സൗദിയിലുള്ള പ്രവാസിക്ക് നറുക്കെടുപ്പ് സമ്മാനം ലഭിച്ചുവെന്നറിയിച്ച് നാട്ടിലുള്ള മാതാപിതാക്കളില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തു

0
1

scam1

 

കൊല്ലം: സൗദി അറേബ്യയിലെ ജോലി ചെയ്യുന്ന മകന് അവിടുത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പില്‍ വന്‍ തുക സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചു നാട്ടിലെ മാതാപിതാക്കളില്‍ നിന്ന് മൂന്നര പവര സ്വര്‍ണ്ണം തട്ടിയെടുത്തു. സംഭവത്തില്‍ പുനലൂര്‍ പോലീസ് കേസെടുത്തു.
കരവാളൂര്‍ നെടുമലക്ക് സമീപമാണ് സംഭവം നടന്നത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന പ്രവാസിയുടെ മാതാപിതാക്കളാണ് കബളിപ്പിക്കലിനു ഇരയായത്. ജിദ്ദയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെ നറുക്കെടുപ്പില്‍ മകന് 12 ലക്ഷം രൂപ സമാനമായി ലഭിച്ചുവെന്ന് ഒരാള്‍ ഫോണിലൂടെ ഇയാളുടെ പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു. സമ്മാന തുക ലഭിക്കാന്‍ 17,000 രൂപ മുന്‍കൂറായി നല്‍കണമെന്നായിരുന്നു ആവശ്യം. പണവുമായി ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ മുന്നില്‍ എത്താനായിരുന്നു അജ്ഞാതന്‍റെ നിര്‍ദ്ദേശം.  
പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലെന്നു അറിയിച്ചപ്പോള്‍ ആഭരണങ്ങള്‍ ആയാലും മതിയെന്നായി. അത് പ്രകാരം ഭാര്യയുടെ വളയുമായി പ്രവാസിയുടെ പിതാവ് ആശുപത്രിയില്‍ എത്തുകയും അവിടെ കാത്തു നിന്നയാള്‍ക്ക് പണം കൈമാറുകയും ചെയ്തു. സ്വര്‍ണ്ണം വാങ്ങിയതിന് ശേഷം ടോക്കണ്‍ എന്ന് പറഞ്ഞു ഒരു കടലാസ് കഷണം ഏല്‍പ്പിക്കുകയും വൈകീട്ട് സമ്മാന തുകയുമായി എത്തുന്ന ആള്‍ക്ക് ഈ ടോക്കണ്‍ കൈമാറിയാല്‍ പണം ലഭിക്കുമെന്ന ഉറപ്പും നല്‍കി കാത്തു നിന്നയാള്‍ സ്ഥലം വിട്ടു.
രണ്ടു മണിക്കൂറിന് ശേഷം അജ്ഞാതന്‍ വീണ്ടും വിളിച്ചു 55,000 രൂപ കൂടി ആവശ്യപ്പെട്ടു. പണത്തിന് പകരം സ്വര്‍ണ്ണം സ്വീകരിക്കാമെന്ന് അജ്ഞാതന്‍ വീണ്ടും ഉറപ്പ് നല്‍കി. തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ പിതാവ് വീണ്ടും ഭാര്യയുടെ മാലയുമായി ആശുപത്രിയുടെ മുന്നില്‍ എത്തി മാല കാത്തു നിന്നയാള്‍ക്ക് കൈമാറി. ഇത്തവണ സ്വര്‍ണ്ണം സ്വീകരിക്കാന്‍ എത്തിയത് മറ്റൊരാളായിരുന്നു.
പറഞ്ഞ സമയത്തിന് ശേഷവും സമ്മാന തുകയുമായി ആളെത്താത്തതിനാല്‍ വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചുവെങ്കിലും നമ്പര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പ്രവാസിയുടെ മാതാപിതാക്കള്‍ പുനലൂര്‍ പോലീസ് സ്റ്റെഷനിലെത്തി പരാതി നല്‍കുകയായിരുന്നു.