«

»

Print this Post

യു.എ.ഇ യിലെ തൊഴില്‍ നിയമ മാറ്റങ്ങള്‍ ജനുവരി ഒന്ന് മുതല്‍. തൊഴില്‍ കരാര്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍

 

2

 

യു.എ.ഇ യിലെ തൊഴില്‍ മേഖലയില്‍ തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധം നിലനിര്‍ത്താനും തൊഴില്‍ കരാറുകള്‍ക്ക് കൂടുതല്‍ സുതാര്യത കൈവരുത്താനുമാണ് നിലവിലുള്ള തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി തൊഴില്‍ മന്ത്രാലയം 2015 ലെ 764, 765, 766 നമ്പരുകളില്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഈ നിയമം തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് അവതരിപ്പിക്കുകയും ചെയ്തു. 2016 ജനുവരി ഒന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വരും.  

ഇതില്‍ 765 നമ്പറായി പുറത്തിറക്കിയ നിയത്തില്‍ തൊഴില്‍ കരാറുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

രണ്ടു തരത്തിലുള്ള തൊഴില്‍ കരാറുകളാണ് യു.എ.ഇ യില്‍ നിലവിലുള്ളത്. നിശ്ചിതകാല കരാറുകളും അനിശ്ചിതകാല കരാറുകളും. തൊഴില്‍ മന്ത്രാലയം അംഗീകരിച്ചതും രണ്ടു വര്‍ഷത്തില്‍ കവിയാത്ത കാലാവധിയില്‍ നിശ്ചിതമാക്കപ്പെട്ട കരാറുകളാണ് നിശ്ചിതകാല തൊഴില്‍ കരാറുകള്‍ (Limited Employment Contract). അനിശ്ചിത കാല തൊഴില്‍ കരാറുകളില്‍ (Unlimited Employment Contract) ഇത്തരത്തില്‍ തിയ്യതി  നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവില്ല.

പുതിയ വര്‍ഷത്തില്‍ നിലവില്‍ ആരുന്ന തൊഴില്‍ നിയമം മാറ്റങ്ങള്‍ അനുസരിച്ച് നിശ്ചിതകാല തൊഴില്‍ കരാറുകള്‍ ആറു വിധത്തില്‍ റദ്ദാക്കാന്‍ സാധിക്കും. 

നിശ്ചിത കാലാവധി പരസ്പരം അംഗീകരിച്ചു കൊണ്ടാണ് നിശ്ചിതകാല തൊഴില്‍ കരാറുകള്‍ക്ക് രൂപം നല്‍കുന്നതും പരസ്പര ധാരണയോടെ രണ്ടു കക്ഷികളും ഒപ്പ് വെക്കുന്നതും. അതില്‍ പ്രസ്തുത കരാര്‍ കാലാവധി തീരുന്ന തിയ്യതി വ്യക്തമാക്കിയിട്ടുണ്ടാകും. പ്രസ്തുത കാലാവധിക്ക് മുന്പായി ഈ കരാര്‍ പുതുക്കപ്പെട്ടില്ലെങ്കില്‍ സ്വാഭാവികമായി തന്നെ ഈ കാലാധിക്ക് ശേഷം കരാരിന്റെ നിയമ സാധുത നഷ്ടപ്പെടുന്നു. 

കരാറിന്റെ കാലാവധി നില നില്‍ക്കുമ്പോള്‍ തന്നെ പരസ്പര ധാരണയോടെ തൊഴിലാളിയും തൊഴിലുടമയും കരാര്‍ റദ്ദാക്കാം. ഇത്തരത്തിലുള്ള റദ്ദാക്കലുകള്‍ക്കും നിയമ സാധുതയുണ്ട്. ഇത്തരത്തില്‍ പരസ്പര ധാരണയോടെ നിബന്ധനകള്‍ക്ക് വിധേയമായി തൊഴില കരാറുകള്‍ റദ്ദാക്കുമ്പോള്‍ പുതിയ നിയമ മാറ്റം അനുസരിച്ച് തൊഴിലാളിക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനുള്ള വര്‍ക്ക് പെര്‍മിറ്റ്‌ ഉടനെ തന്നെ തൊഴില്‍ വകുപ്പ് നല്‍കും.

അത് പോലെ കരാറിലെ ഒരു കക്ഷിക്ക് മാത്രമായും കാലാവധിക്ക് മുന്‍പായി തന്നെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാം. അതായത് തൊഴിലാളിക്ക് മാത്രമായോ തൊഴിലുടമക്ക്‌ മാത്രമായോ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്ന കക്ഷിക്ക് അതിന്റെ നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുന്നു.

