എന്ത് കൊണ്ട് ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു ? എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?

സാമ്പത്തിക പ്രതിസന്ധി ഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്‍റെ ഭാഗമാണ്. പ്രവാസ ജീവിതത്തിനിടയില്‍ ഇതില്‍ നിന്നും കര കയറി സമ്പന്നരായവര്‍ വളരെ കുറിച്ച് മാത്രം. എഴുതപ്പെട്ട വിജയങ്ങള്‍ സമ്പന്നരായ പ്രവാസികളുടേത് മാത്രമാണ്. എത്രയോ ആട് ജീവിതങ്ങള്‍ കര കയറാനാവാതെ ഈ പ്രവാസ ഭൂമിയില്‍ ഹോമിക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമായിരിക്കും അത്.
എന്താണ് ഗള്‍ഫ് പ്രവാസികളുടെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണം ? എന്താണ് ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍? കോര്‍പറേഷറ്റ് ഫിനാന്‍ഷ്യല്‍ രംഗത്തെ പ്രമുഖനും കാപ് അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഓ മോഹനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്….
 
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് താങ്കളുടെ വിലയിരുത്തല്‍ എന്താണ് ? ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയുടെ അടിസ്ഥാനത്തില്‍ എങ്ങിനെ കാണാം ?
ഗള്‍ഫിലെ പ്രവാസികള്‍ ശമ്പളത്തെ മാത്രം അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ്. മറ്റൊരു വരുമാനവും കാണില്ല. മാസത്തില്‍ കിട്ടുന്ന ശമ്പളം പല ആവശ്യങ്ങള്‍ക്കും ചിലവഴിക്കേണ്ടി വരുന്നു. സമ്പാദ്യവും കാണില്ല. അതിനാല്‍ പ്രതിമാസം ലഭിക്കുന്ന ശമ്പളം ഒരു ദിവസം ഇല്ലാതായാല്‍ പലരുടെയും ജീവിതം വഴിമുട്ടും. ആത് കൊണ്ടാണ് ജോലി നഷ്ടപ്പെടുന്ന ഘട്ടം വരുമ്പോള്‍ പരിഭ്രാന്തരാകുന്നത്. പ്രവാസ ലോകത്തെ ജോലി ശാശ്വതമല്ലെന്നും എന്നെങ്കിലും മടങ്ങി പോകേണ്ടി വരുമെന്നും ഉള്ള ഉത്തമ ബോധ്യം ആദ്യം മനസ്സിലുണ്ടാകണം. അത് മനസ്സില്‍ വെച്ച് കൊണ്ടായിരിക്കണം സാമ്പത്തിക ജീവിതവും ചിട്ട്പ്പെടുത്തേണ്ടത്.
താങ്കളുടെ അഭ്പ്രായത്തില്‍ ഈ പ്രവാസ ലോകത്തില്‍ ഒരു ശരാശരി പ്രവാസി സാമ്പത്തികമായി സുരക്ഷിതനാണോ ?
പ്രവാസികളെ സംബന്ധിച്ചിടത്തോളം അവര്‍ എത്ര പണം ഉണ്ടാക്കുന്നു എന്നതിലല്ല കാര്യം. മറിച്ചു അവര്‍ക്ക് എത്ര പണം സൂക്ഷിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം. അവര്‍ ലഭിക്കുന്ന പണമെല്ലാം ചിലവഴിക്കുന്നത് സൃഷ്ടിപരമല്ലാത്ത ആവശ്യങ്ങള്‍ക്കാണ്. അത് കൊണ്ട് തന്നെ അവര്‍ക്ക് ശമ്പളമായി ലഭിക്കുന്ന പണത്തിനെ  മാത്രം ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നു. ഒരു മാസത്തെ ശമ്പളം ലഭിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ ചിലവുകള്‍ക്കും വീട്ടിലേക്കും ആവശ്യമുള്ള പണം മാറ്റിക്കഴിഞ്ഞാല്‍ പിനീട് മിച്ചമൊന്നും കാണില്ല. അടുത്തമാസത്തെ ശമ്പളം കിട്ടുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നു.
