ദുബൈയില്‍ തെരുവിലെ ഐ ഫോണ്‍ തട്ടിപ്പ്, മലയാളിക്ക് പണം നഷ്ടമായി

0
2

 

ദുബൈ: ഫോണ്‍ തട്ടിപ്പില്‍ മലയാളിക്ക് 1000 ദിര്‍ഹം നഷ്ടമായി. ദുബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ ഷെയ്ക്ക് സായിദ് റോഡില്‍ വെച്ച് പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് തോന്നിക്കുന്ന ഒരു യുവാവ് തടഞ്ഞു നിര്‍ത്തി പണത്തിനായി അപേക്ഷിക്കുകയായിരുന്നു. താമസ സ്ഥലത്തിന്‍റെ വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ 1500 ദിര്‍ഹം നല്‍കി സഹായിക്കണമെന്നും പകരമായി 3,000 ദിര്‍ഹത്തോളം വില മതിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ നല്‍കാമെന്നും പറഞ്ഞു.
ഇത് കേട്ട മലയാളി യുവാവ് ഉടനെ പണം നല്‍കി ഫോണ്‍ കൈവശമാക്കുകയായിരുന്നു. പിന്നീട് റൂമിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 200 ദിര്‍ഹം പോലും വിലയില്ലാത്ത ചൈനീസ് നിര്‍മ്മിതമായ ഡ്യൂപ്ലിക്കേറ് ഫോണ്‍ ആണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.  
മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കാന്‍ യുവാവ് കൂട്ടാക്കിയില്ല. എങ്കിലും വിവരം പ്രസിദ്ധീകരിക്കണമെന്നും കൂടുതല്‍ പേര്‍ ചതിക്ക് ഇരയാവാതിരിക്കാന്‍ സഹായകരമാകും എന്നതിനാലാണ് വിവരം പുറത്തു പറയുന്നതെന്ന് തന്‍റെ പേര് വിവരങ്ങള്‍ പുറത്തു വിടരുതെന്ന അപേക്ഷയോടെ യുവാവ് പറഞ്ഞു.