«

»

Print this Post

സൗദി അറേബ്യ കൊല്ലപ്പെടുന്ന വിദേശികളുടെ അവകാശികള്ക്ക് ലഭിക്കേണ്ട ബ്ലഡ് മണി നിയമത്തില്‍ മാറ്റം വരുത്തുന്നു

 Saudi money

 

സൗദി അറേബ്യ: സൗദിയില്‍ കൊല്ലപ്പെടുന്ന വിദേശികളുടെ കുടുംബം യഥാ സമയം കോടതിയെ സമീപിച്ചില്ലെകില്‍ അവരുടെ നഷ്ട പരിഹാരത്തിനുള്ള അവകാശം സ്വയം വേണ്ടെന്നു വെച്ചതായി കണക്കാക്കപ്പെടുമെന്നു സൗദി നീതിന്യായ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കാലതാമസം വരുത്താതെ കോടതിയെ സമീപിക്കുകയോ അല്ലെങ്കില്‍ കോടതി നടപടികളില്‍ സമയത്തിന് ഹാജരാകാതിരിക്കുകയോ ചെയ്‌താല്‍ അവരുടെ നഷ്ട പരിഹാര അവകാശം സ്വയം നഷ്ടപ്പെടും.
കൊല്ലപ്പെട്ട വിദേശികളുടെ അവകാശികളുടെ സാന്നിധ്യത്തിന് കാത്തു നില്‍ക്കാതെ നിശ്ചിത സമയത്തിന് ശേഷം പൊതു നിയമ പ്രകാരം കുറ്റവാളികളെ ശിക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം വിദേശകാര്യ മന്ത്രാലയം എന്നിവയുടെ കൂട്ടായ തീരുമാനം. ഈ സാഹചര്യത്തില്‍ കൊല്ലപ്പട്ട വിദേശികളുടെ അവകാശികള്‍ക്ക് സ്വകാര്യ അവകാശ പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടും.  
സൗദി നിയമ പ്രകാരം പൊതു നിയമ പ്രകാരം കുറ്റവാളിക്ക് ശിക്ഷ വിധിച്ചാലും ദിയ(ബ്ലഡ് മണി) എന്ന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനുള്ള സ്വകാര്യ അവകാശമുണ്ട്. ദിയ ലഭിക്കുകയോ അല്ലെങ്കില്‍ ദിയ കൊല്ലപ്പെട്ടയാളുടെ അവകാശികള്‍ വേണ്ടന്നു വെക്കുകയോ ചെയ്‌താല്‍ മാത്രമേ കുറ്റവാളിക്ക് ജയില്‍ മോചനം സാധ്യമാകൂ. വാഹന്‍ അപകട കേസുകളിലും ദിയ നല്‍കേണ്ടതുണ്ട്. ക്രിമിനല്‍ നടപടി നിയമം വകുപ്പ് 17 പ്രകാരം സ്വകാര്യ അവകാശം നടപ്പിലായി കിട്ടാനുള്ള നിയമ നടപടികള്‍ ആരംഭിക്കേണ്ടത് കൊല്ലപ്പെട്ടയാളുടെ അവകാശികളാണ്. അപ്രകാരമല്ലാതെ സ്വകാര്യ അവകാശം ഉള്‍പ്പെടുന്ന കേസുകളില്‍ നടപടിക്രമങ്ങള്‍ തുടങ്ങരുതെന്ന് വകുപ്പ് 18 ഉം അനുശാസിക്കുന്നു.    
സൗദിയില്‍ വെച്ച് കൊല്ലപ്പെടുന്ന വിദേശികളുടെ  അവകാശികള്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് നിന്ന് കൊണ്ടോ അല്ലെങ്കില്‍ സൗദിയില്‍ അധികാര പത്രം നല്‍കി അഭിഭാഷകനെ ഏര്‍പ്പാടാക്കി കൊണ്ടോ നഷ്ട പരിഹാരത്തിനുള്ള അവകാശം ഉന്നയിക്കാനുള്ള അവസരം ലഭിക്കും.
കൊല്ലപ്പെട്ട വിദേശികളുടെ കുടുംബാംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് വിദേശികള്‍ ഉള്‍പ്പെടുന്ന കൊലപാതക കേസുകളുടെ കുറ്റപത്രം ബ്യൂറോ ഓഫ് പബ്ലിക് ഇന്‍വെസ്റ്റിഗെഷനില്‍ നിന്ന് ലഭിച്ചതിന് മൂന്നു മാസത്തിനുള്ളില്‍ തന്നെ നടപടികള്‍ ആരംഭിക്കാന്‍ കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും മൂന്നു മന്ത്രാലയങ്ങളും യോജിച്ച തീരുമാനം എടുത്തിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ കൊല്ലപ്പെട്ട വിദേശിയുടെ രാജ്യത്തെ നയതന്ത്ര കാര്യാലയം വഴി വിചാരണ തിയ്യതിയും മറ്റു വിവരങ്ങളും വിദേശ കാര്യ മന്ത്രാലയം അറിയിക്കും.
അറിയിപ്പ് ലഭിച്ചതിനു ശേഷം കോടതിയുടെ വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനു കൊല്ലപ്പെട്ടയാളുടെ അവകാശികള്‍ നേരിട്ട് എത്തുകയോ അല്ലെങ്കില്‍ അവരെ പ്രതിനിധീകരിക്കാനായി അഭിഭാഷകനെ ഏര്‍പ്പാടാക്കുകയോ ചെയ്യണം. അത്തരത്തില്‍ കോടതി നടപടികളില്‍ പ്രതിനിധീകരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സ്വകാര്യ നഷ്ട പരിഹാരത്തിനുള്ള അവകാശം നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ കോടതി പൊതു നിയമ പ്രകാരം കുറ്റവാളിയെ ശിക്ഷിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും.

pravasicorner.com

കൊല നടത്തിയ വ്യക്തി വിദേശിയാണെങ്കില്‍ പൊതു നിയമ പ്രകാരം അയാള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷ അനുഭവിച്ച ശേഷം കൊല്ലപ്പെട്ടയാളുടെ അവകാശികളുടെ നഷ്ട പരിഹാരത്തിനുള്ള സ്വകാര്യ അവകാശത്തിനു കാത്തു നില്‍ക്കാതെ അയാളെ സൗദിയില്‍ നിന്നും നാട് കടത്തും. കൊലപാതകി സൗദി പൌരനാനെങ്കില്‍ അയാളെ ജയില്‍ ശിക്ഷക്ക് ശേഷം സ്വതന്ത്രനാക്കും.
കുറ്റവാളി സ്വദേശി പൗരനാണെങ്കില്‍ അയാള്‍ ജയില്‍ കിടക്കുന്ന കാലയളവിനുള്ളിലും നഷ്ടപരിഹാരത്തിനുള്ള സ്വകാര്യ അവകാശം ഉയര്‍ത്താം. എന്നാല്‍ അയാള്‍ സ്വതന്ത്രനായാല്‍ ഈ അവസരം ലഭിക്കില്ല.

 

Permanent link to this article: http://pravasicorner.com/?p=18595

Copy Protected by Chetan's WP-Copyprotect.