വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് രേഖകള്‍ നിര്‍ബന്ധം

0
3

Indian Passport

 

പാസ്പോര്‍ട്ട്‌ ലഭിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലളിതവല്‍ക്കരിച്ചുവെങ്കിലും ആവശ്യമായ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭ്യമാകൂ. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ തിരിച്ചറിയുന്നതിനുള്ള മൂന്നു രേഖകള്‍ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നീ മൂന്നു രേഖകളാണ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന് നിര്‍ബന്ധമായും ഉണ്ടാകേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു രേഖ ഇല്ലെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് എന്ന നടപടി ക്രമങ്ങള്‍ അപേക്ഷകന് ലഭ്യമാകില്ല. 
മാത്രമല്ല ഈ മൂന്നു രേഖകളുടെ കൂടെ തന്റെ പേരില്‍ യാതൊരു പോലീസ് കേസും നിലവിലില്ല എന്ന അഫിഡവിറ്റും അപേക്ഷകന്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കൂ. രേഖകള്‍ സമര്‍പ്പിച്ചാല്‍ ഫീസായ 1500 രൂപ കൂടി അടച്ചാല്‍ അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കും. മുന്‍പ് 3500 രൂപയായിരുന്നു വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായുള്ള തത്കാല്‍ നടപടിക്രമങ്ങള്‍ക്ക് അടക്കേണ്ടിയിരുന്നത്. 
പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തുന്ന അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും കൂടെ കരുതണം. ഒറിജിനല്‍ രേഖകളുമായി എത്തിയാല്‍ മതിയെന്നും പകര്‍പ്പുകള്‍ ആവശ്യമില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ പകര്‍പ്പുകള്‍ അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
അപേക്ഷകന് അഭിമുഖത്തിനായുള്ള തിയ്യതികള്‍ തിരഞ്ഞെടുക്കാന്‍ പുതിയ നടപടി ക്രമങ്ങള്‍ പ്രകാരം കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ട്.  അപേക്ഷകന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയാല്‍ അഭിമുഖത്തിനായി സേവാ കേന്ദ്രത്തിലെത്താന്‍ മുന്‍പ് നല്‍കിയിരുന്ന രണ്ടു തിയ്യതികള്‍ക്ക് പകരമായി ഇനി മുതല്‍ അഞ്ചു തിയ്യത്കളില്‍ നല്‍കും. ഇതില്‍ ഏതെങ്കിലും ഒരു തിയ്യതി അപേക്ഷകന് തിരഞ്ഞെടുക്കാം. എന്നാല്‍ അപേക്ഷകന് തിയ്യതി മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. അപേക്ഷകന്‍ നേരിട്ട് എത്തേണ്ട സമയം തീരുമാനിക്കുക പാസ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ ആയിരിക്കും.  
ശാരീരിക അവശതകളും വെല്ലുവിളികളും ഉള്ള അപേക്ഷകര്‍ക്ക്‌ കൂടിക്കാഴ്ച്ചക്കായി പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. ഓണ്‍ ലൈനായി അപേക്ഷിച്ച് കഴിഞ്ഞാല്‍ അതിന്റെ പ്രിന്റ്‌ ഔട്ടുമായി അവര്‍ക്ക് നേരിട്ട് സേവാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം.