വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നു

old1

 

തിരുവനന്തപുരം: മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ സംരക്ഷിക്കുന്നില്ല എന്ന് പരാതിപ്പെട്ടു കൊണ്ട് 2010 നു ശേഷം കേരളത്തിലെ വിവിധ ട്രിബ്യൂണലുകളിലായി 8568 കേസുകളാണ് മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കെതിരായി ഫയല്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസന്‍സ് സര്‍വീസ് കൗണ്‍സില്‍ എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങള്‍.  
പ്രായമായവരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് 2007 ല്‍ കൊണ്ട് വന്ന മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം – ക്ഷേമം നിയമ പ്രകാരമാണ് (Maintenance and Welfare of Parents and Senior Citizens Act, 2007) മക്കള്‍ക്കെതിരെ മാതാപിതാക്കള്‍ പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് കേസുകള്‍ ഫയല്‍ ചെയ്തത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 1826 കേസുകള്‍ ഇവിടെ ഫയല്‍ ചെയ്തു. 949 കേസുകളുമായി കൊച്ചി തൊട്ടു പിന്നിലാണ്. ആലപ്പുഴയില്‍ 802 കേസുകളും ഫയല്‍ ചെയ്തിരിക്കുന്നു.  
ഫയല്‍ ചെയ്ത മൊത്തം 8568 കേസുകളില്‍ 6793 എണ്ണം രമ്യമായ രീതിയില്‍ തീര്‍പ്പായി. തിരുവനന്തപുരം ട്രിബ്യൂണലില്‍ ഫയല്‍ ചെയ്ത പരാതികളില്‍ 1297 കേസുകളില്‍ രമ്യമായി തീര്‍പ്പാക്കാന്‍ സാധിച്ചു. കൊച്ചിയില്‍ 862 കേസുകളിലും തീര്‍പ്പായി. കേരളത്തില്‍ 241 കേസുകളില്‍ മാത്രമാണ് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുള്ളത്.
ഫയല്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും പരാതിക്കാരായ വൃദ്ധ ജനങ്ങള്‍ക്ക്‌ അനുകൂലമായ വിധികളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിധി നടപ്പാക്കാന്‍ പ്രായോഗികമായ സംവിധാനമില്ലാത്തത് ഇവരെ ആശയക്കുഴപ്പത്തിലാക്കുന്നു എന്ന് പരാതിയുണ്ട്. കേരളത്തില്‍ ആര്‍ ഡി ഒ കളുടെ കീഴിലാണ് 21 തൃബ്യൂനലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആര്‍ ഡി ഒ മാര്‍ക്ക് ഔദ്യോഗികമായ തിരക്കുക ഏറെയുള്ളത് കൊണ്ട് കാര്യക്ഷമായ പ്രവര്‍ത്തനം സാധ്യമാകുന്നില്ല എന്നതും ഏറെക്കാലമായി നിലനില്‍ക്കുന്ന പരാതിയാണ്. 

 

You may have missed

Copy Protected by Chetan's WP-Copyprotect.