വിശുദ്ധ റമദാനില്‍ മദ്യ നിരോധനത്തില്‍ ദുബായ് ഇളവു വരുത്തി

0
1

dubai liquor

 

യു.എ.ഇ./ദുബായ്: ദുബൈയുടെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ റമദാന്‍ മാസത്തില്‍ പകല്‍ സമയത്തെ മദ്യ നിയന്ത്രണത്തില്‍ ഇളവു വരുത്തി. ടൂറിസ്റ്റുകളുടെ എണ്ണവും അവരില്‍ നിന്നും ലഭിക്കുന്ന വരുമാനവും കണക്കിലെടുത്താണ് ഈ നീക്കം. 
ദുബൈ ടൂറിസം ആന്‍ഡ് മാര്‍ക്കറ്റിംഗ് വകുപ്പിന്റെതാണ് തീരുമാനം. വിശുദ്ധ റമദാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്രസ്തുത നിയന്ത്രണങ്ങള്‍ അടങ്ങിയ സര്‍ക്കുലറുകള്‍ രാജ്യത്തെ മുഴുവന്‍ ഹോട്ടലുകള്‍ക്കും നൈറ്റ് ക്ലബ്ബുകള്‍ക്കും ലഭിച്ചിരുന്നു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പുറത്തു കാണാത്ത രീതിയില്‍ മാത്രമേ നടത്താവൂ എന്നായിരുന്നു നിര്‍ദ്ദേശം. ബാറുകളില്‍ സംഗീതം മിതമായ ശബ്ദത്തില്‍ മാത്രമേ ആകാവൂ എന്നും ബാറുകളുടെ ചില്ല് ജനാലകള്‍ പുറത്തു നിന്നും കാണാത്ത വിധത്തില്‍ മറക്കണമെന്നും നിയന്ത്രണമുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ദുബൈയില്‍ മദ്യം ലഭിക്കുന്നതിന് സൂര്യാസ്തമയം വരെ കാത്തിരിക്കണമെന്ന നിയമമാണ് നിലവില്‍ ഉണ്ടായിരുന്നത്. റമദാന്‍ നോമ്പ് തുറന്നതിനു ശേഷം മാത്രമേ ബിയര്‍, വൈന്‍, തുടങ്ങിയവ പോലും ലഭിക്കുമായിരുന്നുള്ളൂ. ഇക്കൊല്ലം ആദ്യമായാണ്‌ നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്നത്. 
ദുബൈക്ക് ടൂറിസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന ഗണ്യമായ വരുമാനത്തിന്റെ ഒരു പങ്ക് മദ്യ വില്‍പ്പനയില്‍ നിന്നാണ്. 30 മുതല്‍ 50 ശതമാനം വരെ നികുതിയായി മദ്യ ഉപഭോഗത്തില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. 2014 ല്‍ 67.2 മില്യന്‍ ലിറ്റര്‍ ബിയറും 20 മില്യന്‍ ലിറ്റര്‍ മദ്യവുമാണ് ദുബൈയില്‍ വിറ്റഴിക്കപ്പെട്ടത്.