സൗദി തൊഴില്‍ നിയമം: കമ്പനി മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ക്ക് എന്ത് സംഭവിക്കും?

 

 

 

ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം മറ്റൊരു കമ്പനിക്ക് കൈമാറി. എനിക്ക് കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളവും അഞ്ചു വര്‍ഷത്തെ ഇ എസ് ബി യും ലഭിക്കാനുണ്ട്. പുതിയ കമ്പനി പറയുന്നത് അവരുടെ കീഴിലേക്ക് മാറിക്കഴിഞ്ഞാല്‍ പുതിയ തൊഴില്‍ കരാര്‍ ഉണ്ടാക്കുമെന്നാണ്. പഴയ കാലത്തെ ശമ്പളവും ഇ എസ് ബി യും മറ്റു ആനുകൂല്യങ്ങളും തരില്ലെന്നും പറയുന്നു. ഇത് അനീതിയല്ലേ? ഇതിന്റെ നിയമ വശം പറഞ്ഞു തന്നു സഹായിക്കാമോ?

ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥ അവകാശം പുതിയ ഒരു വ്യക്തിക്ക് കൈമാറുന്ന സന്ദര്‍ഭത്തിലോ അല്ലെങ്കില്‍ ലയനം, അവകാശം നല്‍കല്‍ (Partition) തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സ്ഥാപനത്തിന്റെ നിയമപരമായ അവസ്ഥക്കും അസ്തിത്വത്തിനോ മാറ്റം വരുന്ന സാഹചര്യത്തിലോ തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് സൗദി തൊഴില്‍ നിയമം വ്യക്തമായി പറയുന്നുണ്ട്.

രണ്ടു സ്ഥാപനങ്ങള്‍ തമ്മില്‍ ലയിക്കുന്ന സന്ദര്‍ഭത്തിലോ (Merger), പൈതൃക അവകാശം വീതം വെച്ച് നല്‍കുന്ന സന്ദര്‍ഭത്തിലോ (Partition) ആണ് പ്രധാനമായും തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ഇത്തരത്തിലുള്ള നിയമ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.

മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും പഴയ സ്ഥാപനത്തിലെ നിലനില്‍ക്കുന്ന തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അത് പോലെ തന്നെ നില നിര്‍ത്തേണ്ടതാണ്. തൊഴിലുടമക്ക് ഏകപക്ഷീയമായി അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഈ അവസങ്ങളില്‍ എല്ലാം തന്നെ തൊഴിലാളിയുടെ സേവനം ‘തുടര്‍ച്ചയായുള്ള സേവനം’ (Continuous Service) എന്ന രീതിയില്‍ തന്നെ ആയിരിക്കും തൊഴില്‍ നിയമം കണക്ക് കൂട്ടുന്നത്‌. (‘തുടര്‍ച്ചയായുള്ള സേവനം’ എന്ന പദം കൂടുതല്‍ പ്രസക്തമാവുക സേവനാനതര ആനുകൂല്യങ്ങള്‍ കണക്ക് കൂട്ടുന്ന സമയത്താണ്).

മേല്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ കൈമാറ്റം നടക്കുന്നതിനു മുന്‍പ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളം, ഉടമസ്ഥ അവകാശം കൈമാറ്റം ചെയ്ത തിയ്യതി വരെയുള്ള സേവനാനന്തര അവകാശം (ESB – End of Service Benefit), മറ്റുള്ള അവകാശങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് സംബന്ധിച്ച് കൈമാറ്റം നടന്ന തിയ്യതി മുതല്‍ പുതിയ ഉടമയും പഴയ ഉടമയും ഒരു പോലെ ഒറ്റക്കും കൂട്ടായും ബാധ്യസ്ഥരാണ്.

എന്നാല്‍ ഉടമസ്ഥ അവകാശ കൈമാറ്റം നടക്കുന്നത് വ്യക്തിയുടെ (Individual Ownership) ഉടമസ്ഥതയിലുള്ള സ്ഥാപനം ആണെങ്കില്‍, തൊഴിലാളിക്ക് ലഭിചിട്ടില്ലാത്ത അവകാശങ്ങള്‍ പുതിയ ഉടമ ഏറ്റെടുത്തു കൊള്ളാമെന്നു പഴയ ഉടമയും പുതിയ ഉടമയും തമ്മില്‍ ധാരണയില്‍ എത്തണം. പക്ഷെ ഇക്കാര്യത്തില്‍ തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇക്കാര്യം സമ്മതിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. തൊഴിലാളിയുടെ രേഖാ മൂലമുള്ള സമ്മതത്തോടു കൂടി മാത്രമേ മേല്‍ പറഞ്ഞ ബാധ്യാതാ കൈമാറ്റം പുതിയ ഉടമയിലേക്ക് നല്‍കാന്‍ പഴയ ഉടമക്ക് അനുവാദമുള്ളൂ.

തൊഴിലാളിക്ക് സമ്മതം നല്‍കുന്നതിന് താല്‍പ്പര്യം ഇല്ലെങ്കില്‍ തന്റെ തൊഴില്‍ കരാര്‍ അവിടെ വെച്ച് അവസാനിപ്പിക്കുന്നതിന് ആവശ്യപ്പെടാന്‍ തൊഴിലാളിക്ക് സാധിക്കും അത്തരം അവസത്തില്‍ തൊഴിലാളിയുടെ നില നില്‍ക്കുന്ന അവകാശങ്ങള്‍ പഴയ തൊഴില്‍ ഉടമ തന്നെയായിരിക്കും നല്‍കേണ്ടത്.     

 

You may have missed

Copy Protected by Chetan's WP-Copyprotect.