«

»

Print this Post

നിരോധിച്ചതാണെന്ന് അറിയാതെ നാട്ടില്‍ നിന്നും മരുന്ന് വരുത്തിച്ച മലയാളിയെ നാട്ടിലേക്ക് കയറ്റി വിടാന്‍ കോടതി ഉത്തരവ്

 

P

 

സൗദി അറേബ്യ/യാമ്പു: നിരോധിക്കപ്പെട്ട വിഭാഗത്തില്‍ പെട്ടതാണെന്ന് അറിയാതെ സ്വന്തം ആവശ്യത്തിനായി വരുത്തിച്ച മരുന്നുകളുടെ കൂട്ടത്തില്‍ സൗദിയില്‍ നിരോധിച്ച മരുന്നുകള്‍ ഉള്‍പ്പെട്ടതിനാല്‍ മലയാളിയെ നാട് കടത്താന്‍ കോടതി വിധി. സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാമ്പുവിലെ ബാക്കാലയില്‍ ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സിദ്ദീഖിനാണ് കോടതി വിധി പ്രതികൂലമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

ഒരു വര്‍ഷം മുന്‍പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടുത്ത ശ്വാസ തടസ്സം മൂലം സംസാരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സിദ്ധീഖ് തന്റെ സുഹൃത്തായ കോഴിക്കോട്‌ പാലിശ്ശേരി സ്വദേശി ഷംസു മുഖേനയായിരുന്നു നാട്ടില്‍ നിന്നും മരുന്ന് വരുത്തിച്ചത്. സിദ്ദീഖിന്റെ ആവശ്യ പ്രകാരം നാട്ടില്‍ നിന്നും മരുന്ന് കൊണ്ട് വന്ന ഷംസുവിനെ യാമ്പു എയര്‍പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ പിടികൂടുകയായിരുന്നു. 15 വര്‍ഷമായി യാമ്പുവില്‍ ജോലി ചെയ്തു വന്നിരുന്ന ഷംസു സന്ദര്‍ശക വിസയില്‍ വന്ന കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയി ആറു മാസത്തെ അവധി കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് പിടിയിലായത്.

നാട്ടില്‍ നിന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മരുന്നുകളായിരുന്നു കൈവശം ഉണ്ടായിരുന്നത്. ഈ മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിട്ടും സൗദിയില്‍ നിരോധിച്ച മരുന്നുകളുടെ അംശങ്ങള്‍ കൂട്ടത്തിലുള്ള ഒരു മരുന്നില്‍ കണ്ടെത്തിയതിനാല്‍ അധികൃതര്‍ തടഞ്ഞു വെച്ച് നാര്‍കോട്ടിക്‌ സെല്ലിനു കൈമാറുകയായിരുന്നു.

ഒരാഴയോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഷംസുവിനെ രക്ഷപ്പെടുത്തുന്നതിനു വേണ്ടി തനിക്കു വേണ്ടിയാണ് മരുന്ന് കൊണ്ട് വന്നതെന്ന് സിദ്ദീഖ് നാര്‍കോട്ടിക് അധികൃതരുടെ മുന്‍പാകെ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് ശംസുവിനെ മോചിപ്പിച്ച അധികൃതര്‍ സിദ്ദീഖിനെ കസ്റ്റഡിയില്‍ എടുത്തു. പ്രസ്തുത കേസില്‍ യാമ്പുവിലെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഇത് വരെ ജാമ്യത്തില്‍ ആയിരുന്നു സിദ്ദീഖ്.     

ഈ കേസിന്റെ അന്തിമ വിധിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്ന് വരുത്തിച്ചതിനു സിദ്ദീഖിനെ നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു കോടതി വിധിച്ചത്. തുടര്‍ന്ന് പോലീസ് സിദ്ദീഖിനെ കസ്റ്റഡിയില്‍ എടുക്കുകയും നാട്ടിലേക്ക് കയറ്റി വിടുന്നതിനായി തര്‍ഹീലില്‍ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജിദ്ദ വഴി നാട്ടിലേക്കു അയക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. അത് പ്രകാരം സിദ്ദിഖിനൊപ്പം ജോലി ചെയ്യുന്ന മലയാളിയായ ബാപ്പു ടിക്കറ്റും എത്തിച്ചിരുന്നു.

അതേ സമയം സിദ്ദീഖ് ഇത് വരെ നാട്ടില്‍ എത്തിയില്ല എന്ന വിവരം നാട്ടില്‍ നിന്നും ലഭിച്ചത് ആശയ കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഇന്ന് രാവിലെ നാട്ടില്‍ എത്തേണ്ടതായിരുന്നു എങ്കിലും വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ സിദ്ദീഖ് നാട്ടില്‍ എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചതെന്ന് ബാപ്പു പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി യാമ്പുവിലെ സാമൂഹിക പ്രവര്‍ത്തകര്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.  

 

Permanent link to this article: http://pravasicorner.com/?p=17779

Copy Protected by Chetan's WP-Copyprotect.