ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ അല്ലാത്ത ജോലി ചെയ്യുന്നത് നിയമ വിരുദ്ധം

 

Q: ഞാന്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. എന്‍റെ ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ ഉള്ള ജോലിയല്ല ഞാന്‍ ചെയ്യുന്നത്. പ്രൊഫഷന്‍ മാറ്റി നല്‍കുന്നതിനു സ്പോണ്‍സറോട് പല തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളുന്നില്ല. പരിശോധന ഉണ്ടാവില്ലെന്നും പിടിക്കപ്പെടുകയാനെങ്കില്‍ അപ്പോള്‍ നോക്കാമെന്നും സ്പോണ്‍സര്‍ പറയുന്നു. ഇങ്ങിനെ ജോലി ചെയ്യുന്നത് അപകടമല്ലേ ?

A: തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ പ്രൊഫഷനില്‍ ഉള്ള ജോലി മാത്രമേ തൊഴിലുടമ അയാളെ കൊണ്ട് ചെയ്യിക്കാവൂ. അതല്ലാത്ത പക്ഷം അതു തൊഴില്‍ നിയമത്തിലെ വകുപ്പ് 38 ന്‍റെ ലംഘനമാണ്. ഈ വകുപ്പ് പ്രകാരം പ്രൊഫഷന്‍ മാറ്റാനുള്ള നിയമ നടപടികള്‍ക്ക് മുന്‍പായി തൊഴിലാളിയും തന്റെ വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രൊഫഷന് വിരുദ്ധമായ ജോലിയില്‍ ഏര്‍പ്പെടാനും പാടില്ല.

കഴിഞ്ഞ ദിവസം ജിദ്ദയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ 79 നിയമ ലംഘനങ്ങളില്‍ 18  നിയമ ലംഘങ്ങള്‍ ഈ വകുപ്പ് പ്രകാരം ഉള്ളതായിരുന്നു.

എന്‍റെ വ്യക്തിപരമായ അറിവില്‍ കഴിഞ്ഞ വര്‍ഷം സൗദിയിലെ വ്യാവസായിക നഗരിയിലെ ആരാംകോ പങ്കാളിത്തമുള്ള റിഫൈനറിയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ പിടിക്കപ്പെട്ടിരുന്നു. ഇതില്‍ ഓരോരുത്തര്‍ക്കും 25000  റിയാല്‍ വീതം അവരെ നല്‍കിയ കരാര്‍ സ്ഥാപനത്തിന് 125, 000 റിയാല്‍ പിഴ ചുമത്തുകയും അവരെ ജോലിക്ക് നിയോഗിച്ചതിന് ആരാംകോ പങ്കാളിത്തമുള്ള റിഫൈനറിക്കും 25000  റിയാല്‍ വീതം 125, 000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു.

കൂടാതെ സൗദിയിലേക്ക് തിരിച്ചു വരുന്നതിന് അഞ്ചു വര്‍ഷത്തെ പ്രവേശന നിരോധനവും ചുമത്തിയാണ് ഇവരെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് കയറ്റി വിട്ടത്. അതില്‍ മൂന്ന് പേര്‍ മലയാളികള്‍ ആയിരുന്നു. 

 

You may have missed

Copy Protected by Chetan's WP-Copyprotect.