സൗദിയിലെ പുതിയ തൊഴില്‍ നിയമ ഭേദഗതി – വിദേശികളെ ബാധിക്കുന്ന പ്രധാന പിഴ ശിക്ഷകള്‍

 

 

സൗദി അറേബ്യയില്‍ നിലവിലുള്ള തൊഴില്‍ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം 18 ന് (Ministerial Resolution Number 4786 dated 28/12/1436H – equivalent to 12 October 2015) തൊഴില്‍ മന്ത്രാലയ നിര്‍ദേശ പ്രകാരം മന്ത്രിസഭ സമൂലമായ ഭേദഗതികള്‍ അംഗീകരിക്കുകയുണ്ടായി. തൊഴില്‍ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉറപ്പു വരുത്തുന്നതോടൊപ്പം തന്നെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉറപ്പു വരുത്താനും ശ്രമിച്ചിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും നല്‍കുന്ന ശിക്ഷകളിലും ധാരാളം ഭേദഗതികള്‍ നടത്തിയിട്ടുണ്ട്.
വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമായ ചില നിയമ വ്യവസ്ഥകള്‍ പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോട്ട്, റിക്രൂട്ട്മെന്റ്, ആശ്രിതരുടെ തൊഴില്‍, വര്‍ക്ക് പെര്‍മിറ്റ്‌ എന്നിവ വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമാണ്.
പാസ്പോര്‍ട്ട് വിദേശ തൊഴിലാളിയുടെ സ്വകാര്യ സ്വത്ത്‌ എന്ന സ്വാഭാവിക നിയമം അരക്കിട്ട് ഉറപ്പിക്കുന്നതാണ് പുതിയ തൊഴില്‍ നിയമ ഭേദഗതികളില്‍ പ്രധാനമ ഒന്ന്. പാസ്പോര്‍ട്ട് തൊഴിലാളി മാത്രമാണ് സൂക്ഷിക്കേണ്ടത്. അതു പിടിച്ചു വെക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ല. അന്യായമായി തൊഴിലാളിയുടെ പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്ന തൊഴിലുടമകള്‍ക്ക് 2000 റിയാല്‍ പിഴ ശിക്ഷ പുതിയ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഓരോ തൊഴിലാളിയുടെ പാസ്പോര്‍ട്ടിനും 2000 റിയാല്‍ വീതമാണ് പിഴയായി തൊഴിലുടമയില്‍ നിന്ന് ഈടാക്കുക.
വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ ഗുണകരമായ മറ്റൊരു ഭേദഗതി റിക്രൂട്ട്മെന്റ് ചിലവുകളെ സംബന്ധിച്ചുള്ളതാണ്. തൊഴിലാളിയുടെ റിക്രൂട്ട്മെന്റ് ചിലവുകള്‍ വഹിക്കേണ്ടത് തൊഴില്‍ നിയമ പ്രകാരം തൊഴിലുടമയുടെ മാത്രം ഉത്തരവാദിത്വമാണ്. യാതൊരു കാരണവശാലും ഈ തുക തൊഴിലാളിയില്‍ നിന്നും ഈടാക്കുവാന്‍ പാടില്ല. ഈ തുക തൊഴിലാളിയില്‍ നിന്നും ഈടാക്കിയതായി തെളിഞ്ഞാല്‍ ഓരോ തൊഴിലാളിക്കും 10,000 റിയാല്‍ വീതം പിഴയായി തൊഴില്‍ മന്ത്രാലയം തൊഴിലുടമയില്‍ നിന്ന് ഈടാക്കണമെന്ന് നിയമ ഭേദഗതിയിലൂടെ തൊഴില്‍ നിയമം അനുശാസിക്കുന്നു.
വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റിന്റെ നിബന്ധന പുതിയ തൊഴില്‍ നിയമ ഭേദഗതിയോടെ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുന്നു. എല്ലാ വിദേശ തൊഴിലാളികള്‍ക്കും തൊഴിലുടമ നിര്‍ബന്ധമായും വര്‍ക്ക് പെര്‍മിറ്റ്‌ എടുത്തിരിക്കണം. അവ കാലാനുസൃതമായി പുതുക്കുകയും വേണം. വര്‍ക്ക് പെര്‍മിറ്റ്‌ ഇല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുകയോ വര്‍ക്ക് പെര്‍മിറ്റ്‌ കാലാനുസൃതമായി പുതുക്കാതിരിക്കുകയോ ചെയ്താല്‍ ഓരോ തൊഴിലാളിക്കും 20,000 റിയാല്‍ വീതം പിഴ ശിക്ഷ നല്‍കേണ്ടി വരും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചു ഈ സംഖ്യ ഗുണിതങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കും.
നിബന്ധനകള്‍ക്ക് വിധേയമായി വിദേശികളുടെ ആശ്രിതര്‍ക്ക് ജോലി ചെയ്യാനുള്ള അനുവാദം തൊഴില്‍ മന്ത്രാലയം നല്‍കിയിട്ടുണ്ട് എങ്കിലും അനുവാദ പത്രം ഇല്ലാതെ ഇവരെ ജോലിക്ക് വെക്കുന്നത്  വിലക്കിയിരിക്കുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനത്തിന് 25,000 റിയാലാണ് പിഴ ശിക്ഷ. സാധുതയുള്ള അനുവാദ പത്രം ഇല്ലാതെ നിയമ ലംഘനം നടത്തി ജോലിക്ക് വെച്ചിട്ടുള്ള ഇത്തരത്തിലുള്ള ആശ്രിത തൊഴിലാളികളുടെ എണ്ണത്തിനു അനുസൃതമായി ഈ സംഖ്യ ഗുണനാനുക്രമത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും.
ഭാഷയെ സംബന്ധിച്ചുള്ള നിബന്ധനയാണ് ഭേദഗതിയിലെ ശ്രദ്ധെയാമായ മറ്റൊന്ന്. തൊഴിലാളിക്ക് തൊഴിലുടമ തൊഴില്‍ കരാര്‍ നല്‍കിയിരിക്കണം. ആ തൊഴില്‍ കരാറില്‍ അറബി ഭാഷ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ 5000 റിയാല്‍ പിഴ ഉണ്ടാകും.
