വാര്‍ഷിക അവധിയില്‍ വാരാന്ത്യ അവധി ഉള്‍പ്പെടുത്തരുതെന്ന് സൗദി തൊഴില്‍ മന്ത്രാലയം

 

 

 

വാരാന്ത്യത്തില്‍ തൊഴിലാളിക്ക് നിയമപരമായി അനുവദിക്കേണ്ട അവധി വര്‍ഷാവസാനം തൊഴിലാളിക്ക് ലഭിക്കേണ്ട വാര്‍ഷിക അവധിയുടെ കൂടെ കണക്കാക്കരുതെന്നു സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഓരോ തൊഴിലാളിക്കും സൗദി തൊഴില്‍ നിയമം അനുസരിച്ച് വര്‍ഷത്തില്‍ 21 ദിവസം ശമ്പളത്തോട്‌ കൂടിയ അവധിക്ക് അര്‍ഹതയുണ്ട്. അഞ്ചു വര്‍ഷം വരെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. എന്നാല്‍ ഒരേ സ്ഥാപനത്തില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് 25 ദിവസം ശമ്പളത്തോട്‌ കൂടിയ വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്.
സൗദി തൊഴില്‍ നിയമ പ്രകാരം വാരാന്ത്യ അവധി തൊഴിലാളിക്ക് നിയമപരമായി തന്നെ തൊഴിലുടമ അനുവദിക്കേണ്ട ഔദ്യോഗിക അവധി ദിനമാണ്. ആ അവധിക്ക് തൊഴിലുടമ ശമ്പളവും നല്‍കണം. ഈ ദിവസത്തില്‍ തൊഴിലാളിയെ കൊണ്ട് ജോലിയെടുപ്പിക്കാനോ ഈ ദിവസത്തെ ശമ്പളം വെട്ടി കുറയ്ക്കാനോ തൊഴിലുടമക്ക്‌ അനുവാദമില്ല.
ഈ വാര്‍ഷിക അവധി ദിനങ്ങളില്‍ വാരാന്ത്യ അവധി ദിനവും കൂടി ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ സൗദി തൊഴില്‍ നിയത്തില്‍ ഇത് വരെ വ്യക്തത ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വാരാന്ത്യ അവധി ദിനം കൂടി വാര്‍ഷിക അവധിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കമ്പനികളും സ്ഥാപനങ്ങളും വാര്‍ഷിക അവധി അനുവദിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ മന്ത്രാലയത്തിനു ലഭിച്ചതിനെ തുടര്‍ന്നാണ്‌ വിശദീകരണം.
ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ വീണ്ടും ഉയര്‍ത്തും. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പിഴ അടക്കുന്നതിനു തൊഴിലുടമക്ക്‌ നിശ്ചിത സമയം അനുവദിക്കും. ഈ സമയ പരിധിക്കുള്ളില്‍ പിഴ സംഖ്യ അടക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ സംഖ്യ പിന്നെയും ഉയര്‍ത്തുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിക്കുന്നു. ഗുരുതരമായ കേസുകളില്‍ പ്രസ്തുത സ്ഥാപനം 30 ദിവസം വരെ അടച്ചിടാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കും. പിന്നെയും നിയമ ലംഘനം ആവര്‍ത്തിക്കുകയാനെങ്കില്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

 

You may have missed

Copy Protected by Chetan's WP-Copyprotect.