«

»

Print this Post

സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച പ്രതീക്ഷിക്കപ്പെട്ടത്‌….

sb

 

സൗദി അറേബ്യ: രാജ്യത്തെ ഭീമന്‍ നിര്‍മ്മാണ കമ്പനിയായ സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച ബിസിനസ് വൃത്തങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എണ്ണ വിലയിടിവ് മൂലം പൊതു മേഖലയിലേക്കും അടിസ്ഥാന സൌകര്യ വികസന മേഖലയിലേക്കും സര്‍ക്കാര്‍ പണത്തിന്റെ ലഭ്യത കുറഞ്ഞത് രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കൂടാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കമ്പനികള്‍ക്ക് കൃത്യമായി കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം അനേക മാസങ്ങള്‍ വൈകുന്നത് നിര്‍മ്മാണ കമ്പനികളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്നു. ഇത് മൂലം നിര്‍മ്മാണ കമ്പനികളുടെ നിലനില്‍പ്പ്‌ അപകടത്തിലാണെന്ന് സൗദി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ്‌ ഇന്ഡസ്ട്രി പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ അല്‍ സാമില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് തുറന്ന കത്തിലൂടെ അറിയിച്ചിരുന്നു. എണ്ണമേഖലയിലെ സര്‍ക്കാര്‍ നിയന്ത്രിത കമ്പനികളായ ആരാംകോ, സാബിക് എന്നിവകളില്‍ നിന്നും കരാറുകാര്‍ക്ക് ലഭിക്കേണ്ട പ്രതിഫലങ്ങള്‍ അനിശ്ചിതമായി നീളുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടും. രാജ്യത്തെ അനേകം നിര്‍മ്മാണ – കരാര്‍ കമ്പനികള്‍ സമാനമായ അവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ ഈ മേഖലകളിലെ കൂടുതല്‍ കമ്പനികളുടെ പ്രതിസന്ധി കഥകള്‍ പുറത്തു വന്നേക്കാം.    
ലോകത്തിലെ തന്നെയുള്ള ഭീമന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് സൗദി ബിന്‍ ലാദിന്‍ കമ്പനി. 1931 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയുടെ ഹെഡ് ഓഫീസ് ജിദ്ദയിലാണ്. സൗദി രാജകുടുംബവുമായി ദശകങ്ങളോളം അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനി ആ സ്വാധീനം ഉപയോഗിച്ചാണ് രാജ്യത്തെ പ്രധാന പദ്ധതികളില്‍ പങ്കാളിയായത്. കമ്പനിയുടെ സ്ഥാപകനായ മുഹമ്മദ്‌ ബിന്‍ ലാദിന്റെ മകനാണ് കൊല്ലപ്പെട്ട അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദിന്‍. ഭീകര ബന്ധം പുറത്തായപ്പോള്‍ ഒസാമയുമായുള്ള ബന്ധം 1990 കളില്‍ തന്നെ ബിന്‍ ലാദിന്‍ കുടുംബം അവസാനിപ്പിച്ചിരുന്നു.
സൗദിയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതികളില്‍ ഭൂരിഭാഗവും ചെയ്തു തീര്‍ത്തിരിക്കുന്നത് ബിന്‍ ലാദിന്‍ കമ്പനിയാണ്. റോഡുകള്‍, ടണലുകള്‍, വിമാന താവളങ്ങള്‍, യൂണിവേഴ്സിറ്റികള്‍, ഹോട്ടലുകള്‍ തുടങ്ങി ആയിരക്കണക്കിന് പദ്ധതികള്‍ ചെയ്തു തീര്‍ത്തിരുന്നു. കൂടാതെ മക്കയിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചതും മതാഫിന്‍റെ വിപുലീകരണം നിര്‍വഹിക്കുന്നതും ബിന്‍ ലാദിന്‍ കമ്പനിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ഖ്യാതി കരസ്ഥമാക്കാന്‍ പോകുന്ന കിങ്ഡം ടവറിന്റെ പ്രധാന കരാറുകാര്‍ ബിന്‍ ലാദിന്‍ കമ്പനിയാണ്. ഇതിന്റെ നിര്‍മ്മാണ ജോലികള്‍ ജിദ്ദയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്ഷം