സൗദി അറേബ്യ: ദമാമില്‍ സമയത്തിന് ശമ്പളം ലഭിക്കാതെ നിരവധി തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നതായി പരാതി. സാദ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കോണ്ട്രാക്ടിംഗ് കമ്പനിയിലെ തൊഴിലാളികളാണ് പരാതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്.
വിവിധ രാജ്യക്കാരായ 8000 ല്‍ അധികം തൊഴിലാളികള്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. റിയാദിലെ ഇന്ത്യന്‍ എംബസ്സിയെ വിവരം അറിയിച്ചുവെങ്കിലും വിഷയത്തില്‍ ഇന്ത്യന്‍ എംബസ്സി ഒന്നും തന്നെ ചെയ്യുന്നില്ല എന്നാണു തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
പലരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ട്. കാലാവധി കഴിയുന്നതിന് രണ്ടു മാസം മുന്‍പ് തന്നെ കമ്പനിയെ അറിയിച്ചിരുന്നതാണെങ്കിലും പുതുക്കാന്‍ ഇത് വരെ നടപടികളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനിടെ ചില തൊഴിലാളികള്‍ ദമ്മാമിലെ ലേബര്‍ കോടതിയില്‍ കമ്പനിക്കെതിരായി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യാക്കാരെ പോലെ തന്നെ ദുരിതത്തിലായ പാക്കിസ്ഥാനി പൗരന്മാര്ക്ക് റിയാദിലെ പാക്കിസ്ഥാന് എംബസ്സിയില്‍ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏതാണ്ട് 500 ഓളം പാക്കിസ്ഥാന് പൗരന്മാരും ദുരിതത്തില്‍ പെട്ടവരുടെ ഇടയിലുണ്ട്. പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എംബസ്സി ഉദ്യോഗസ്ഥര്‍ ദമാമില്‍ എത്തി ദുരിതത്തിലായ പാക്കിസ്ഥാനികളെ സന്ദര്‍ശിക്കുകയും ചെയ്തു. വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തെയും തൊഴില്‍ മന്ത്രാലയത്തെയും അറിയിക്കുമെന്നും ഉചിതമായ നടപടികള്‍ വേഗത്തില്‍ എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പാക്കിസ്ഥാന് പ്രസിഡന്റ് നവാസ് ഷെരീഫിന്റെ വക്താവ് ഇന്ന് പ്രസ്താവന നടത്തിയത് പാകിസ്താന് തൊഴിലാളികളില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.
കമ്പനിക്കു പലയിടങ്ങളില്‍ നിന്നും പണം ലഭിക്കാനുണ്ട് എന്നതാണ് ശമ്പളം മുടങ്ങാല് കാരണമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസം കമ്പനി ഉദ്യോഗസ്ഥന്മാരെ കണ്ടു ചര്‍ച്ച നടത്തിയ പാക്കിസ്ഥാന് എംബസ്സി ഉദ്യോഗസ്ഥന്മാര്ക്ക് ഉടനെ തന്നെ മുടങ്ങി കിടക്കുന്ന ശമ്പളം കൊടുത്തു തീര്‍ക്കാമെന്ന് കമ്പനി ഉറപ്പു നല്‍കിയെങ്കിലും ഇത് വരെ ആശാവഹമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ചെറിയ പെരുന്നാള്‍ ആയി തങ്ങളും കുടുംബങ്ങളും പട്ടിണിയിലാണെന്ന് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ പറയുന്നു. തങ്ങള്‍ക്കായി ഏതെങ്കിലും തരത്തിലുള്ള ഉന്നത തല ഇടപെടല്‍ ഉണ്ടാകുമെന്നാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. വിദേശകാര്യ മന്ത്രാലയോ ഇന്ത്യന്‍ എംബസ്സിയോ തങ്ങളുടെ സഹായത്തിനായി ഉടനെ എത്തിയില്ലെങ്കില്‍ തങ്ങളുടെ യാതനകള്‍ ഇരട്ടിക്കുമെന്നാണ് ഇന്ത്യന്‍ തൊഴിലാളികള്‍ പറയുന്നത്.