«

»

Print this Post

ജസ്റ്റിസ് എ.കെ. ബഷീര്‍ പുതിയ ഉപ ലോകായുക്ത

 

jak

 

ജസ്റ്റിസ് എ.കെ. ബഷീര്‍ കേരളത്തിലെ ഉപ ലോകായുക്തയായി നിയമിതനായി. ജനുവരി ആറിന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനമേറ്റെടുക്കും. ഡിസംബര്‍ 29 നാണ് ജസ്റ്റിസ് ബഷീറിനെ ഉപ ലോകായുക്തയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഗവര്‍ണ്ണര്‍ പുറത്തിറക്കിയത്.
1947 ല്‍ കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നും ബിരുദം നേടി. മൈസൂരിലെ ഉടുപ്പി ലോ കോളേജിലും ശാരദ വിലാസ് ലോ കൊളേജിലുമായാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.
1974 ലാണ് ജസ്റ്റിസ് എ.കെ.ബഷീര്‍ അഭിഭാഷകനായി സന്നത് എടുക്കുന്നത്. തലശ്ശേരി കോടതിയില്‍ അഭിഭാഷകരായിരുന്ന പി.വി.നാരായണന്‍ നമ്പ്യാരുടെയും വി.രാജഗോപാലിന്റെയും ജൂനിയര്‍ അഭിഭാഷകനായി നിയമ ജീവിതത്തിന് തുടക്കം കുറിച്ചു. 1981 ല്‍ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. 1987 ലാണ് കേരള ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറുന്നത്. 2001 ലും 2002 ലും തുടര്‍ച്ചയായി കേരള അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നു. 2002 ല്‍ തന്നെ ഹൈക്കോടതിയില്‍ അഡീഷഷണല്‍ ജഡ്ജിയായി നിയമിതനായി. 2004 ല്‍ സ്ഥിരം ജഡ്ജിയായി. 2011 ലാണ് വിരമിച്ചത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊതു പ്രവര്‍ത്തകരുടേയും സര്‍ക്കാര്‍ തലത്തിലെയും അഴിമതി ഇല്ലാതാക്കാന്‍ പൊതുജന താല്‍പ്പര്യത്തിനു വേണ്ടി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണ ഘടനാ നിയമ വ്യവസ്ഥിതിയാണ് ലോകായുക്ത. പൊതു പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും നടത്തുന്ന അഴിമതിയെ കുറിച്ചും സ്ഥാനമാനങ്ങളുടെ ദുരുപയോഗത്തെ കുറിച്ചുമെല്ലാമുള്ള പരാതികളാണ് ലോകായുക്ത പരിഗണിക്കുക.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നവരെയോ അല്ലങ്കില്‍ ഹൈക്കൊടതികളില്‍ ഏഴു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജഡ്ജിമാരെയുമാണ് ലോകായുക്ത നിയമനത്തിന് പരിഗണിക്കുക. പയസ് ടി.കുര്യാക്കോസ് ആണ് ഇപ്പഴത്തെ ലോകായുക്ത.
പൊതുപ്രവര്‍ത്തകരുടെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിഭാഗത്തിലേയും അഴിമതിയെ കുറിച്ചും സ്വാജന പക്ഷപാതത്തെ കുറിച്ചും പരാതി ഉള്ള പൊതു ജനങ്ങള്‍ക്ക്‌ ലോകായുക്തയെ പരാതിയുമായി നേരിട്ട് സമീപിക്കാം.
1966 ല്‍ ഭരണതലത്തിലെ മാറ്റങ്ങള്‍ക്കു വേണ്ടി പഠിക്കുന്നതിനു വേണ്ടി നിയമിച്ച മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുന്നതിനും പരിഹരിക്കുന്നതിനും വേണ്ടി ലോക്പാല്‍, ലോകായുക്ത എന്നീ രണ്ടു ഭരണ ഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
ഗവര്‍ണ്ണര്‍ക്കാണ് ലോകായുക്തയെ നിയമിക്കാനുള്ള അധികാരം. അഞ്ചു വര്‍ഷമാണ്‌ കാലാവധി. ലോകായുക്തയായി നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും സംസ്ഥാനത്തെ ലോകസഭാ പ്രതിനിധിയോ, നിയമസഭാ പ്രതിനിധിയോ ആകാന്‍ പാടില്ല. ശമ്പളം ലഭിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെയും, സ്വന്തമായി ബിസിനസ് നടത്തുന്നവരെയും ലോകായുക്താ നിയമനത്തിന് പരിഗണിക്കാറില്ല. നിയമിക്കപ്പെടുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാകാന്‍ പാടില്ല.

pravasicorner.com

ലോകായുക്തക്ക് പരിശോധനകള്‍ നടത്താനുള്ള അധികാരമുണ്ട്‌. എന്നാല്‍ ആരെയും ശിക്ഷിക്കാനുള്ള അധികാരമില്ല. ശിക്ഷ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ഉള്ളൂ. സ്ഥാനമാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുക, തല്‍സ്ഥാനത്തു നിന്ന് തരം താഴ്ത്തുക, നിര്‍ബന്ധിത റിട്ടയര്‍മെന്റ് എടുക്കുന്നതിനു ശുപാര്‍ശ ചെയ്യുക, ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കുക, ശാസന നല്‍കുക എന്നിവക്കാണ് സാധാരണയായി ലോകായുക്ത നല്‍കുന്ന ശുപാര്‍ശകള്‍. 

 

Permanent link to this article: http://pravasicorner.com/?p=18108

Copy Protected by Chetans WP-Copyprotect.