ശരാശരി പ്രവാസിയുടെ സാമ്പത്തിക സ്വഭാവത്തില്‍ ഏതു രീതിയിലുള്ള മാറ്റങ്ങളാണ് താങ്കളുടെ അഭിപ്രായത്തില്‍ വരുത്തേണ്ടത്?
പണം രണ്ടു തരമുണ്ട്. നേരിട്ടുള്ള വരുമാനവും മറ്റു നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനവും. പ്രവാസിയെ സംബന്ധിച്ചിടത്തോളം ശമ്പളം മാത്രമാണ് ആകെയുള്ള വരുമാനം. ലഭിക്കുന്ന ശമ്പളം വരുമാനം ലഭിക്കുന്ന നിക്ഷേപമാക്കി മാറ്റുക എന്നതാണ് ഒരു പ്രവാസിയുടെ പ്രധാന കടമ. ലഭിക്കുന്ന പണത്തിന്‍റെ ഒരു ഭാഗം ആദായം ലഭിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കുക എന്നത് തന്നെയാണ് ആകെയുള്ള പോംവഴി. നിക്ഷേപം ഏതു മാര്‍ഗത്തിലും ആകാം. ആദായം ലഭിക്കണമെന്നുള്ളത് തന്നെയാണ് നിക്ഷേപത്തിന്‍റെ മാനദണ്ഡം. അത്തരത്തില്‍ നിക്ഷേപിക്കുന്ന പണത്തില്‍ നിന്നും ചെറിയ ആദായം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും.
ഇവിടെ ഒരു സ്ഥിര വരുമാനം ഉള്ള ശരാശരി പ്രവാസിക്ക് അയാളുടെ ശമ്പളത്തില്‍ നിന്നും വലിയൊരു തുക നിക്ഷപമാക്കി മാറ്റാന്‍ സാധിക്കില്ല. സേവനാനനന്തര ആനുകൂല്യം കമ്പനി നല്‍കുമ്പോള്‍ ഈ മാറ്റി വെക്കലിന്റെ ആവശ്യമുണ്ടോ ?
ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളുടെ കമ്പനിക്ക് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനോ നിങ്ങളെ സമ്പന്നനാക്കാണോ ഉള്ള ബാധ്യതയില്ല. കമ്പനിയുടെ കടമ എല്ലാ മാസവും നിങ്ങളുടെ ശമ്പളം മുടങ്ങാതെ നല്‍കുക എന്തു മാത്രമാണ്. അത് നല്‍കിയാല്‍ കമ്പനിയുടെ ബാധ്യത അവസാനിച്ചു. ലഭിക്കുന്ന ശമ്പളം ഉപയോഗിച്ച് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ്. അത് എത്ര മാത്രം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി ജീവിതത്തിന്റെ സുരക്ഷിതത്വം. സേവനാനന്തര ആനുകൂല്യം ആപേക്ഷികമാണ്. പല കാരണങ്ങള്‍ കൊണ്ടും പിരിയുന്ന സമയത്ത് അതില്‍ കുറവ് സംഭവിക്കാം. ചിലപ്പോള്‍ കിട്ടിയില്ലെന്നും വരാം. അതിനാല്‍ സേവനാനന്തര ആനുകൂല്യത്തെ മാത്രം ആശ്രയിക്കുന്നത് വിഡ്ഢിത്തമാവും.
ഒരു പ്രവാസിയുടെ സാമ്പത്തിക സ്ഥിതി ഏതു തരത്തില്‍ സുരക്ഷിതം ആകണമെന്നാണ് താങ്കള്‍ വിവക്ഷിക്കുന്നത് ?
ഒരാളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരരമാകണമെങ്കില്‍ അയാളുടെ വരുമാനം അയാള്‍ക്ക്‌ ഉണ്ടാകുന്ന ചിലവിനേക്കാള്‍ കൂടുതലായിരിക്കണം. ശമ്പളമായി ലഭിക്കുന്ന പണം ഒരു ദിവസം ഇലാതായാല്‍ തന്നെ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് അയാളുടെ ചിലവുകള്‍ നടത്തിക്കൊണ്ട് പോകാന്‍ എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ അയാള്‍ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുകയുള്ളൂ. ആ രീതിയില്‍ ബുദ്ധിപരമായി നിക്ഷേപം നടത്താന്‍ അയാള്‍ക്ക്‌ സാധിക്കണം.
