വനിതകള്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള പുതിയ പദ്ധതിയുമായി സൗദി തൊഴില്‍ മന്ത്രാലയം. മാതൃകയാക്കുന്നത് ഇന്ത്യയെ

0
1

 

mol

 

സൗദി അറേബ്യ: വനിതകള്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള പദ്ധതി അടുത്ത മാസം മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയില്‍ നാല് ലക്ഷം വനിതകള്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ സമ്പ്രദായത്തെ മാതൃകയാക്കിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പദ്ധതിക്ക് ആവശ്യമായ സോഫ്റ്റവെയര്‍ സ്ഥാപിച്ചു നല്‍കുന്നത് ഇന്ത്യന്‍ കമ്പനിയായ ടാറ്റയാണ്.
വനിതകള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രാലയം ശ്രമിക്കുമ്പോള്‍ കടുത്ത തിരിച്ചടിയായി മാറിയിരുന്ന ഗതാഗത പ്രശ്നം ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതിയിലൂടെ മന്ത്രാലയം ശ്രമിക്കുന്നത്. വനിതകള്‍ക്ക് ഗതാഗത സൗകര്യം ഇല്ലാത്തതിനാല്‍ പലരും ജോലികള്‍ സ്വീകരിക്കാന്‍ മടി കാണിക്കുന്നതായും ലഭിച്ച ജോലികള്‍ ഉപേക്ഷിക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. 2013 ല്‍ തന്നെ വനിതകള്‍ക്ക് ജോലി നല്‍കുന്ന പദ്ധതികള്‍ക്ക് തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.
ആദ്യ ഘട്ടത്തില്‍ ഹായില്‍, ഖാസിം, ജീസാന്‍, നജറാന്‍, അല്‍ അഹ്സ, മദീന, അറാര്‍ എന്നീ നഗരങ്ങളിലാണ് പദ്ധതിക്ക് തുടക്കമിടുക. പിന്നീട് 40 നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ഇതിനു മുന്നോടിയായി ഈ ഏഴു നഗരങ്ങളിലും മന്ത്രായലയം ബിസിനസ് സെന്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
മനുഷ്യ വിഭവ ശേഷി ഏജന്‍സിയായ ‘ഹദഫി’ന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുക. പ്രതിമാസ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വ്യക്തമാക്കി കൊണ്ടുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ തയ്യാറുള്ള വനിതകള്‍ക്ക് ജോലി നല്‍കാനുള്ള ലൈസന്‍സ് മന്ത്രാലയം ഈ സെന്‍ററുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Ministry-of-Labour

പദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ മാതൃകയാക്കിയത് ഇന്ത്യയിലെ സമ്പ്രദായത്തെയാണെന്ന് മന്ത്രാലയ വക്താക്കള്‍ വെളിപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പല ഇന്ത്യന്‍ കമ്പനികളുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചു. ടാറ്റ കമ്പനി സ്ഥാപിക്കുന്ന ഇലക്ട്രോണിക് സോഫ്റ്റവെയറിലൂടെ ഇത്തരത്തില്‍ ജോലി ചെയ്യുന്ന വനിതകളുടെയും അവരെ സ്വകാര്യ മേഖലയിലെ തൊഴിലുടമകളെയും നിരീക്ഷിക്കാന്‍ സാധിക്കും. അതിലൂടെ വ്യാജ സൗദി വല്‍ക്കരണം നടക്കുന്നില്ല എന്നുറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
തൊഴിലാളി-തൊഴിലുടമ ബന്ധവും ഈ ബിസിനസ് സെന്‍ററുകളിലൂടെ വ്യക്തമായി നിരീക്ഷിക്കാന്‍ മന്ത്രാലയത്തിന് സാധിക്കും.