സൗദി അറേബ്യ: ഷെയര്‍ മാര്‍ക്കറ്റിലെ കൃത്രിമങ്ങളെ തുടര്‍ന്ന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ (സി എം എ) കനത്ത ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്ന മുഹമ്മദ് അല്‍ മോജില്‍ ഗ്രൂപ്പിന്റെ (MMG) ഡയരക്ടര്‍ ബോര്‍ഡ് ഒന്നടങ്കം രാജി വെച്ചു. കഴിഞ്ഞയാഴ്ച കമ്പനിയുടെ സ്ഥാപകനായ മുഹമ്മദ് അല്‍ മോജിലിനും ചെയര്മാന് ആദല്‍ അല്‍ മോജിലിനും അഞ്ചു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു ഉന്നത ഉദ്യോഗസ്ഥന് മൂന്നു വര്‍ഷം തടവും ലഭിച്ചിരുന്നു. കൂടാതെ 2800 കോടി രൂപ പിഴ അടക്കാനും സി എം എ നിര്‍ദ്ദേശിച്ചു.
ഡയരക്ടര്‍ ബോര്‍ഡിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ശക്തമായ തിരിച്ചു വരവിന്റെ പാതയിലായിരുന്നു ഏറെക്കാലം നഷ്ടത്തിലായിരുന്ന എം എം ജി. ഇതിനിടയിലാണ് കമ്പനിയുടെ അസ്ഥിവാരത്തെ തന്നെ കുളം തോണ്ടുന്ന തരത്തില്‍ അപ്രതീക്ഷിതവും പെട്റെന്നുമുള്ള സി എം എ യുടെ വിധി ഉണ്ടായത്. ഇത് ഡയരക്ടര്‍ ബോര്‍ഡിന് കനത്ത സമ്മര്‍ദ്ദം ഉണ്ടാക്കി.
ഡയരക്ടര്‍ ബോര്‍ഡ് രാജി വെക്കുന്നത് കമ്പനിയുടെ മുന്നോട്ടു പോക്ക് പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. കമ്പനിയുടെ 100 മില്യന്‍ റിയാല്‍ മൂല്യം വരുന്ന കരാറുകള്‍ ഇപ്പോഴും പാതി വഴിയിലാണ്. എങ്കിലും പുതിയ ബോര്‍ഡ് ഉണ്ടാക്കാനുള്ള പദ്ധതി ഉടനെ ഇല്ലെന്നും രാജി വെച്ച ഡയരക്ടര്‍ ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാവി നിശ്ചയിക്കേണ്ടത് ഓഹരി ഉടമകളും സി എം എ യുമാനെന്നു പ്രസ്താവനയില്‍ പറയുന്നു.
2012 ല്‍ കമ്പനി നഷ്ടത്തില്‍ ആയതിനെ തുടര്‍ന്ന് പുനസംഘടിപ്പിച്ച ഡയരക്ടര്‍ ബോര്‍ഡിലെ അംഗങ്ങളാണ് രാജി വെക്കുന്നത്. പുതിയ ബോര്‍ഡ് നിലവില്‍ വന്നതിനു ശേഷം കഴിഞ്ഞ നാല് വര്‍ഷത്തിനു ശേഷം ആദ്യമായി കമ്പനി ലാഭത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ഭീമമായ നഷ്ടം കുറച്ചു കൊണ്ട് വരാന്‍ സാധിച്ചു. സാബിക് അനുബന്ധ കമ്പനിയായ ഇബ്ന് റുഷ്ദുമായുള്ള തര്‍ക്കങ്ങള്‍ക്ക് തീരുമാനമായി. പുതിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചു തുടങ്ങി. നിര്‍മ്മാണ രംഗത്തെ എതിരാളികളായ സൗദി ബിന്‍ ലാദിന് ഗ്രൂപ്പ്, സൗദി ഓജര്‍ എന്നീ കമ്പനികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു.
രാജ്യത്തെ നിയമങ്ങള്‍ക്കു അനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്രാ തലത്തില്‍ സ്വീകാര്യമായ അക്കൌണ്ടിംഗ് രീതികള്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഫലമാണ് തങ്ങള്‍ക്കെതിരായ വിധിയെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.