«

»

Print this Post

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യു.എ.ഇ യിലെ പ്രവാസിക്ക് ജോലി നഷ്ടമാവില്ല

j

 

യു എ ഇ യില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വവും മാന്യമായ പരിഗണനയും അവകാശങ്ങളും ഉറപ്പു വരുത്തുക എന്ന ലക്‌ഷ്യം വെച്ചാണ് ഈ വര്ഷം ജനുവരിയില്‍ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്നത്.
എന്നിരുന്നാലും തൊഴിലാളിയുടെ യാതൊരു അവകാശങ്ങളെയും മാനിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതിനുള്ള അപകടകരങ്ങളായ ചില വകുപ്പുകള്‍ തൊഴില്‍ നിയമത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത്യന്തം ഗുരുതരമായ ഈ പിഴകള്‍ക്ക് നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ സാധിക്കും. തൊഴിലാളിയുടെ തന്നെ പെരുമാറ്റ വൈകല്യങ്ങളുടെയോ തെറ്റായ നടപടിക്രമങ്ങളുടെയോ ഭാഗമായി ഈ അപകടം തൊഴിലാളിക്ക് സംഭവിക്കാം. ഈ കാരണങ്ങള്‍ കൊണ്ട് ഒരു തൊഴിലാളിയെ അയാളുടെ ജോലിയില്‍  നിന്ന് നീക്കം ചെയ്യാന്‍ തൊഴിലുടമക്ക് അധികാരം നല്‍കുന്നു. അതിനാല്‍ തന്നെ ഈ കാരണങ്ങള്‍ തങ്ങളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ എല്ലാ തൊഴിലാളികളും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.
തൊഴില്‍ നിയമത്തിലെ വകുപ്പ് 120 ലാണ് ഈ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നത്. തൊഴില്‍ സ്ഥലത്ത് മാന്യത പുലര്‍ത്തുകയും അപമര്യാദയായി പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക എന്നത് ഏറ്റവും പ്രധാനമായ വസ്തുതയാണ്. ഒരു തൊഴിലാളി തന്റെ ജോലി സമയത്ത് സഹപ്രവര്‍ത്തകനേയോ മാനേജരെയോ, തൊഴിലുടമയെയോ, കയ്യേറ്റം ചെയ്താല് അയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടാം. അത് പോലെ ലഹരി മരുന്നുകളുടെയും മദ്യത്തിന്റെയും ഉപയോഗം തൊഴില്‍ സമയത്ത് ഒഴിവാക്കണം. ജോലി സമയത്ത് മദ്യമോ മയക്കു മരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ഉടനടി പിരിച്ചു വിടല്‍ ഉണ്ടാകും.
തൊഴില്‍ സമയത്ത് എന്ന പോലെ തന്നെ അല്ലാത്തപ്പോഴും തൊഴിലാളിയുടെ പെരുമാറ്റത്തിന് തൊഴില്‍ നിയമം വളരെ ശ്രദ്ധ നല്‍കുന്നുണ്ട്. സത്യത്തെയോ, സത്യസന്ധതയെയോ, പൊതു ധാര്‍മികതയെയോ ബാധിക്കുന്ന തരത്തിലുള്ള ഏതെന്കിലും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമായി ശിക്ഷിക്കപ്പെട്ടാല് അയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടാം.
തൊഴിലിടങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കുക എന്നതും കൃത്യമായി ജോലിക്ക് ഹാജരാകുക എന്നതും തൊഴിലാളിയുടെ കര്‍ത്തവ്യമാണ്. കാരണമില്ലാതെയുള്ള അവധികള്‍ പിരിച്ചു വിടാനുള്ള കാരണമാകും. ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായ ഏഴു ദിവസമോ 20 ഇടവിട്ടുള്ള ദിവസങ്ങളിലോ മതിയായ കാരണമില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുക എന്നത് അയാളെ പിരിച്ചു വിടാനുള്ള അധികാരം തൊഴിലുടമക്ക്‌ നല്‍കുന്നു.
തന്‍റെ തൊഴിലിന്റെയും സ്ഥാപനത്തിന്റെയും രഹസ്യാതമാകത ഇപ്പോഴും സൂക്ഷിക്കണം എന്നത് ഒരു തൊഴിലാളിയുടെ തൊഴില്‍പരവും ധാര്‍മികവുമായ ഉത്തരവാദിത്വമാണ്. തൊഴിലിനെ സംബന്ധിച്ച രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല് അത് ഗുരുതയമായ നിയമ ലംഘനമായാണ്‌ തൊഴില്‍ നിയമം കണക്കാക്കുന്നത്.
