കേരള സ്പോര്‍ട്സ് ലോട്ടറി ഗള്‍ഫില്‍ വില്‍ക്കാന്‍ നിയോഗിച്ച വി പി ഖാലീദ് ഇന്നും അജ്ഞാതന്‍

0
1
lottari

 

തിരുവനന്തപുരം സ്പോര്‍ട്സ് ലോട്ടറി ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തന്നെ തുടരുന്നു. പി. പി ഖാലീദ് എന്ന വ്യക്തിയെ ആയിരുന്നു സ്പോര്‍ട്സ് കൗണ്‍സില്‍ ഇതിനായി ചുമതലപ്പെടുത്തിയത്.
എന്നാല്‍ ഇയാള്‍ ആരാണെന്നോ ഏതു രാജ്യത്തേക്ക് ടിക്കറ്റുകള്‍ വില്‍ക്കാനാണ് ഇയാളെ എല്പ്പിച്ചതെന്നോ അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടില്ല. ഗുരുതരമായ ചട്ട ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. കേരള ഭാഗ്യക്കുറി അന്യ രാജ്യത്ത് വില്‍ക്കാന്‍ അനുമതിയില്ല. മാത്രമല്ല ഒരു സ്വകാര്യ വ്യക്തിയെ ഇക്കാര്യം ഏല്‍പ്പിച്ചത് അതിലും ഗുരുതരമായ ചട്ട ലംഘനമാണ്.
ഇയാളെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. എത്ര ടിക്കറ്റുകള്‍ വിറ്റുവെന്നോ എത്ര രൂപ അതില്‍ നിന്ന് ലഭിച്ചുവെന്നോ ഉള്ള കണക്കുകള്‍ എവിടെയും ലഭ്യമല്ല. ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ നിന്നാണ് ഇയാള്‍ക്ക് തുക കണ്ടെത്തിയതായി വെളിപ്പെട്ടത്.  
ഇയാള്‍ക്ക് ലോട്ടറി വിറ്റ വകയില്‍ കമ്മീഷനായി 4,24,560 രൂപ നല്‍കിയതായി മാത്രം കാണിച്ചിട്ടുണ്ട്. ഈ തുക ചെക്കായാണ് നല്‍കിയിരിക്കുന്നത്. ഈ തുക ഒരു വ്യക്തിക്ക് കമ്മീഷനായി മാത്രം നല്‍കണമെങ്കില്‍ അയാള്‍ 21,22,000 രൂപയുടെ ടിക്കറ്റ് വിറ്റിരിക്കണം. എന്നാല്‍ ഈ തുക എവിടെ പോയി എന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കായിക രംഗത്തിന്‍റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയായിരുന്നു സ്പോര്‍ട്സ് ലോട്ടറി അവതരിപ്പിച്ചത്. എല്ലാ പഞ്ചായത്തുകളിലും നീന്തല്‍ കുളങ്ങളും ഗ്രൌണ്ടുകളും നിര്‍മ്മിക്കാന്‍ വേണ്ടിയായിരുന്നു സ്പോര്‍ട്സ് ലോട്ടറി. എന്നാല്‍ ഇത് തികഞ്ഞ പരാജയമായിരുന്നു. ഒരു രൂപ പോലും സര്‍ക്കാരിന് ലാഭം കിട്ടിയില്ല എന്ന് മാത്രമല്ല ഒന്നര കോടി രൂപ ബാധ്യത കൂടി വരുത്തി വെച്ചു.
വിവാദങ്ങളില്‍ പെട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജ്ജ് രാജി വെച്ചതോടെയാണ് സ്പോര്‍ട്സ് ലോട്ടറി വിഷയം വീണ്ടും സജീവമാകുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്ന് അഞ്ചു ആവശ്യപ്പെട്ടത് സ്പോര്‍ട്സ് ലോട്ടറി അന്വേഷണ വിധേയമാക്കണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു. സ്പോര്‍ട്സ് ലോട്ടറി വിഷയം വീണ്ടും പൊന്തി വന്നതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന സി പി എം നേതാവ് ടി പി ദാസന്‍റെ സാധ്യതകള്‍ക്കും മങ്ങലേറ്റിട്ടുണ്ട്.