ഇന്നത്തെ ഗള്‍ഫ് പ്രവാസിയുടെ നിക്ഷേപ രീതി വിചിത്രമാണ്. ഒരു വീട് മാത്രമാണ് ഒരു പ്രവാസിയുടെ ആദ്യ ലക്‌ഷ്യം. വീട് മാത്രമാണ് നിക്ഷേപമെന്ന ചിന്താ രീതി മാറ്റുകയാണ് വേണ്ടത്. വീട് ആവശ്യമാണ്‌. അവശ്യ സൗകര്യങ്ങളുള്ള വീട് വേണ്ടത് തന്നെ. പക്ഷെ അതിനായി വന്‍ തോതില്‍ കടം വാങ്ങിയും ഭീമമായ ലോണ്‍ എടുത്തും ആ ലക്‌ഷ്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. കാരണം പിന്നീട് അയാള്‍ ആ കടത്തിന്റെ അടിമയാണ്. ആ കടം വീട്ടാന്‍ വേണ്ടി ശമ്പളത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നു. ചിലപ്പോള്‍ പണം കടം മേടിക്കേണ്ടി വരുന്നു. പലരും ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത് ഈ കടം വീട്ടാന്‍ വേണ്ടി മാത്രമായിര്‍ക്കും. അതിനിടയില്‍ സഹോദരിമാരുടെ വിവാഹം, കുട്ടികളുടെ പഠനം അത് പോലെ വിചാരിക്കാതെ വരുന്ന മറ്റു ചിലവുകള്‍ തുടങ്ങിയവ അയാളുടെ ജീവിതത്തെ തകിടം മരിക്കും. ആത് കൊണ്ട് മാത്രമാണ് പല പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തതും അല്ലെങ്കില്‍ പ്രവാസ ജീവിതത്തിന്റെ അന്ത്യ ഘട്ടത്തിലും രോഗം മാത്രം ബാക്കിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത്.
ആഡംബരങ്ങള്‍ നിറഞ്ഞ ഭവനങ്ങള്‍ അതിനു മാത്രം പണം ഉണ്ടെങ്കില്‍ മാത്രമേ നിര്‍മ്മിക്കാവൂ. അല്ലെങ്കില്‍ അത് നിങ്ങളെ കടക്കാരനാക്കും.. മാനസികമായി രോഗിയും. അടിസ്ഥാനപരമായി ഭൂമിക്കാണ് വില എന്ന് മനസ്സിലാക്കണം. വീടിന്റെ മൂല്യം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു കുറഞ്ഞു വരും. കടം വാങ്ങി വാങ്ങി ആഡംബര വീട് പണിതാല്‍ പിന്നീടുണ്ടാകുന്ന കടങ്ങളും മാനസിക സമ്മര്‍ദ്ദവും മൂലം പലപ്പോഴും ആ വീടിനെ തന്നെ നിങ്ങള്‍ വെറുക്കും.
ഏതു രീതിയിലുള്ള നിക്ഷേപ രീതിയാണ് പ്രവാസികള്‍ക്ക് ആവശ്യം? ഏതെങ്കിലും പ്രത്യേക രീതി നിര്‍ദ്ദേശിക്കാനുണ്ടോ?
