപ്പിട്ട കരാറിന്‍റെ ഒരു കോപ്പി തൊഴിലാളി നിര്‍ബന്ധമായും കൈവശം സൂക്ഷിക്കണം. ഭാവിയില്‍ ഉണ്ടാകാവുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ആകമാനം തെളിവായി ഹാജരാക്കാന്‍ സാധിക്കുന്ന ഒരു ആധികാരിക രേഖയാണത്. തൊഴില്‍ കരാറിന് പകര്‍പ്പുകള്‍ ഉണ്ടാകണമെന്നും ഒരു കോപ്പി വീതം തൊഴിലുടമയും തൊഴിലാളിയും കൈവശം സൂക്ഷിക്കണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.