വര്‍ഗീയത വളര്‍ത്തുന്ന പ്രവൃത്തികള്‍ക്ക്‌ കടുത്ത ശിക്ഷയുമായി യു എ ഇ യില്‍ പുതിയ നിയമം പ്രാബല്യത്തില്‍

 

uae 1

 

യു എ ഇ / അബുദാബി: ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും മറ്റും പേരില്‍ രാജ്യത്ത് വര്‍ഗീയതയും മത സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രവൃത്തികള്‍ അതികഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി യു എ ഇ പുതിയ ഫെഡറല്‍ നിയമം പുറത്തിറക്കി. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവിലൂടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.  

മത സ്പര്‍ദ്ധയും വര്‍ഗീയതയും വളര്‍ത്തുന്ന ഏതൊരു പ്രവൃത്തിയും ഈ നിയമം കുറ്റകരമാക്കുന്നു. വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുസ്തകങ്ങളിലൂടെയും ലഘു രേഖകളിലൂടെയും വര്‍ഗീയതയും മത സ്പര്‍ദ്ധയും വളര്‍ത്തുന്ന യാതൊന്നും ചെയ്യുന്നത് അനുവദനീയമല്ല. ഓണ്‍ലൈന്‍ മീഡിയകളെയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നിരിക്കുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് അതി കഠിനമായ ശിക്ഷകളാണ് പുതിയ നിയമത്തിലുള്ളത്. ആറു മാസം മുതല്‍ പത്തു വര്‍ഷം വരെ തടവും ലഭിക്കും. കൂടാതെ 50,000 ദിര്‍ഹം മുതല്‍ ഇരുപതു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം.

ദൈവത്തെയും, പ്രവാചകരെയും, വിശുദ്ധ ഗ്രന്ഥങ്ങളെയും ആരാധനാലയങ്ങളെയും കബറിടങ്ങളെയും നിന്ദിക്കുന്ന ഏതൊരു പ്രവൃത്തിയും ഈ നിയമം മൂലം തടയും. ജാതിയുടെയോ മതത്തിന്‍റെയോ വര്‍ണ്ണത്തിന്റെയോ മറ്റും അടിസ്ഥാനത്തില്‍ വിവേചനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ശിക്ഷാര്‍ഹാമാണ്.

വക്കുകളിലൂടെയും, പത്ര – ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമുകള്‍, തുടങ്ങിയവയിലൂടെയും വിവേചനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു പ്രവൃത്തിയും നിയമം കുറ്റകരമാക്കുന്നു. മത ശാസനകള്‍, മത ചിഹ്നങ്ങള്‍, മതാചാരങ്ങള്‍, വിശുദ്ധ സ്ഥലങ്ങള്‍, എന്നിവയെ അപമാനിക്കുന്നതും കുറ്റകരമാണ്.

മത സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനവും നിരോധിക്കപെടുന്നു. അത്തരം പ്രസ്ഥാനങ്ങളെയും, ഗ്രൂപ്പുകളെയും, സംഘടനകളെയും പിന്തുണക്കുന്നതും ശിക്ഷാര്‍ഹമാണ്. മത സ്പര്‍ദ്ധ വളര്‍ത്തുന്ന യോഗങ്ങളോ സമ്മേളനങ്ങളോ രാജ്യത്തിനകത്ത് സംഘടിപ്പിക്കാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ സ്വരൂപിക്കുന്നതും കുറ്റകരമാണ്. 

You may have missed

Copy Protected by Chetan's WP-Copyprotect.