തൊഴിലാളികള്‍ക്ക് സൗദി അറേബ്യ നല്‍കുന്ന അതീവ സംരക്ഷണ നിയമങ്ങള്‍ … തൊഴിലുടമകള്‍ പലപ്പോഴും തൊഴിലാളികള്‍ക്ക് നല്‍കാത്തതും

 

 

സ്വദേശികളും വിദേശികളുമായി ദശലക്ഷക്കണക്കിന്‌ തൊഴിലാളികള്‍ ജോലിയെടുക്കുക്കുന്ന തൊഴിലിടങ്ങളിലെ സുരക്ഷ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പ്രാഥമികമായ പരിഗണന അര്‍ഹിക്കുന്ന ഒരു വിഷയമാണ്. ഏറ്റവുമധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ അധികൃതര്‍ പരമമായ പരിഗണനയും ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ഒറ്റപ്പെട്ട അപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എങ്കില്‍ തന്നെയും അത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യങ്ങളുടെ മൂല കാരണം പരിശോധിക്കുമ്പോള്‍ പലയിടങ്ങളിലും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കുന്നതാണ് ഇതിനിടയാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
2005 ല്‍ അന്നത്തെ സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്‍റെ ഭരണ കാലത്ത് രാജകീയ ഉത്തരവിലൂടെ പുറത്തിറക്കിയ തൊഴില്‍ നിയമമാണ് (Royal Decree No. M/51, 23 Sha’ban 1426 / 27 September 2005) സൗദി അറേബ്യയുടെ നിലവിലുള്ള ഔദ്യോഗിക തൊഴില്‍ നിയമം. നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ തൊഴില്‍ മന്ത്രാലയം കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
തൊഴില്‍ ലംഘനങ്ങളില്‍ തൊഴിലുടമയുടെ ഭാഗത്ത്‌ നിന്നാണ് വീഴ്ച സംഭവിച്ചിരിക്കുന്നത് എങ്കില്‍ കനത്ത പിഴ ഈടാക്കും. ഒരു ലക്ഷം റിയാലാണ് പിഴയായി തൊഴില്‍ നിയമം നിജപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല സ്ഥാപനം താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചിടേണ്ടതായും വരും. സാധാരണ ഗതിയില്‍ ആരോഗ്യ സുരക്ഷാ നടപടികളില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമയില്‍ നിന്നും 25,000 റിയാല്‍ പിഴയായി ഈടാക്കുകയും സ്ഥാപനം ഒരു ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും. 
സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളില്‍ ബഹുഭൂരിപക്ഷം പേരും വിദഗ്ദ-അര്‍ദ്ധ വിദഗ്ദ തൊഴിലാളികളാണ്. ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളൂ. വിദഗ്ദ-അര്‍ദ്ധ വിദഗ്ദ തൊഴിലാളികള്‍ ജോലിയെടുക്കുന്ന മേഖലകള്‍ താരതമ്യേന തൊഴില്‍പരമായ അപകട സാധ്യതകള്‍ കൂടിയ മേഖലകളാണ്. അത് കൊണ്ട് തന്നെ തൊഴിലെടുക്കുന്ന തൊഴിലാളിക്ക് സുരക്ഷക്കും ആരോഗ്യത്തിനും അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് തൊഴിലുടമയുടെ പ്രാഥമികമായ കടമയാണ്.ചില നിയമങ്ങള്‍ പ്രത്യേക മേഖലക്ക് മാത്രം ബാധകമാക്കപ്പെട്ടിട്ടുള്ളവയാണ്. എങ്കില്‍ തന്നെയും അവിടെയും ആരോഗ്യ സുരക്ഷാ കാര്യങ്ങളില്‍ വിട്ടു വീഴ്ച വരാതെയാണ് അതും നല്‍കപ്പെട്ടിട്ടുള്ളത്‌. 
ആദ്യമായി ഒരു തൊഴിലുടമ പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും പരിശോധിക്കാം. തൊഴിലുടമ എന്ന് ഇവിടെ പറയുമ്പോള്‍ അതില്‍ വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും ഉള്‍പ്പെടും. സൗദി തൊഴില്‍ നിയമത്തിലെ ഒന്നാം അധ്യായത്തില്‍ രണ്ടാം വകുപ്പിലെ നാലാം ഉപവകുപ്പില്‍ തൊഴിലുടമ എന്നതിനെ നിര്‍വചിച്ചിരിക്കുന്നത് ഒന്നോ അതിലധികമോ തൊഴിലാളികളെ വെച്ച് ജോലിയെടുപ്പിക്കുന്ന എല്ലാവരും എന്നാണു. (Employer: Any natural or corporate person employing one or more workers for a wage.)
