വിമാന കമ്പനികള്‍ക്ക് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സൗദി അറേബ്യ. വിമാനം വൈകിയാലും ലഗേജുകള്‍ നഷ്ടമായാലും യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കണം

air

 

സൗദി അറേബ്യ: രാജ്യത്തെ എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തി കൊണ്ട് പുതിയ വ്യോമയാന മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖക്ക് മന്ത്രാലയം രൂപം നല്‍കി. മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖക്ക് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി മേധാവി കൂടിയായ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ അംഗീകാരം ലഭിച്ചു. അഗസ്റ് 11  മുതല്‍ ഇത് നിലവില്‍ വരും.
മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖയിലെ നിബന്ധനകള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്ക് 10,000 മുതല്‍ 25,000 റിയാല്‍ വരെ പിഴ ചുമത്തും. യാത്രക്കാര്‍ എയര്‍ലൈന്‍ കമ്പനിയുടെ പിഴവ് മൂലം ആറു മണിക്കൂറില്‍ അധികം കാത്തിരിക്കേണ്ടി വരികയാണെങ്കില്‍ 370 റിയാല്‍ വീതം ഓരോ യാത്രക്കാരനും നല്‍കേണ്ടി വരും. യാത്രക്കാര്‍ക്ക് അടുത്ത വിമാന സൗകര്യം തയ്യാറാക്കുന്നത് വരെ താമസ സൗകര്യവും എയര്‍ലൈന്‍ കമ്പനികള്‍ നല്‍കണം.
ഇത്തരത്തില്‍ കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിക്കാനായി ശീതള പാനീയം നല്‍കണം. മൂന്ന് മണിക്കൂറില്‍ അധികം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് ഭക്ഷണവും നല്‍കണം. വികലാംഗര്‍ക്ക് നിശ്ചയിക്കപ്പെട്ട സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍ ടിക്കറ്റ് ചാര്‍ജ്ജിന്റെ രണ്ടിരട്ടിയാണ് പിഴ നല്‍കേണ്ടി വരിക. 
എയര്‍ലൈന്‍ കമ്പനിയുടെ പിഴവ് മൂലം ബാഗേജുകള്‍ നഷ്ടമാകുന്ന യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ട പരിഹാരം നല്‍കണം. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാരന്‍ ഡൊമസ്റ്റിക് യാത്രക്കാരനാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 1700 റിയാലും അന്താരാഷ്ട്രാ യാത്രക്കാരനാണെങ്കില്‍ 2800 റിയാലും നല്‍കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖ നിഷ്കര്‍ഷിക്കുന്നു. പരമാവധി 5900 റിയാല്‍ വരെ നഷ്ട പരിഹാരം ലഭിക്കും.
മുന്‍ കൂട്ടി നിശ്ചയിച്ച് സര്‍വീസുകള്‍ രട്ടാക്കുകയാണെങ്കില്‍ 21 ദിവസം മുന്‍പെങ്കിലും യാത്രക്കാരെ വിവരം അറിയിക്കണം. നിയമാവലി ലംഘിക്കുന്ന വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരത്തിന് പുറമേ 10,000  മുതല്‍ 25,000 റിയാല്‍ വരെ വരുന്ന വന്‍ തുക പിഴയടക്കുകയും വേണം.  

 

You may have missed

Copy Protected by Chetan's WP-Copyprotect.