പുതിയ തൊഴില്‍ നിയമ ഭേദഗതി പ്രകാരം ഓരോ തൊഴിലാളിയുടെയും വിശദ വിവരങ്ങള്‍ അടങ്ങിയ വ്യക്തിഗതമായ ഫയലുകള്‍ തൊഴിലുടമ സൂക്ഷിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇവ ശരിയായ രീതിയില്‍ സൂക്ഷിക്കാതിരുന്നാല്‍ 5000 റിയാല്‍ പിഴ ശിക്ഷ ഈടാക്കാവുന്നതാണ്. പ്രസ്തുത ഫയലില്‍ തൊഴിലാളിയുടെ പേര്, ശമ്പളം, തൊഴിലാളി ജോലിക്ക് ഹാജരായതിനെ സംബന്ധിച്ചുള്ള ഹാജര്‍ വിവരങ്ങള്‍, തൊഴിലാളിയുടെ മെഡിക്കല്‍ പരിശോധന വിവരങ്ങള്‍, തൊഴിലുടമ തൊഴിലാളിക്ക് ഏര്‍പ്പെടുത്തിയ പിഴകളുടെ വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ഈ വിവരങ്ങളും അറബി ഭാഷയില്‍ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്വദേശിവല്‍ക്കരണത്തില്‍ തട്ടിപ്പ് നടത്തുന്ന തൊഴിലുടമകള്‍ക്ക് 25000 റിയാല്‍ ആണ് പിഴ. നിതാഖാതിലെ സാങ്കേതികഅവസ്ഥ മറി കടക്കുന്നതിനായി നിശ്ചിത എണ്ണം സ്വദേശികളെ രേഖകളില്‍ കാണിക്കുന്നതിന് വേണ്ടി പല തൊഴിലുടമകളും സ്വദേശി പൗരന്‍മാരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളിയായി നിയമിച്ചു എന്ന് കളവായ രേഖകള്‍ ഉണ്ടാക്കി തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ചു ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നു. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് ഈ നിബന്ധന കൊണ്ട് വന്നിട്ടുള്ളത്. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പിഴ ശിക്ഷ കൂടാതെ അഞ്ചു ദിവസം സ്ഥാപനം അടച്ചിടെണ്ടതായും വരും.
സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് വേണ്ടി പല തൊഴില്‍ മേഖലകളിലും നിര്‍ബന്ധിത സൗദിവല്‍ക്കരണം അധികൃതര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഈ തസ്തികളില്‍ വിദേശികളെ നിയമിക്കുന്നത് ഗുരുതരമായ തൊഴില്‍ നിയമ ലംഘനമാണ്. ഇത്തരത്തില്‍ വിദേശ തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെങ്കില്‍ ഓരോ തൊഴിലാളിക്കും 20,000 റിയാല്‍ പിഴയായി നല്‍കേണ്ടി വരും.
സ്വദേശി തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ദ്യം കൂടുതല്‍ ഉറപ്പു വരുത്തുന്നതിനായി അവര്‍ക്ക് ആവശ്യമായ തൊഴില്‍ പരിശീലനം നല്‍കേണ്ടത് ചില തൊഴിലുടമകളുടെ കടമയാക്കി നിയമ ഭേദഗതി വരുത്തിയിട്ടുണ്ട്. അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചിട്ടുള്ള തോഴിലുടമകള്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇവര്‍ ചുരുങ്ങിയത് 12 ശതമാനം സ്വദേശികള്‍ക്ക് നിര്‍ബന്ധമായും തൊഴില്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ 5000 റിയാല്‍ പിഴയായി നല്‍കണം.
ഒരു തവണ പിഴ ശിക്ഷ വിധിച്ചിട്ടും പിന്നെയും തൊഴിലുടമ അതേ നിയമ ലംഘനം വീണ്ടും നടത്തിയതായി കണ്ടാല്‍ രണ്ടാമത്തെ തവണ ഇരട്ടി പിഴ ശിക്ഷയായിരിക്കും നല്‍കുക. നിയമ ലംഘനം കണ്ടെത്തിയാല്‍ അതു തിരുത്തുന്നതിനായി ഒരു മാസത്തെ സമയമാണ് അനുവദിക്കുക. ഈ കാലയളവിനുള്ളില്‍ പ്രസ്തുത നിയമ ലംഘനം തൊഴിലുടമ തിരുത്തിയിരിക്കണം. അല്ലാത്ത പക്ഷം അതു ആവര്‍ത്തന നിയമ ലംഘനമായി കണക്കാക്കുകയും പിഴ ഇരട്ടിക്കുകയും ചെയ്യും. ആദ്യ നിയമ ലംഘനം കണ്ടതിയത്തിന് ശേഷം 24 മാസത്തിന് ശേഷമാണ് അടുത്ത നിയമ ലംഘനം കണ്ടെത്തുന്നതെങ്കില്‍ അതു പുതിയ നിയമ ലംഘനമായി കണക്കാക്കും. ഈ അവസരത്തില്‍ ഇരട്ടി പിഴ ഈടാക്കില്ല.
നിയമ ലംഘനം നടത്തിയതിന് നല്‍കപ്പെട്ട പിഴ ശിക്ഷ ന്യായമല്ല എന്ന് തൊഴിലുടമക്ക്‌ തോന്നുന്ന പക്ഷം 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാവുന്നതാണ്. എന്നാല്‍ അപ്പീല്‍ നല്‍കി എന്ന കാരണത്താല്‍ പിഴ ശിക്ഷ താല്‍ക്കാലികമായോ സ്ഥിരമായോ റദ്ദാക്കപ്പെടില്ല. എന്നാല്‍ തൊഴില്‍  മന്ത്രാലയ കമ്മിറ്റിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ പിഴ റദ്ദാക്കപ്പെടും.
പിഴയായി ഈടാക്കുന്ന സംഖ്യയുടെ 25 ശതമാനം നിയമ ലംഘനം അറിയിച്ചു കൊടുക്കുന്ന വ്യക്തിക്ക് തൊഴില്‍ മന്ത്രാലയം പ്രതിഫലമായി നല്‍കുന്നതാണ്.

