വേലക്കാരികള്‍ക്ക് 2500 ഡോളര്‍ ബാങ്ക് ഗാരന്റി നിര്‍ബന്ധം തന്നെയന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി

0
1

 

dh

 

കുവൈറ്റ്‌/കുവൈറ്റ്‌ സിറ്റി: വിദേശത്തേക്ക് പോകുന്ന സ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ന് ശേഷം നിരവധി നടപടികള്‍ എടുത്തിട്ടുണ്ടെന്നും അതിലൊന്ന് മാത്രമാണ് ബാങ്ക് ഗാരന്റി നിബന്ധനയെന്നും കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സി പുറത്തിറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കി.

ഇതിനു മുന്‍പ് പല തരത്തിലുള്ള പരാതികള്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് വ്യാപകമായിരുന്നു. സമയത്ത് ശമ്പളം നല്‍കാതിരിക്കുക, ശാരീരികമായും മാനസികമായുമുള്ള പീഡനം, പാസ്പോര്‍ട്ട് പിടിച്ചു വെക്കല്‍ എന്നിവയായിരുന്നു പ്രധാനമായുള്ള ആരോപണങ്ങള്‍.

തൊഴിലാളിക്ക് ശബളം മുടക്ക് വരുത്തിയാലും മറ്റുമുള്ള വീഴ്ചകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ബാങ്ക് ഗാരന്റി നിര്‍ദ്ദേശം സര്‍ക്കാര്‍ കൊണ്ട് നിര്‍ബന്ധമാക്കിയത്. ബാങ്ക് ഗാരന്റി നിബന്ധന ഇതിനകം തന്നെ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കി കഴിഞ്ഞു.

ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ ഗാര്‍ഹിക ജോലിക്ക് പോകുന്ന സ്ത്രീകളുടെ പ്രായം 30 വയസ്സില്‍ കുറവാകാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്. സ്പോണ്‍സറും ജോലിക്കാരിയും തമ്മിലുള്ള തൊഴില്‍ കരാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഈ കരാര്‍ ഇന്ത്യന്‍ എംബസ്സി അറ്റസ്റ്റ് ചെയ്തിരിക്കുകയും വേണം. കൂടാതെ ഓരോ സ്പോണ്‍സറും ബാങ്ക് ഗാരന്റിയായി 2500 ഡോളര്‍ ഇന്ത്യന്‍ എംബസ്സിയില്‍ കെട്ടി വെക്കണം. ഈ തുക ജോലിക്കാരി ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ പരാതികള്‍ ഒന്നും നിലവിലില്ലെങ്കില്‍ സ്പോണ്‍സര്‍ക്ക് തിരിച്ചു നല്‍കും.

സ്പോണ്‍സര്‍ ജോലിക്കാരിക്ക് പ്രീ പെയിഡ് മൊബൈല്‍ കാര്‍ഡ് അടങ്ങിയ മൊബൈല്‍ ഫോണ്‍ നല്‍കണം. പ്രതിമാസ വേതനം 70 കുവൈറ്റ്‌ ദിനാറില്‍ കുറവാകാന്‍ പാടില്ല.

ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കുന്നതിനും അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലഫോണ്‍ ഹെല്‍പ് ലൈന്‍ എംബസ്സിയില്‍ പ്രവര്‍ത്തിക്കുമെന്നും എംബസ്സി പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.