ജോലി സ്ഥലത്തെ സുരക്ഷ പരമ പ്രധാനമാണ്. ചിലപ്പോള്‍ ഏതെങ്കിലും ഒരു ജോലിക്കാരന്റെ അനാസ്ഥയോ അശ്രദ്ധയോ വലിയ അപകടത്തിലേക്ക് നയിച്ചെന്നു വരാം. അതിനാല്‍ ജോലിയെ സംബന്ധിക്കുന്നതോ ജോലി സ്ഥലത്തെ സംബന്ധിക്കുന്നതോ ആയ ഏതെന്കിലും തരത്തിലുള്ള സുരക്ഷയെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ തൊഴിലാളി നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇത് ലംഘിച്ചാല്‍ തൊഴിലാളിയെ പിരിച്ചു വിടാം. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ തൊഴില്‍ സ്ഥലത്ത് കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ് എന്ന് കൂടി നിയമം കൂട്ടി ചേര്‍ക്കുന്നുണ്ട്.
കൃത്രിമമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് ഒരാള്‍ ഒരു സ്ഥാപനത്തില്‍ ജോലി നേടിയിരിക്കുന്നത് എന്ന് പിന്നീട് തെളിഞ്ഞാല്‍ അയാളെ പിരിച്ചു വിടാം. തന്നെ കുറിച്ചോ തന്‍റെ മാതൃ രാജ്യത്തെക്കുറിച്ചോ ഉള്ള വ്യാജമായ രേഖകളോ, തന്‍റെ യോഗ്യതയെ കുറിച്ച് വ്യാജമായ സര്‍ട്ടിഫിക്കറ്റുകളോ ഉപയോഗിച്ചാണ് ജോലി നേടിയതെങ്കില്‍ ഗുരുതരാവസ്ഥ ഇരട്ടിക്കുന്നു.
തൊഴിലുടമക്ക്‌ സാരമായ സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്ന തരത്തിലുള്ള തെറ്റുകളോ പാകപിഴകളോ അപകടങ്ങളോ തൊഴിലാളിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാന്‍ പാടില്ല. ഇത് മറ്റൊരു ഗുരുതരമായ തൊഴില്‍ നിയമ ലംഘനമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ തൊഴിലുടമയുടെ മനപ്പൂര്‍വ്വമായ പകപോക്കലുകളില്‍ നിന്ന് തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ ഇവിടെ തൊഴില്‍ നിയമം തൊഴിലാളിയുടെ രക്ഷക്ക് എത്തുന്നുണ്ട്. സംഭവം നടന്നു 48 മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തെ പറ്റി തൊഴിലുടമ പ്രസ്തുത വിവരം തൊഴില്‍ വകുപ്പിനെ അറിയിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്.   
പ്രൊബേഷന്‍ കാലയളവ് എന്നാല്‍ പരിശീലന കാലയളവാണ്. പ്രൊബേഷന്‍ കാലയളവില്‍ ഉള്ള ഒരു തൊഴിലാളിയെ പ്രസ്തുത കാലത്തിനിടക്കോ അതിനു ശേഷമോ തൊഴിലുടമക്ക്‌ പിരിച്ചു വിടാം.
തന്റെ തൊഴില്‍ കരാര്‍ പാലിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. ഇതില്‍ യാതൊരു വിട്ടു വീഴ്ചയും തൊഴില്‍ നിയമം അനുവദിക്കുന്നില്ല. കരാര്‍ പ്രകാരമുള്ള പ്രാഥമികമായ കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തുകയും അതിനു ശേഷം രേഖാ മൂലമുള്ള മുന്നറിയിപ്പിനും അന്വേഷണത്തിനും ശേഷം പ്രസ്തുത തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്‌താല് പിന്നീട് അയാള്‍ക്ക്‌ രക്ഷപ്പെടാന്‍ സാധിക്കില്ല.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു തൊഴിലാളിക്ക് തന്‍റെ തൊഴില്‍ നിയമപരമായി സുരക്ഷിതമാക്കാനാകും. ഈ കാരണങ്ങളാല്‍ അല്ലാതെ ഒരു തൊഴിലാളിയെ നോട്ടീസ് നല്‍കാതെ പിരിച്ചു വിടരുതെന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=18975

Copy Protected by Chetans WP-Copyprotect.