pravasicorner.com

ചില പ്രത്യേക തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന് പ്രോല്‍സാഹിപ്പിക്കുന്നതിനുമായി വനിതാവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതു പോലെ തന്നെ ഫാക്ടറികള്‍, റീട്ടയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സ്ത്രീകളെ ജോലിക്ക് വെക്കുന്നവര്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അത് ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ഉണ്ടാകും. ഉദാഹരണമായി സ്വദേശി വനിതകള്‍ക്കായി നിര്‍ബന്ധമാക്കിയിട്ടുള്ള തസ്തികകളില്‍ പുരുഷ തൊഴിലാളിയെ നിയമിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ശിക്ഷ ലഭിക്കും. കൂടാതെ പ്രസ്തുത സ്ഥാപനം ഒരു ദിവസം അടച്ചിടെണ്ടി വരും.
ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന വനിതകളുടെ വസ്ത്രധാരണത്തിലെ നിബന്ധനകള്‍ തൊഴിലുടമകള്‍ നിര്‍ബന്ധമാക്കെണ്ടതാണ്. ഈ വനിതാ തൊഴിലാളികള്‍ മുഖപടം ധരിച്ചിരിക്കണം. അതു ധരിക്കണമെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ തൊഴിലിടത്തിലെ  തൊഴിലാളിക്ക് കാണാവുന്ന സ്ഥലത്ത് പതിച്ചിരിക്കണം. അല്ലാത്ത പക്ഷം 5000  റിയാല്‍ പിഴ നല്‍കണം. മുഖപടം ധരിക്കാത്ത വനിതാ തൊഴിലാളിക്ക് 1000 റിയാല്‍ പിഴയാണ് ശിക്ഷ. സ്വദേശി വനിതകള്‍ക്ക് മാത്രമല്ല എല്ലാ വനിതകള്‍ക്കും ഇത് നിര്‍ബന്ധമാണ്‌.
തൊഴില്‍ സ്ഥലങ്ങളില്‍ വനിതാ തൊഴിലാളികള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ തൊഴില്‍ നിയമ നിബന്ധനകള്‍ പ്രകാരം നല്‍കിയിരിക്കണം. ഇവ പാലിക്കാത്ത പക്ഷം 1000 റിയാല്‍ ആയിരിക്കും ശിക്ഷ. നിബന്ധനകള്‍ക്ക് വിരുദ്ധമായി രാത്രി സമയങ്ങളില്‍ വനിതാ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചാല്‍ 5000  റിയാല്‍ ആയിരിക്കും പിഴ ശിക്ഷ. 

 

You may have missed

Copy Protected by Chetan's WP-Copyprotect.