അത് ആപേക്ഷികമാണ്. ഓരോ വ്യക്തിയും ആശ്രയിച്ചിരിക്കും നിക്ഷേപത്തിന്റെ രീതി. സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാം. മാനസികമായി മനസ്സിനെ കരുതുത്തുതാക്കുകയാണ് ആദ്യം വേണ്ടത്. എന്ത് തന്നെ വന്നാലും ഒരു നിശ്ചിത സംഖ്യ പ്രതിമാസം നിക്ഷേപത്തിനായി മാറ്റി വെക്കുമെന്ന് തീരുമാനമെടുക്കണം. സംഖ്യ എത്ര ചെറുതായാലും വിരോധമില്ല. പക്ഷെ ആ സംഖ്യ ശമ്പളം ലഭിക്കുമ്പോള്‍ തന്നെ മാറ്റി വെക്കണം. കാരണം എല്ലാ ചിലവുകള്‍ക്കും ശേഷം സംഖ്യ മാറ്റി വെക്കാന്‍ സാധിക്കില്ല. ഈ സംഖ്യ ബാങ്കിലോ കൈവശമോ സൂക്ഷിച്ചത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഈ സംഖ്യ പണമായി കൈവശം വെച്ചാല്‍ ചിലവായി പോകാന്‍ സാധ്യത ഉള്ളത് കൊണ്ട് അത് ചെറിയ സ്വര്‍ണ്ണ കോയിന്‍ ആയോ മറ്റോ സൂക്ഷിക്കുക. ആഭരണങ്ങള്‍ വാങ്ങരുത്. കാരണം അവ വില്‍ക്കുന്ന സമയത്ത് പല രീതിയിലും പണം കുറവായിട്ടയിരിക്കും ലഭിക്കുക. നല്ലൊരു സംഖ്യക്കുള്ള സ്വര്‍ണ്ണം ആകുമ്പോള്‍ ഈ കോയിനുകള്‍ വില്‍ക്ക്കുകയും ആദായം കിട്ടുന്ന ഇടങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യാം.  
പ്രവാസികളില്‍ ഭൂരിഭാഗവും പണം സുരക്ഷിതമാക്കാനുള്ള നിക്ഷേപങ്ങള്‍ മാത്രമാണ് നടത്തുന്നത്. അതില്‍ നിന്നും അവര്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ലാഭം കിട്ടുന്ന തരത്തില്‍ നിക്ഷേപിക്കണം. ഉദാഹരണമായി ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതില്‍ നിന്നും കിട്ടുന്ന വരുമാനം ഇന്നത്തെ വിലക്കയറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവായിരിക്കും. നാട്ടില്‍ വാടക ലഭ്ക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍ മുതല്‍ മുടക്കാം. ചെറിയ പ്ലോട്ടുകളാണ് ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിന് പറ്റിയത്. അതിനായി ബാങ്ക് ലോണ്‍ എടുക്കുന്നതിലും തെറ്റില്ല. കാരണം വാടക ഉപയോഗിച്ച് ലോണിന്റെ നല്ലൊരു ഭാഗം അടക്കാന്‍ സാധിക്കും. കാലക്രമേണ ഭൂമി സ്വന്തമാകുകയും ചെയ്യും. വാടക ലഭിക്കുന്ന വാഹനങ്ങള്‍ ആയാലും ഈ രീതി പ്രയോഗിക്കാം.
ഇത്തരം നിക്ഷേപ രീതികളിലേക്ക് എത്തുന്നതിനായി പ്രവാസികളെ മാനസികമായി സജ്ജരാക്കുന്നതിന് ഏതെങ്കിലും പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ ?
നിങ്ങളുടെ നിക്ഷേപം എന്ത് തന്നെ ആയാലും അതിനു നിങ്ങളുടെ കുടുംബത്തിന്റെ പരിപൂര്‍ണ്ണ സഹകരണം ആവശ്യമാണ്. നിങ്ങളുടെ വരുമാനവും സാമ്പത്തിക സ്ഥിതിയും വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അതിനു അനുസൃതമായി ജീവിത നിലവാരം ക്രമപ്പെടുത്താന്‍ അവരോടു ആവശ്യപ്പെടുകയും വേണം. ഭാവിയിലെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ നിക്ഷേപം തുടങ്ങണമെന്നും അതിനാല്‍ പൂര്‍ണ്ണ സഹകരണം ആവശ്യമാണെന്നും അവരെ ധരിപ്പിക്കുക. എങ്കില്‍ നിങ്ങള്ക്ക് സാമ്പത്തികമായി ഒരു പരിധി വരെ സുരക്ഷിതനാകാന്‍ സാധിക്കും. അല്ലാത്ത പക്ഷം തിരിച്ചു പോകുമ്പോള്‍ പ്രായവും രോഗങ്ങളും മാത്രമേ കൂടെ കാണൂ.  

You may have missed

Copy Protected by Chetan's WP-Copyprotect.