«

»

Print this Post

സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ കൂടുതല്‍ പിരിച്ചു വിടലിന് സാധ്യത……

sbg

 

സൗദി അറേബ്യ: കഴിഞ്ഞ ദിവസങ്ങളില്‍ 50,000 വിദേശ തൊഴിലാളികളെ പിരിച്ചു വിട്ട രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സൗദി ബിന്‍ ലാദിന്‍ കമ്പനിയില്‍ നിന്നും കൂടുതല്‍ തൊഴിലാളികളെ വരും ദിവസങ്ങളില്‍ പിരിച്ചു വിടാന്‍ സാധ്യത. പിരിച്ചു വിടല്‍ എല്ലാ വിഭാഗം തൊഴിലാളികളെയും ബാധിക്കും എന്നാണ് വ്യക്തമാകുന്നത്.
ജി.സി.സി യില്‍ നിര്‍മ്മാണ ജോലികള്‍ ചെയ്തു വരുന്ന ഭീമന്‍ കമ്പനിക്കു രാജ്യത്ത് ആറു ഡിവിഷനുകള്‍ ആണുള്ളത്. അതില്‍ എ.ബി.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ക്കിടെക്ചറല്‍ ആന്‍ഡ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ നിന്നുള്ള തൊഴിലാളികളാണ് പിരിച്ചു വിടപ്പെട്ടവരില്‍ അധികവും. എന്‍ജിനീയര്‍, ഫോര്‍മാന്‍, സ്റ്റീല്‍ ഫിക്സര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ വിഭാഗങ്ങളില്‍ ഉള്ള തൊഴിലാളികളാണ് ഇപ്പോള്‍ പിരിച്ചു വിടലിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.
കമ്പനി ചെയ്തു കൊണ്ടിരുന്ന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയായതാണ്‌ തൊഴിലാളികളെ പിരിച്ചു വിടാന്‍ കാരണമായി മാനെജ്മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മക്കയിലെ ക്ലോക്ക് ടവറും, വിശുദ്ധ ഹറാമിലെ വിപുലീകരണവും അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തിയായതോടെ അധികമായി വരുന്ന തൊഴിലാളികളെ പിരിച്ചു വിടുകയായിരുന്നെത്രേ. മതാഫിന്റെ വിപുലീകരണ പദ്ധതി അവസാന ഘട്ടത്തിലാണ്. അത് കഴിയുന്നതോടെ കൂടുതല്‍ പിരിച്ചു വിടലുകള്‍ ഉണ്ടായേക്കാം.
എന്നാല്‍ കുറെ കാലമായി തുടരുന്ന എണ്ണ വിലയിടിവും  രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വന്ന കര്‍ശനമായ മാറ്റങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നതും മക്ക ഹറാമിലെ കമ്പനിയുടെ പദ്ധതിയില്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുമാണ് പിരിച്ചു വിടലിലേക്ക് നയിച്ചതെന്ന് അനൌദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. മക്ക ദുരന്തത്തില്‍ 107  പേര്‍ മരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ എടുക്കുകയും അന്വേഷണത്തില്‍ കമ്പനിയുടെ എന്‍ജിനീയര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യ വിലോപം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിയുടെ പദ്ധതികളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയത്.   
പിരിച്ചു വിട്ട തൊഴിലാളികളുടെ പേര് വിവരങ്ങള്‍ കമ്പനിയുടെ വിവിധ പ്രോജക്റ്റുകളിലെ ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ പേരുള്ളവര്‍ അതാത് പ്രോജക്റ്റുകളിലെ ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടമാരുമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം.   
മക്കയിലെയും ജിദ്ദയിലെയും പദ്ധതികളില്‍ നിന്ന് ജോലി നഷ്ടപ്പെടുന്ന കമ്പനി തൊഴിലാളികള്‍ക്ക് തിരഞ്ഞെടുക്കാന്‍ നാല് അവസരങ്ങള്‍ കമ്പനി നല്‍കുന്നതായി തൊഴിലാളികള്‍ വ്യക്തമാക്കുന്നു. മറ്റൊരു പദ്ധതി ലഭിക്കുന്നത് വരെ തൊഴിലാളികള്‍ ശമ്പളമില്ലാതെ വീടുകളിലും ക്യാമ്പുകളിലും കഴിഞ്ഞു കൂടുക, കമ്പനിയില്‍ നിന്നും റിലീസ് പേപ്പര്‍ വാങ്ങി രാജ്യത്തെ മറ്റു തൊഴിലുടമകളില്‍ നിന്നും തൊഴില്‍ കണ്ടെത്തുക, കമ്പനിയുടെ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന പദ്ധതികളിലേക്ക് മാറുക, ആനുകൂല്യങ്ങള്‍ വാങ്ങി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് മടങ്ങുക. ഇതില്‍ ഏതെങ്കിലും ഒന്ന് തൊഴിലാളിക്ക് തിരഞ്ഞെടുക്കാം.
അതേ സമയം മറ്റ് കമ്പനികളില്‍ നിന്നും സബ് കോണ്ട്രാക്റ്റ് മുഖേന ജോലി ചെയ്യുന്ന പുറമെയുള്ള തൊഴിലാളികള്‍ക്ക് നാല് മാസത്തെ ശമ്പളം കമ്പനി നല്‍കാത്തതാണ് കമ്പനി ഓഫീസുകളില്‍ കുത്തിയിരിപ്പിനും പ്രശ്നങ്ങള്‍ക്കും കാരണമാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ അന്താരാഷ്ട്രാ വിമാനതാവളത്തില്‍ ഉപകരാറിലൂടെ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ക്ക് കമ്പനി ശമ്പളം നല്‍കാനുണ്ട്. ശമ്പളം ലഭിക്കാത്തതില്‍ അസന്തുഷ്ടരായ തൊഴിലാളികള്‍ ജോലി സ്ഥലത്ത് പ്രോജക്റ്റ് മാനേജര്‍മാര്‍ അടക്കമുള്ള കമ്പനി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=18325

Copy Protected by Chetan's WP-Copyprotect.