«

»

Print this Post

15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തി

 

mufthi

സൗദി ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ക്ക് അബ്ദുള്‍ അസീസ്‌ അല്‍ ഷെയ്ക്ക്

 

സൗദി അറേബ്യ: 15 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതിന്‍ തെറ്റൊന്നും കാണുന്നില്ലെന്ന് സൗദി ഗ്രാന്‍ഡ്‌ മുഫ്തി ഷെയ്ക്ക് അബ്ദുള്‍ അസീസ്‌ അല്‍ ഷെയ്ക്ക് വ്യക്തമാക്കി. അല്‍ റിയാദ്‌ ദിനപത്രത്തോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട്‌ വ്യക്തമാക്കിയത്.

നിലനില്‍ക്കുന്ന ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ യാതൊരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും അതിനായി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പ്രായം തികയാത്ത പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ തടയുന്നതിന് വേണ്ടി നിശ്ചിത പ്രായപരിധി നിശ്ചയിക്കുന്നതിന് ആവശ്യമായ നിയമത്തിനു വേണ്ടി പരിശ്രമിക്കുന്ന നീതിന്യായ മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഗ്രാന്‍ഡ്‌ മുഫ്തിയുടെ ഈ പ്രസ്താവന. ഇത് മന്ത്രാലയ ശ്രമങ്ങള്‍ ദുര്‍ബലമാക്കും.

രണ്ടു വര്‍ഷം മുന്‍പ് ഇത്തരം വിവാഹങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ട് നീതിന്യായ മന്ത്രാലയം മത മേലദ്ധ്യക്ഷന്‍മാര്‍ക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിവാഹത്തിന്റെ പ്രായ പരിധിക്ക് ഒരു ഫത് വ പുറപ്പെടുവിക്കാനും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയോട് മത മേലദ്ധ്യക്ഷന്‍മാര്‍ പ്രതികരിച്ചിരുന്നില്ല.

മന്ത്രാലയം പുറത്തിറക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ചിരുന്ന നിയമത്തില്‍ വധുവിന്‍റെ പ്രായം 15 വയസ്സിനു താഴെയാണെങ്കില്‍ പുരുഷനായ രക്ഷകര്‍ത്താവിന്റെ സമ്മതം ഉണ്ടെങ്കില്‍ പോലും വിവാഹത്തിന് അനുവാദം നല്‍കില്ല. നിബന്ധനകള്‍ക്ക് വിധേയമായി കോടതി അംഗീകരിക്കുന്ന വിവാഹത്തിനു മാത്രമേ സാധുത ഉണ്ടാകുകയുള്ളൂ എന്ന് മന്ത്രാലയം വിശദീകരിച്ചിരുന്നു. 1988 ല്‍ മസ്കറ്റില്‍ വെച്ച് നടന്ന ജി സി സി മന്ത്രിമാരുടെ തീരുമാനത്തിലെ വകുപ്പ് 282 പ്രകാരമാണ് മന്ത്രാലയം പുതിയ നിയമത്തിനു രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

അത് പോലെ തന്നെ വിവാഹത്തിലും കുടുംബ ജീവിതത്തിലും ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി പുതിയ നിയമത്തിനു രൂപം നല്‍കാനായിരുന്നു മന്ത്രാലയം ഉദ്ദേശിച്ചിരുന്നത്. വിവാഹം, വിവാഹ ബന്ധം വേര്‍പ്പെടുത്തല്‍, പുരുഷന്മാരുടെയും പെണ്‍കുട്ടികളുടെയും പ്രായപൂര്‍ത്തി സംബന്ധിച്ച വകുപ്പുകള്‍, പിന്തുടര്‍ച്ച അവകാശം തുടങ്ങിയവക്ക് കൃത്യമായ നിര്‍വചനങ്ങളോട് കൂടിയ വകുപ്പുകള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.

ഇത് പ്രകാരം എല്ലാ തലങ്ങളിലും സ്ത്രീ-പുരുഷ സമത്വം പ്രതിഫലിക്കുമെന്ന് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശരിഅത് ശാസന പ്രകാരം വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ പുരുഷന്റെ രക്ഷകര്‍തൃത്വം സ്ത്രീയുടെ മേല്‍ നിന്നും ഒഴിവാക്കുമെന്നും വിശദീകരണമുണ്ടായിരുന്നു. കൂടാതെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുന്ന പക്ഷം ഭാര്യക്ക് വിവാഹ മോചനം ആവശ്യപ്പെടുന്നതിനുള്ള വകുപ്പ് വിവാഹ കരാറില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അനുവാദവും വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ആ വീട്ടില്‍ തന്നെ കഴിയാനുള്ള അനുവാദവും നല്‍കാനും മന്ത്രാലയം നല്‍കുമെന്നും മന്ത്രാലയം സൂചിപ്പിച്ചിരുന്നു.  

ഗ്രാന്‍ഡ്‌ മുഫ്തിയുടെ അഭിപ്രായ പ്രകടനം വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ നിയമപരമായി മുന്നോട്ടു പോകാനുള്ള മന്ത്രാലയത്തിന്‍റെ വഴികള്‍ അടച്ചിരിക്കുകയാണ്. 

 

Permanent link to this article: http://pravasicorner.com/?p=17718

Copy Protected by Chetan's WP-Copyprotect.