മേല്‍ പറഞ്ഞ രീതിയില്‍ തൊഴില്‍ കരാര്‍ റദ്ദാക്കുമ്പോള്‍ കരാര്‍ റദ്ദാക്കുന്നതിന് മുന്പായി അതിന് തീരുമാനമെടുത്തയാല്‍ മറുഭാഗത്തിന് തന്‍റെ തീരുമാനം അറിയിച്ചു കൊണ്ടുള്ള നിയമപരമായ രേഖാമൂലമുള്ള നോട്ടീസ് നല്കണം. ഒരു മാസത്തെ സമയം നല്‍കി കൊണ്ടുള്ള നോട്ടീസ് ആണ് നല്‍കേണ്ടത്. നോട്ടീസില്‍ ഇത്തരത്തില്‍ നല്‍കുന്ന സമയം മൂന്നു മാസത്തില്‍ കൂടുതല്‍ ആവേണ്ടതില്ല. നോട്ടീസ് കാലാവധിയെ കുറിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ അഭിപ്രായ സമന്വയത്തില്‍ എത്തിയില്ലെങ്കില്‍ നോട്ടീസ് പിരീഡ് മൂന്നു മാസമായി കണക്കാക്കേണ്ടതും മറു കക്ഷിക്ക് അത് കണക്കാക്കി നഷ്ടപരിഹാരം നല്‍കേണ്ടിയും വരും. ഇത്തരത്തില്‍ നല്‍കുന്ന നഷ്ടപരിഹാരം തൊഴിലാളിയുടെ മൂന്നു മാസത്തെ പ്രതിമാസ ശമ്പളത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല. എന്നാല്‍ റദ്ദാക്കപ്പെടുന്ന തൊഴില്‍ കരാറില്‍ ഇത് സംബന്ധിച്ച മറ്റെന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ അതനസരിച്ചു നഷ്ടപരിഹാരം തീരുമാനിക്കാം.

തൊഴില്‍ കരാറിന്റെ വകുപ്പ് 120 ല്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരമുള്ള ഏതെങ്കിലും കുറ്റങ്ങള്‍ തൊഴിലാളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍, അതായത് തൊഴിലുടംയെ ആക്രമിക്കു, ദേഹോപദ്രവം ചെയ്യുക തുടങ്ങിയവ, തൊഴില്‍ കരാര്‍ നിയമപരമായി തന്നെ തൊഴിലുടമക്ക്‌ റദ്ദാക്കാം.

മേല്‍ പറഞ്ഞ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ തൊഴില്‍ കരാര്‍  തൊഴിലാളിയോ തൊഴിലുടമയോ റദ്ദാക്കിയാല്‍ നിയമപരമല്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കിയതിന്റെ ഭവിഷ്യത്തുകള്‍  അതിന് ഉത്തരവാദികള്‍ ആയവര്‍ അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്.

Ministry-of-Labour

അനിചിതകാല തൊഴില്‍ കരാറുകളിലും  (Unlimited Employment Contract) തൊഴില്‍ കരാറുകള്‍ തൊഴിലാളിക്കും തൊഴിലുടമക്കും പരസ്പരം അംഗീകരിച്ചു കൊണ്ട് റദ്ദാക്കാം. ഇത് കൂടാതെ കരാറിലെ ഏതെങ്കിലും ഒരു കക്ഷിക്ക് മാത്രമായും തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ അനുവാദമുണ്ട്. ഈ അവസരത്തില്‍ പ്രസ്തുത കക്ഷി മറു കക്ഷിക്ക് മുന്‍‌കൂര്‍ നോട്ടീസ് നല്‍കിയിരിക്കണം. എന്നാല്‍ മുന്‍‌കൂര്‍ നോട്ടീസില്‍ കാണിച്ചിട്ടുള്ള സമയത്ത് പ്രസ്തുത തൊഴില്‍ കരാറിലെ നിബന്ധനകള്‍ അയാള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്. ഈ സമയം ഒരു മാസത്തില്‍ കുറയാന്‍ പാടുള്ളതല്ല. എന്നാല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ ആകാനും പാടില്ല.

അനിശ്ചിതകാല തൊഴില്‍ കരാറില്‍ ഏതെങ്കിലും കാരണവശാല്‍ തൊഴിലാളിയോ തൊഴിലുടമയോ മുകളില്‍ വ്യക്തമാക്കിയ നിയമപരമായ കാര്യങ്ങള്‍ പാലിക്കാതെയോ മറു കക്ഷിയുടെ അറിവില്ലാതെയോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ തൊഴില്‍ കരാര്‍ റദ്ദാകുന്നതും പ്രസ്തുത വ്യക്തി അതിന്റെ നിയമപരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ ബാധ്യസ്ഥനാകുകയും ചെയ്യുന്നു.

കൂടാതെ തൊഴില്‍ നിയമത്തിലെ വകുപ്പ് 120 ല്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ പ്രാകാരമുള്ള ലംഘനങ്ങള്‍ തൊഴിലാളി നടത്തിയാലും അനിശ്ചിതകാല തൊഴില്‍ കരാര്‍ തൊഴിലുടമക്ക്‌ റദ്ദാക്കാം.    

മേല്‍ പറഞ്ഞതിന് വിരുദ്ധമായി തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ നഷ്ടം സംഭവിച്ച തൊഴിലാളിക്കോ, തൊഴിലുടമക്കോ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്. 

 

Permanent link to this article: http://pravasicorner.com/?p=18071

Copy Protected by Chetan's WP-Copyprotect.