ജോലിസ്ഥലത്ത് തൊഴിലാളികള്‍ ജോലിയെടുക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകട സാധ്യതകള്‍, തൊഴിലിനോട് ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ തടയുന്നതിന് ആവശ്യമായ നടപടികള്‍ തൊഴിലുടമ എടുത്തിരിക്കണം. 
ജോലിയെ സംബന്ധിച്ചും തൊഴിലാളി തോഴിലെടുക്കുമ്പോള്‍ എടുക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ചും തൊഴിലിടത്തിലെ സുപ്രധാനവും എന്നാല്‍ തൊഴിലാളികള്‍ക്ക് വായിക്കാന്‍ കഴിയുന്ന തരത്തിലും പ്രദര്‍ശിപ്പിച്ചിരിക്കണം. ഇവ അറബി ഭാഷയിലും കൂടാതെ തൊഴിലാളിക്ക് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റൊരു ഭാഷയിലുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. സുരക്ഷാ ഉപകരങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിനെ സംബന്ധിച്ച് ആവശ്യമായ പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം.
തൊഴിലാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക്സൈറ്റ് വൃത്തിയായും ശുചിയായും ഒരുക്കി നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ശരിയായ രീതിയിലുള്ള വെളിച്ചം, തൊഴിലാളികള്‍ക്ക് കുടിക്കുന്നതിനുള്ള വെള്ളം, കഴുകുന്നതിനുള്ള വെള്ളം എന്നിവയും തൊഴിലുടമ ജോലി സ്ഥലത്ത് ഒരുക്കി നല്‍കണം. അനുനാശിനികള്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടായിരിക്കണം. 
തൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ചും ആരോഗ്യത്തെ സംബന്ധിച്ചും ബോധവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍വൈസറെ തൊഴിലുട നിയമിച്ചിരിക്കണം. ഇയാള്‍ തൊഴിലിടങ്ങളില്‍ പതിവായി ആവശ്യമായ പരിശോധനകള്‍ നടത്തി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ തൊഴിലാളി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തൊഴിലാളികള്‍ ആരോഗ്യപരമായതും സുരക്ഷാപരമായതുമായ നിയമങ്ങള്‍ പാലിക്കുന്നു എന്നതും തൊഴിലുപകരങ്ങളുടെയും മറ്റു മെഷീനറികളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും വേണം. 
തൊഴിലാളി തൊഴിലില്‍ പ്രവേശിക്കുന്നതിന് മുന്പായി തന്നെ തൊഴിലിലും തൊഴിലിടങ്ങളിടങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകട സാധ്യതകളെ കുറിച്ചും അയാള്‍ക്ക്‌ വ്യക്തമാക്കി കൊടുക്കണം. അയാളെ തൊഴില്‍ സ്ഥലങ്ങളില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി തൊഴിലാളി നിര്‍ബന്ധമായും ധരിക്കേണ്ട വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍ (PPE – Personal Protective Equipment) ധരിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യപ്പെടെണ്ടതുമാണ്. അത്തരം സുരക്ഷാ സാമഗ്രികള്‍ തൊഴിലുടമയാണ് തൊഴിലാളിക്ക് നല്‍കേണ്ടത്. അത് ഏതു തരത്തില്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ചും തൊഴിലാളിക്ക് വ്യക്തത വരുത്തി നല്‍കേണ്ടതാണ്.