മക്കയിലെ വിശുദ്ധ ഹറാമില്‍ സംഭവിച്ച ക്രയിന്‍ അപകടമാണ് കമ്പനിയുടെ അധപതനത്തിന് തുടക്കമിട്ടത്. ഭീമാകാരമായ ക്രെയിന്‍ കാറ്റില്‍ ഉലഞ്ഞു വിശുദ്ധ ഹറാമിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ 107 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനകളില്‍ കമ്പനിയുടെ 14 എന്‍ജിനീയര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പദ്ധതികളുടെ നിര്‍മ്മാണ വേളകളില്‍ നിര്‍ബന്ധമാക്കപ്പെട്ട സുരക്ഷാ ക്രമീകരങ്ങള്‍ പലതും കമ്പനി കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്ന് പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് കമ്പനിക്കു വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ രണ്ടു ലക്ഷത്തില്‍ അധികം തൊഴിലാളികള്‍ ജോലിയെടുക്കുന്ന കമ്പനിയുടെ അധപതനവും തുടങ്ങി. പുതിയ കരാറുകള്‍ ലഭിക്കാത്തതിനാല്‍ നടന്നു കൊണ്ടിരിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അധികമാവുന്ന തൊഴിലാളികളെ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. കൂനിന്മേല്‍ കുരുവെന്ന പോലെ സൗദി തൊഴില്‍ നിയമത്തില്‍ വന്ന പുതിയ ഭേദഗതികള്‍ കമ്പനിയെ വിപരീതമായി ബാധിച്ചു. വിദേശികള്‍ക്ക് പകരമായി നിയമ പ്രകാരമുള്ള സൗദി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കമ്പനിക്കു സാധിച്ചില്ല. പദ്ധതികളുടെ പ്രതിഫലം വൈകിയതോടെ നില നിര്‍ത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയ അവസ്ഥയുണ്ടായി. തുടര്‍ന്ന് അധികമായി വന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ കമ്പനി അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
പുറത്താക്കപ്പെട്ട തൊഴിലാളികളുടെ സേവനാനതര ആനുകൂല്യങ്ങളും മുടങ്ങിയ ശമ്പളവും നല്‍കാനുള്ള പണം പോലും കമ്പനിയുടെ പക്കല്‍ ഇല്ലെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ ഫൈനല്‍ എക്സിറ്റ് ലഭിച്ച തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ജിദ്ദയിലെ അല്‍ സലാമയിലെ മുഖ്യ ഓഫീസിന് മുന്‍പിലും വിവിധ പ്രോജക്റ്റ് ഓഫീസുകളുടെ മുന്‍പിലും തൊഴിലാളികളുടെ പ്രതിഷധം ശക്തമായി. പലയിടത്തും മേലധികാരികളെ കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നതി. കുത്തിയിരിപ്പ് സമരങ്ങള്‍ അരങ്ങേറി.
കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ കഴിഞ്ഞ ദിവസം കമ്പനിയുടെ ഏഴു ബസ്സുകള്‍ അഗ്നിക്കിരയാക്കി. ആളപായം റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ലെന്ന് മക്കയിലെ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് സ്ഥിരീകരിച്ചു. പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ കാര്‍ തടുക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി വെള്ളിയാഴ്ച അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അപകടമാണെന്ന് കമ്പനി അധികൃതര്‍ പറയുമ്പോള്‍ പ്രതിഷേധിച്ച തൊഴിലാളികളുടെ മേല്‍ കാര്‍ കയറ്റുകയായിരുന്നെന്ന് തൊഴിലാളികളും ആരോപിക്കുന്നു. സംഭവത്തെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Permanent link to this article: http://pravasicorner.com/?p=18331

Copy Protected by Chetan's WP-Copyprotect.