 

Ministry-of-Labour

തൊഴിലിടങ്ങളില്‍ പുക വലിക്കുന്നതിന് തൊഴിലാളികളെ യാതൊരു തരത്തിലും അനുവദിക്കുവാന്‍ പാടില്ല.  എന്നാല്‍ പുക വലിക്കുന്നതിന് മാത്രമായി പ്രത്യേക സുരക്ഷിത സ്ഥലങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നതില്‍ തെറ്റില്ല.   
പ്രാഥമിക ശുശ്രൂഷക്കു ഉപയുക്തമാകുന്ന വിധത്തില്‍ ഒന്നോ അതിലധികമോ ഫസ്റ്റ് എയിഡ് ബോക്സുകള്‍ തൊഴില്‍ സ്ഥലത്ത് തൊഴിലുടമ നല്‍കിയിരിക്കണം. അത്യാവശ്യ സാഹചര്യങ്ങളെ നേരിടാനുള്ള മരുന്നുകള്‍ അതില്‍ ഉണ്ടായിരിക്കണം.
തൊഴിലിടങ്ങളില്‍ ഏതെങ്കിലും കാരണവശാല്‍ അഗ്നി ബാധ ഉണ്ടാകുകയാണെങ്കില്‍ അതിനെ അണക്കുന്നതിന് ഉപയുക്തമായ അഗ്നി ശമന ഉപകരങ്ങളുടെ (Fire Extinguishers) സാന്നിധ്യം തൊഴിലുടമ തൊഴില്‍ സ്ഥലത്ത് ഉറപ്പു വരുത്തണം. അത്തരം ഉപകരണങ്ങള്‍ ഏതു സമയത്തും ഉപയോഗിക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തന ക്ഷമമായിരികുകയും വേണം. അത് എളുപ്പത്തില്‍ എടുത്തു പ്രയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെന്നെത്താവുന്ന ഇടത്തായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്. അവ ഏതു വിധത്തില്‍ ഉപയോഗിക്കണം എന്ന് തൊഴിലാളികള്‍ക്ക് വ്യക്തമായി മനസ്സിലാക്കി കൊടുക്കെണ്ടതുമാണ്.
തൊഴിലാളിക്ക് ആവശ്യമായ ആരോഗ്യ പരിചരണം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും തൊഴിലാളിയുടെ മുഴുവനായുള്ള ആരോഗ്യ പരിശോധന നടത്തി തൊഴില്‍ പരമായുള്ള അസുഖങ്ങള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതിനായി ഒന്നോ അതിലധികമോ ഡോക്ടര്‍മാരെ തൊഴിലുടമ നിയോഗിക്കേണ്ടതാണ്. തൊഴിലാളികളുടെ ഇത്തരത്തിലുള്ള ആരോഗ്യ പരിശോധനയുടെ റിസള്‍ട്ടുകള്‍ തൊഴിലാളികളുടെ ഫയലുകളില്‍ പ്രത്യേക റെക്കോര്‍ഡാക്കി സൂക്ഷക്കണം.
ഒരു തൊഴില്‍ സ്ഥലത്ത് അമ്പതില്‍ അധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവിടെ ഒരു മുഴുവന്‍ സമയ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. കൂടാതെ ഇത്തരം സാഹചര്യത്തില്‍ ഒരു പ്രാഥമിക ശുശ്രൂഷക്കു വേണ്ടിയുള്ള പ്രത്യേക മുറിയും ഒരുക്കെണ്ടതാണ്. എന്നാല്‍ 500 ല്‍ അധികം തൊഴിലാളികള്‍ ഉണ്ടായിരിക്കുകയും പ്രസ്തുത വര്‍ക്ക് സൈറ്റ് ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പത്തു കിലോമീറ്ററോളം ദൂരത്തില്‍ ആവുകയുമാണെങ്കില്‍ പരിക്ക് പറ്റുന്ന തൊഴിലാളികളെ ആ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ ആംബുലന്‍സ് നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്.
ഇതെല്ലാം തൊഴിലുടമയുടെ കര്‍ത്തവ്യങ്ങള്‍ ആണ്. എന്നാല്‍ തൊഴിലാളിയും തന്റെ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങളുടേതായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം. തൊഴിലുടമ നല്‍കുന്ന തൊഴില്‍ പരവും ആരോഗ്യ പരവുമായ എല്ലാ നിര്‍ദ്ദേശങ്ങളും അതിന്റേതായ അര്‍ത്ഥത്തില്‍ മുഴുവനായും പാലിക്കേണ്ടതും പിന്തുടരേണ്ടതും തൊഴിലാളിയുടെ പരമമായ ഉത്തരവാദിത്വമാണ്. വ്യക്തിഗതമായ സുരക്ഷാ സാമഗ്രികള്‍ ധരിക്കേണ്ടതും അവ ശരിയായി പരിപാലിക്കേണ്ടതും തൊഴിലാളിയുടെ ഉത്തരവാദിത്വത്തില്‍ പെടുന്നു. കൂടാതെ തൊഴില്‍പരമായുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്‍കരുതലുകളും തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കണം. തൊഴില്‍ സ്ഥലത്ത് എന്തെങ്കിലും തരത്തിലുള്ള അപകട സാധ്യതകള്‍ ഉണ്ടാകുകയാണെങ്കിലോ ഉണ്ടാകുമെന്ന് സ്വാഭാവികമായ സംശയം ഉയര്‍ന്നാലോ ഉടനെ തന്നെ ബന്ധപ്പെട്ട സൂപ്പര്‍ വൈസറെയോ തൊഴിലുടമയേയോ നിര്‍ബന്ധമായും അറിയിച്ചിരിക്കണം. 
തൊഴിലാളിയും തൊഴിലുടമയും കൂടാതെ തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ തടയുന്നതിനും തൊഴിലുടമ നിയോഗിക്കുന്ന സൂപ്പര്‍ വൈസര്‍ക്കും കടമയുണ്ട്. അതിനായി അയാള്‍ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം സംബന്ധിച്ച നിരന്തര പരിശോധനകള്‍ നടത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള അപകട സംഭവങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റോ ചെയ്താല്‍ അതിന്‍റെ ഉറവിടത്തെ കുറിച്ചും അപകട കാരണത്തെ കുറിച്ചും വിശദമായ വിവര ശേഖരണവും അന്വേഷണവും നടത്തണം. തൊഴിലാളികള്‍ക്ക് നല്‍കുന്ന വ്യക്തിഗത സുരക്ഷാ ഉപകരങ്ങള്‍ വാങ്ങുന്ന സമയത്ത് അതിന്‍റെ ഗുണമേന്മയെ കുറിച്ചും പ്രയോഗക്ഷമതയെ കുറിച്ചും നിരീക്ഷണം നടത്തണം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളെ കുറിച്ച് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. സുരക്ഷാ പരിപാടികളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുകയും വേണം.
നിര്‍മ്മാണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ആറു അടിയില്‍ മുകളിലാണ് പണിയെടുക്കുന്നത് എങ്കില്‍ അയാള്‍ താഴെ വീണാലും നിലം പതിക്കാത്ത രീതിയിലുള്ള സേഫ്റ്റി ബെല്‍റ്റുകള്‍ നല്‍കിയിരിക്കണം. ഈ സേഫ്റ്റി ബെല്‍റ്റുകള്‍ തൊഴിലാളി തറയില്‍ വീഴാത്ത രീതിയില്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് ബന്ധിച്ചിരിക്കണം. ഓരോ തൊഴിലാളിക്കും അയാളുടെ ഭാരത്തിനു ആനുപാതികമായ ബെല്‍റ്റുകള്‍ ആണ് നല്‍കേണ്ടത്. നിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും സുരക്ഷാ ഹെല്‍മെറ്റുകള്‍ ധരിച്ചിരിക്കണം.
കഠിനമായ കാലാവസ്ഥകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കനത്ത ചൂട് അല്ലെങ്കില്‍ കനത്ത മഴ, തണുപ്പ് എന്നിവയെ നേരിടാന്‍ തക്ക വണ്ണമുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉറപ്പു വരുത്തണം. സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ ജൂലൈ മാസം 15  മുതല്‍ സെപ്റ്റംബര്‍ 15 വരെയുള ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെ തൊഴിലാളിയെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കരുത്‌.
ജോലിക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍, അല്ലെങ്കില്‍ തൊഴില്‍പരമായി ഉണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ സംഭവിക്കുന്ന പക്ഷം അയാള്‍ക്ക്‌ മതിയായ ചികിത്സ തൊഴിലുടമ ഉറപ്പു വരുത്തേണ്ടതാണ്. ആശുപത്രി ചിലവുകള്‍, മെഡിക്കല്‍ ടെസ്റ്റുകള്‍, എക്സറേ എന്നിവയ്ക്ക് വരുന്ന ചിലവുകള്‍ തൊഴിലുടമ നല്‍കണം. രോഗ കാലത്തിനിടെ അവശ്യമായ സാമ്പത്തിക പിന്തുണയും തൊഴിലുടമ നല്‍കേണ്ടതാണ്.   

 

You may have missed

Copy Protected by Chetan's WP-Copyprotect.